തിരുവനന്തപുരം: തിരുവനന്തപുരം-ചെന്നൈ ലൈനില്‍ ഡബ്ള്‍ ഡെക്കര്‍ ട്രെയിന്‍ സര്‍വിസ് ഏര്‍പ്പെടുത്തുന്നതിന് സാധ്യതാപഠനം തുടങ്ങുന്നു. രാജ്യത്തെ ആദ്യ ഡബ്ള്‍ ഡെക്കര്‍ സര്‍വിസായ ഹൗറ-ധന്‍ബാദ് മാതൃകയിലാണ് ഇത് നടപ്പാക്കാനുദ്ദേശിക്കുന്നതെങ്കിലും ലൈന്‍ കടന്നുപോകുന്ന മേഖലയുടെ ഭൂമിശാസ്ത്ര സവിശേഷതകൂടി മനസ്സിലാക്കാനാണ് സാധ്യതാ പഠനം. നിലവിലെ റെയില്‍വേ ലൈനുകളില്‍ക്കൂടി ഡബ്ള്‍ ഡെക്കര്‍ സര്‍വിസ് നടത്താനാകും. അതേസമയം, ഉയര്‍ന്ന ശേഷിയുള്ള വൈദ്യുതി ലഭ്യതക്കുപുറമെ പാലങ്ങളും തുരങ്കങ്ങളും വരുന്നഭാഗങ്ങളില്‍ ഡബ്ള്‍ ഡെക്കറുകള്‍ക്ക് സഞ്ചരിക്കാന്‍ മതിയായ ഉയരം ലഭിക്കുമോ എന്നതും പരിശോധിക്കും. ഇക്കാര്യങ്ങള്‍കൂടി വിലയിരുത്തിയശേഷമാകും കോച്ചുകളുടെ രൂപകല്‍പനയും നിര്‍മാണവും. സ്ഥലപരിമിതിമൂലം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ വീര്‍പ്പുമുട്ടുന്ന സാഹചര്യത്തില്‍ കൊച്ചുവേളിയില്‍നിന്നാകും സര്‍വിസ് ആരംഭിക്കുക. വളഞ്ഞ പ്ളാറ്റ്ഫോമുകളുള്ള സ്റ്റേഷനുകളില്‍ ഡബ്ള്‍ ഡെക്കറുകള്‍ക്ക് പ്രവേശിക്കാനാവില്ല. തിരുവനന്തപുരം-ചെന്നൈ ലൈനില്‍ ഇത്തരത്തില്‍ നിരവധി സ്റ്റേഷനുകളുണ്ടെന്നാണ് കണക്ക്. അനിവാര്യമായും സ്റ്റോപ് അനുവദിക്കേണ്ട ഇത്തരം സ്റ്റേഷനുകളില്‍ പ്ളാറ്റ്ഫോമിന്‍െറ പുന$ക്രമീകരണമടക്കം സാധ്യതാപഠനത്തില്‍ പരിഗണിക്കും.
പൂര്‍ണമായും ശീതീകരിച്ച എട്ട് കോച്ചാണ് ഡബ്ള്‍ ഡെക്കറിലുണ്ടാവുക. സാധാരണ കോച്ചുകളുടെയത്ര ഉയരമേ ഡബ്ള്‍ ഡെക്കറിനുമുണ്ടാകൂ. ബെര്‍ത്ത് പൂര്‍ണമായും ഒഴിവാക്കി പകരം രണ്ട് തട്ടുകളിലായി ഇരുന്ന് യാത്ര ചെയ്യാവുന്ന രീതിയിലാണ് ക്രമീകരണം. ട്രെയിനില്‍ പ്രവേശിച്ചശേഷം താഴേക്കിറങ്ങിയും മുകളിലേക്ക് കയറിയും ഇരിക്കാവുന്ന രീതിയിലാണ് സജ്ജീകരണം. അഭിമുഖമായാണ് ഇരിപ്പിടങ്ങള്‍. ഒരു കോച്ചില്‍ 120 യാത്രക്കാര്‍ക്ക് യാത്ര ചെയ്യാം. മണിക്കൂറില്‍ 110 കി.മീറ്റര്‍ വേഗമാണ് ഡബ്ള്‍ ഡെക്കറിനുണ്ടാവുക.
സാധാരണ ട്രെയിനുകള്‍ 17-18 മണിക്കൂര്‍ സമയമെടുത്താണ് തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലത്തെുന്നത്. ഇതിനെക്കാള്‍ കുറഞ്ഞ സമയമേ ഡബ്ള്‍ ഡെക്കറുകള്‍ക്ക് വേണ്ടിവരൂ. തിരുവനന്തപുരത്തുനിന്ന് ചെന്നൈക്കുള്ള ബസ് യാത്രക്കാരെക്കൂടി ആകര്‍ഷിക്കുന്ന പാക്കേജോടെയാകും സര്‍വിസ് തുടങ്ങുക. ബുക് ചെയ്യാനും സംവിധാനമുണ്ടാകും. റെയില്‍വേ സുരക്ഷാവിഭാഗത്തിന്‍െറ അനുമതികൂടി ലഭിക്കേണ്ടതുണ്ട്. ദക്ഷിണ റെയില്‍വേക്ക് കീഴില്‍ നിലവില്‍ ചെന്നൈ-ബംഗളൂരു ലൈനില്‍ ഡബ്ള്‍ ഡെക്കര്‍ സര്‍വിസ് ഓടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.