സരിത നായർ സോളാർ കമീഷന് തെളിവുകൾ ഹാജരാക്കി

കൊച്ചി: സോളാർ കേസിൽ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചതിന്‍റെ തെളിവുകൾ കേസിലെ പ്രതി സരിത നായർ കമീഷന് മുമ്പാകെ ഹാജരാക്കി. തെളിവുകൾ അടങ്ങിയ മൂന്ന് സിഡികളും അനുബന്ധ രേഖകളുമാണ് മൊഴി നൽകാനെത്തിയ സരിത കമീഷന് കൈമാറിയത്. കോൺഗ്രസ് നേതാക്കളായ ബെന്നി ബെഹനാൻ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻ സലിം രാജ്, മൗണ്ട് സിയോൻ കോളജ് ചെയർമാൻ എബ്രഹാം കലമണ്ണിൽ എന്നിവരുമായി സംഭാഷണം നടത്തിയതിന്‍റെ സിഡികളാണ് ഹാജരാക്കിയത്. അതേസമയം, തെളിവുകളുടെ ആധികാരികതയിൽ സർക്കാർ അഭിഭാഷകൻ സംശയം പ്രകടിപ്പിച്ചു.

ഒരു സിഡിയിൽ എബ്രഹാം കലമണ്ണിലുമായി സംസാരിച്ചതിന്‍റെ ദൃശ്യങ്ങളും രണ്ട് സിഡികളിൽ കോൺഗ്രസ് നേതാക്കളും സലിം രാജുമായും നടത്തിയ സംഭാഷണത്തിന്‍റെ ശബ്ദരേഖകളുമാണുള്ളത്. 2014-16 കാലയളവിൽ നടത്തിയ സംഭാഷണങ്ങളെല്ലാം സിഡിയിലുണ്ടെന്നും സരിത സോളാർ കമീഷനെ അറിയിച്ചു.

സോളാർ കമീഷനിൽ തെളിവ് നൽകിയ ശേഷമാണ് താനുമായി കാണണമെന്നാണ് എബ്രഹാം കലമണ്ണിൽ ആവശ്യപ്പെട്ടത്. ഇതുപ്രകാരമാണ് അദ്ദേഹവുമായി തന്‍റെ സഹായി ബിജു കുമാർ കൂടിക്കാഴ്ച നടത്തിയത്. തെളിവുകൾ നശിപ്പിക്കാൻ കലമണ്ണിൽ ഭീഷണിപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങൾ സിഡിയിലുണ്ട്. മുഖ്യമന്ത്രിക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തിയത് താനാണെന്നും സരിത പറഞ്ഞു. മൂന്ന് സിഡികളും തെളിവായി കമീഷൻ സ്വീകരിച്ചു.

2012ൽ ടീം സോളാർ ഇടപാടുകാരൻ ഇ.കെ ബാബുരാജിന്‍റെ ഭൂമി പോക്കുവരവ് നടത്താൻ വേണ്ടി അപേക്ഷ നൽകിയത് താനാണെന്നും സരിത പറഞ്ഞു. ഈ അപേക്ഷയിൽ അടിയന്തര നടപടി സ്വീകരിക്കാൻ ആലപ്പുഴ കലക്ടറോട് നിർദേശിക്കുന്ന കുറിപ്പ് മുഖ്യമന്ത്രി എഴുതിയിട്ടുണ്ട്. അപേക്ഷയുടെ പകർപ്പും സരിത കമീഷന് നൽകി. കൂടാതെ പെരുമ്പാവൂർ ഡി.വൈ.എസ്.പി ജെറ്റ് എയർവേസിനോട് ആവശ്യപ്പെട്ട യാത്രാ വിവരങ്ങളുടെ പകർപ്പുകളും ഹാജരാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഡൽഹിയിലെ സഹായി തോമസ് കുരുവിളയുമായി ബന്ധപ്പെട്ട കാര്യങ്ങൾ രേഖപ്പെടുത്തിയ തന്‍റെ ഡയറിയിലെ രണ്ട് പേജുകളും കമീഷന് സരിത കൈമാറിയിട്ടുണ്ട്. കുരുവിള സ്വന്തം അഡ്രസ് എഴുതി നൽകിയ പേജാണ് ഹാജരാക്കിയത്. ആദിവാസി മേഖലകളിൽ സോളാർ പദ്ധതി നടപ്പാക്കുന്നതിന് മുഖ്യമന്ത്രി കത്ത് നൽകിയെന്ന് സരിത മൊഴി നൽകിയിട്ടുണ്ട്. പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യണമെന്ന് കത്തിൽ വിശദീകരിക്കുന്നുണ്ടെന്ന് പകർപ്പ് ഹാജരാക്കി സരിത പറഞ്ഞു.

