കൊല്ലം: രാജ്യത്തെ ആദ്യ മുഴുവൻ സമയ ഡിജിറ്റൽ കോടതി കൊല്ലത്ത്. 24x7 ON എന്നറിയപ്പെടുന്ന കോടതി 20ന് പ്രവർത്തനമാരംഭിക്കും.ഡിജിറ്റൽ കോടതി യാഥാർഥ്യമാകുന്നതോടെ കൊല്ലത്തെ മൂന്ന് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളിലും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് നിയമപ്രകാരം ഫയൽ ചെയ്യേണ്ട ചെക്ക് ബൗൺസ് കേസുകൾ ഇവിടെയാണ് ഫയൽ ചെയ്യേണ്ടത്. പൂർണമായും പേപ്പർ ഫയലിങ് ഒഴിവാക്കിയാണ് ഡിജിറ്റൽ കോടതി പ്രവർത്തിക്കുന്നത്.
24 മണിക്കൂറും കേസ് ഫയൽ ചെയ്യാവുന്ന കോടതിയാണിത്. വെബ്സൈറ്റിലൂടെ നിശ്ചിത ഫോം ഓൺലൈനായി സമർപ്പിച്ചാണ് കേസ് ഫയൽചെയ്യേണ്ടത്. കക്ഷികളോ അഭിഭാഷകരോ നേരിട്ട് കോടതിയിൽ ഹാജരാകേണ്ടതില്ല. ഓൺലൈനായി തന്നെ കേസിന്‍റെ എല്ലാ നടപടിക്രമങ്ങളും നടത്താം. പ്രതിക്കുള്ള സമൻസ് അതാത് പൊലീസ് സ്റ്റേഷനുകളിലേക്ക് ഓൺലൈനായി ലഭ്യമാക്കും. കോർട്ട് ഫീസ് ഇ-പേയ്മെന്റ് ആയി അടക്കുന്നതിന് ട്രഷറിയുമായി നെറ്റ്വർക്കും സജ്ജമാക്കിയിട്ടുണ്ട്.
പ്രതിയും ജാമ്യക്കാരും ഓൺലൈനായി ഹാജരായി ജാമ്യത്തിനുള്ള രേഖകൾ അപ്ലോഡ് ചെയ്ത് ജാമ്യം നേടണം. വിചാരണയും വാദവും ഉൾപ്പെടെ എല്ലാ നടപടികളും ഓൺലൈനായി തന്നെ നടക്കും. കക്ഷികൾക്കും അഭിഭാഷകർക്കും ആവശ്യമെങ്കിൽ നേരിട്ടും ഹാജരായി കോടതി നടപടികളിൽ പങ്കെടുക്കാവുന്ന ഹൈബ്രിഡ്മോഡിലാകും കോടതി പ്രവർത്തിക്കുന്നത്. ‘24x7 ON’ കോടതി എന്നത് ഓപൺ ആൻഡ് നെറ്റ്വർക്ക്ഡ് എന്നാണ് അർഥമാക്കുന്നത്.
കൈകാര്യം ചെയ്യാൻ വളരെ എളുപ്പമുള്ള പ്രവർത്തനരീതി എന്നതാണ് ഓപൺ എന്നത് കൊണ്ട് വിശദമാക്കുന്നത്. മാത്രമല്ല, കേസ് നടപടികൾ/വിവരങ്ങൾ സുതാര്യമായി ആർക്കും പരിശോധിക്കാവുന്ന രീതിയിലാണ് ഈ കോടതി പ്രവർത്തിക്കുന്നത്. ഇ-പോസ്റ്റ്, ഇ-ട്രഷറി, ഐ-കോപ്സ് എന്നീ സംവിധാനങ്ങളുമായി ഈ കോടതി നെറ്റ്വർക്ക് ചെയ്യപ്പെട്ടിട്ടുള്ളതാണ് നെറ്റ്വർക്ക്ഡ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
പ്രതികൾക്ക് സമൻസ് അയക്കുന്നതിലെ കാലതാമസം ഇ-പോസ്റ്റ് ഒഴിവാക്കും. കോർട്ട് ഫീസ് ഇ-പേയ്മെന്റ് ചെയ്യുന്നതിന് ഇ-ട്രഷറി സുഗമമായ വഴിയൊരുക്കും. ഐ-കോപ്സ് വഴി കേസ് നടപടികൾക്കായി പൊലീസ് സംവിധാനവും ഉപയോഗിക്കാവുന്നതാണ്.
ഒരു മജിസ് ട്രറ്റും മൂന്ന് കോടതി ജീവനക്കാരും മാത്രമായി പ്രവർത്തിക്കുന്ന സംവിധാനമാണ് ഡിജിറ്റൽ കോടതിക്കുള്ളത്. എവിടെയിരുന്നും ഏത് സമയത്തും കോടതി സംവിധാനത്തിൽ ഓൺലൈനായി പ്രവേശിച്ച് കേസ് നടപടികൾ നടത്താനും അറിയാനും ഈ കോടതിയിൽ സാധിക്കും.
കഴിഞ്ഞ ആഗസ്റ്റ് 16ന് സുപ്രീംകോടതി ജഡ്ജി ആർ.എം. ഗവായ് ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചിരുന്നു. കോടതിയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച പരിശീലനം അഭിഭാഷകർക്കും ക്ലർക്കുമാർക്കും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.