ടി.പി ശ്രീനിവാസന്‍റെ മുഖത്തടിച്ചയാളെ മഹത്വവൽകരിച്ച് കവിത

തിരുവനന്തപുരം: ടി.പി ശ്രീനിവാസനെ മുഖത്തടിച്ച് വീഴ്ത്തിയ മുൻ എസ്.എഫ്.ഐ നേതാവിനെ മഹത്വവൽകരിച്ച് പു.ക.സ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ കവിത. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറിയും അധ്യാപകനുമായ വിനോദ് വൈശാഖിയാണ് ഫേസ്ബുക്കിൽ എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ മുൻ വൈസ് പ്രസിഡന്‍റ് ജെ.എസ് ശരത്തിനെ കുറിച്ച് കവിതയെഴുതിയത്.

‘ശരതം’ എന്ന തലക്കെട്ടിൽ എഴുതിയ കവിതയിൽ ഭ്രാന്തെടുക്കുന്ന ലാത്തിയിൽ ചെമ്പരത്തി പൂവായ് പൂത്തു നില്‍ക്കുന്നവനാണ് ശരത്തെന്ന് വർണിക്കുന്നു. തന്ത്രശാലിയായ ടി.പി ശ്രീനിവാസനെ തല്ലിയെന്ന് ജയിൽ ഭിത്തിയിൽ ചോര കൊണ്ടെഴുതണമെന്ന് ശരത്തിനോട് കവി ആവശ്യപ്പെടുന്നു. ജയിലിൽ കിടക്കുമ്പോൾ രക്തസാക്ഷികളായ ആയിരങ്ങൾ കൈ പിടിച്ച് ഉയർത്തുമെന്നും വിനോദ് വൈശാഖി പറയുന്നു.

ഡിസംബർ 29ന് ആഗോള വിദ്യാഭ്യാസ സംഗമത്തിൽ പങ്കെടുക്കാൻ കോവളത്തെത്തിയപ്പോഴാണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാധ്യക്ഷൻ ടി.പി ശ്രീനിവാസനെ എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്‍റ് ജെ.എസ് ശരത് കരണത്തടിച്ചത്. മുഖത്തേറ്റ അടിയുടെ ആഘാതത്തിൽ ശ്രീനിവാസൻ നിലത്തു വീണു. സംഭവം വാർത്തയായതോടെ ശരത്തിനെ എസ്.എഫ്.ഐയിൽ നിന്ന് പുറത്താക്കി. കൂടാതെ സി.പി.എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ മാപ്പ് പറയുകയും ചെയ്തു. സമരക്കാരെ ബാസ്റ്റാർഡ്സ് എന്ന് ശ്രീനിവാസൻ വിശേഷിപ്പിച്ചതാണ് അടിച്ചതിന് പിന്നിലെന്ന് പിന്നീട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയുണ്ടായി. എന്നാൽ, ശ്രീനിവാസൻ ഫേസ്ബുക്കിലൂടെ ഇത് നിഷേധിക്കുകയും ചെയ്തു.

കവിതയുടെ പൂർണ രൂപം:

'ശരതം'

ഭ്രന്തെടുക്കുന്ന
ലാത്തിയിലിപ്പൊഴും
ചെമ്പരത്തിയായ്
പൂത്തു നില്‍ക്കുന്നവന്‍

ജയിലിനുള്ളില്‍
കിടക്കുമ്പൊളായിരം
രക്ത സാക്ഷികള്‍
കൈതന്നുയര്‍ത്തിടും

ചോര കൊണ്ടു നീ
യെഴുതണം ഭിത്തിയില്‍
തന്ത്ര ശാലിയെ
ത്തല്ലിയെന്നാദരാല്‍

ചോര കൊണ്ടു വരയ്ക്കണം
ഭിത്തിയില്‍
ലാത്തിയേറ്റു
തുള വീണ ഹൃത്തടം

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.