കോട്ടയം കടുത്തുരുത്തിയിലെ സോളാറിന്‍റെ പരിപാടിയിൽ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് മന്ത്രി കെ.സി ജോസഫ് പങ്കെടുത്തത്. മുഖ്യമന്ത്രിക്ക് പങ്കെടുക്കാൻ അസൗകര്യം നേരിട്ട സാഹചര്യത്തിൽ പകരക്കാരനായിട്ടായിരുന്നു കെ.സി ജോസഫ് എത്തിയത്. ഈ പരിപാടിയുടെ ഉദ്ഘാടനം കെ.സി ജോസഫ് നിർവഹിച്ചു. എന്നാൽ, അദ്ദേഹം കോഴ വാങ്ങിയില്ലെന്നും സരിത പറഞ്ഞു.

എ.പി അബ്ദുല്ലകുട്ടി എം.എൽ.എക്കെതിരെ 164 വകുപ്പ് പ്രകാരം പരാതി നൽകാൻ തമ്പാനൂർ രവിയാണ് പറഞ്ഞത്. കെ.ബി ഗണേശ്കുമാറിന്‍റെ പേഴ്സണൽ സ്റ്റാഫ് പി. പ്രദീപിന്‍റെ ഫോണിൽ നിന്നാണ് തന്‍റെ വിളിച്ചത്. സോളാർ വിവാദം തണുപ്പിക്കാനായിരുന്നു ഇത്. പരാതി ഡി.ജിപി.ക്ക് എഴുതി നൽകണമെന്ന് പറഞ്ഞു. ഡി.ജി.പിയെ കാണാൻ പോകുമ്പോൾ വഴിമധ്യേ ഫെനി ബാലകൃഷ്ണന്‍റെ ഫോണിൽ തമ്പാനൂർ രവി വീണ്ടും വിളിച്ച് വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയാൽ മതിയെന്ന് നിർദേശിച്ചു. പിന്നീട് ബെന്നി ബെഹനാൻ കേസുമായി മുന്നോട്ടു പോകേണ്ടെന്ന് ഫെനിയുടെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു. ഇതെല്ലാം മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണെന്നാണ് തമ്പാനൂർ രവിയും ബെന്നി ബെഹനാനും തന്നോട് പറഞ്ഞത്. ജാമ്യം ലഭിച്ച് ജയിലിൽ നിന്ന് പുറത്തിറങ്ങിയ താൻ ആർ. ബാലകൃഷ്ണപിള്ളയുടെ ബന്ധുവിന്‍റെ കൊട്ടാരക്കരയിലെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ഫോൺ ഉപയോഗിച്ച കേസിൽ സലിം രാജിനെതിരെ അന്വേഷണം നടക്കുമ്പോൾ സാക്ഷിയായി ഹാജരാകാൻ നോട്ടീസ് ലഭിച്ചു. ഇക്കാര്യം തമ്പാനൂർ രവി പറഞ്ഞത് പ്രകാരം സലിം രാജുമായി ഫോണിൽ ബന്ധപ്പെട്ടു. സാക്ഷിയായി ഹാജരാകുമ്പോൾ ചോദിക്കുന്ന ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും സലിം രാജ് പഠിപ്പിച്ചു തന്നു. സലിം രാജിന് വേണ്ടി മൊഴി നൽകണമെന്ന് തമ്പാനൂർ രവി ആവശ്യപ്പെട്ടെന്നും സരിത കമീഷന് മൊഴി നൽകിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.