വിജിലന്‍സ് ചമഞ്ഞ് കവര്‍ച്ച: ഹാലിം ഉള്‍പ്പെടെ രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി

പെരുമ്പാവൂര്‍: വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പുനടത്തിയ കേസില്‍ തീവ്രവാദക്കേസ് പ്രതി അബ്ദുല്‍ ഹാലിം ഉള്‍പ്പെടെ രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പാറപ്പുറം പാളി സിദ്ദീഖിന്‍െറ വീട്ടില്‍നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ കണ്ണൂര്‍ വടക്കേ തെരുവുഭാഗത്ത് താഴകത്ത് വീട്ടില്‍ അബ്ദുല്‍ ഹാലിം (39), പൊന്നാനി വെളിയങ്കോട് പാലപ്പെട്ടി തണ്ണിതുറക്കല്‍ വീട്ടില്‍ ഷംനാദ് (27) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ കിട്ടുന്നതിന് പൊലീസ് വെള്ളിയാഴ്ച അപേക്ഷ സമര്‍പ്പിക്കും. ഹാലിം രണ്ടാം പ്രതിയും ഷംനാദ് നാലാം പ്രതിയുമാണ്. ഷംനാദിന് കേസില്‍ നേരിട്ട് ബന്ധമില്ളെന്ന് പൊലീസ് പറഞ്ഞു.

രണ്ട് സംഘമായാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. കവര്‍ച്ചക്കുമുമ്പും ശേഷവും രണ്ട് സംഘവും വെവ്വേറെയാണ് സഞ്ചരിച്ചത്. ഇവര്‍ക്ക് പരസ്പരം വിവരം കൈമാറിയിരുന്നത് ഷംനാദാണ്. കവര്‍ച്ചസംഘം ഉപയോഗിച്ച ഇന്നോവ കാറും സ്വര്‍ണം കൊണ്ടുപോയ ബാഗും പൊലീസ് കണ്ടെടുത്തു. സ്വര്‍ണം മാറ്റിയ ശേഷം ബാഗ് കല്ലുനിറച്ച് ആലുവ മംഗലപ്പുഴ ഭാഗത്ത് പെരിയാറില്‍ കെട്ടിത്താഴ്ത്തുകയായിരുന്നു. ഹാലിമും ഷംനാദും നല്‍കിയ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ ബുധനാഴ്ചയാണ് മുങ്ങല്‍ വിദഗ്ധന്‍ ബാഗ് കണ്ടെടുത്തത്. സ്വര്‍ണം സൂക്ഷിച്ചിരുന്ന ചെറിയ പെട്ടികളും സിദ്ദീഖിന്‍െറ ബാങ്ക് പാസ്ബുക്കും കെ.എസ്.എഫ്.ഇയുടെ ചിട്ടി പാസ് ബുക്കും ഒരുതാഴും ബാഗില്‍നിന്ന് ലഭിച്ചു. എന്നാല്‍, സ്വര്‍ണം കണ്ടെടുക്കാനായില്ല. സ്വര്‍ണം നെടുമ്പാശ്ശേരിയിലെ ഒരു ജ്വല്ലറിയില്‍ തൂക്കിനോക്കിയതായി പ്രതികള്‍ സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു.

ഇന്നോവ കാര്‍ കണ്ണൂരില്‍നിന്ന് വാടകക്കെടുത്തതാണ്. കാറില്‍ വ്യാജനമ്പര്‍ പതിപ്പിച്ചാണ് കവര്‍ച്ചക്ക് എത്തിയത്. തിരിച്ചുപോകുമ്പോള്‍ നമ്പര്‍ മാറ്റുകയായിരുന്നു. കാറിന്‍െറ വിവരം ലഭിച്ചത് പറവൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ സ്ഥാപിച്ച സി.സി ടി.വി കാമറയില്‍നിന്നാണ്. കാറിലിരിക്കുന്ന പ്രതികളുടെ ദൃശ്യങ്ങളും ഇതില്‍ വ്യക്തമായിരുന്നു. കവര്‍ച്ചക്കുശേഷം ഉടമക്ക് തിരിച്ചുനല്‍കിയ കാര്‍ വാടകക്കെടുത്ത മറ്റൊരു സംഘം വിനോദയാത്രക്ക് മൂന്നാറില്‍ പോയി എറണാകുളത്തേക്ക് മടങ്ങുംവഴി പ്രമുഖ ഷോപ്പിങ് മാളിന് സമീപത്തുനിന്നാണ് പിടികൂടിയത്. ഹാലിമും ഷംനാദും പിടിയിലായതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. എറണാകുളം സ്വദേശിയുള്‍പ്പെടെ രണ്ടുപേരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

നേരത്തേ അറസ്റ്റിലായ പെരുമ്പാവൂര്‍ എം.എച്ച് കവല ചെന്താര വീട്ടില്‍ അജിംസ്, കോട്ടപ്പുറം ആലങ്ങാട് മുത്തങ്ങല്‍ വീട്ടില്‍ സനൂപ്, കടുങ്ങല്ലൂര്‍ മുപ്പത്തടം വട്ടപ്പനപറമ്പില്‍ റഹീസ് എന്നിവരെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. മൊത്തം 14 പ്രതികളാണുള്ളത്. ഷംനാദ് പെരുമ്പടപ്പ് സ്റ്റേഷനില്‍ 16 കേസുകളില്‍ പ്രതിയും  ഗുണ്ടാ ലിസ്റ്റില്‍പെട്ട ആളുമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.