കണ്ണൂര്‍: താലൂക്ക് ഓഫിസ് ഉപരോധിച്ച കേസില്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെയും കണ്ണൂര്‍ ഏരിയാ സെക്രട്ടറി എന്‍. ചന്ദ്രനെയും കണ്ണൂര്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കൃഷ്ണകുമാര്‍ കുറ്റക്കാരല്ളെന്നുകണ്ട് വിട്ടയച്ചു. എന്നാല്‍, വിചാരണ സമയത്ത് കോടതിയില്‍ ഹാജരാകാത്ത പി.കെ. ശ്രീമതി ടീച്ചര്‍ എം.പി, ടി.വി. രാജേഷ് എം.എല്‍.എ എന്നിവര്‍ക്കെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു.
സംസ്ഥാന സര്‍ക്കാറിന്‍െറ ജനദ്രോഹ നയങ്ങള്‍ക്കെതിരായ സമരത്തിന്‍െറ ഭാഗമായി 2013 മേയ് 23ന് കണ്ണൂര്‍ താലൂക്ക് ഓഫിസ് ഉപരോധിച്ച സംഭവത്തിലാണ് അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്. കണ്ണൂര്‍ ടൗണ്‍ എസ്.ഐയുടെ പരാതിയെ തുടര്‍ന്നായിരുന്നു ഇത്. രാവിലെ എട്ടു മുതല്‍ ഉച്ച രണ്ടുവരെ താലൂക്ക് ഓഫിസ് ഗേറ്റ് അടച്ച് ജീവനക്കാരെയും പൊതുജനങ്ങളെയും ബുദ്ധിമുട്ടിച്ചെന്ന് കാണിച്ചായിരുന്നു പരാതി. ഉപരോധം ഉദ്ഘാടനം ചെയ്തത് പിണറായിയാണ്.
കേസിന്‍െറ വിചാരണക്ക് ഹാജരാകാത്തതിനാല്‍ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് പിണറായി എട്ടുമാസം മുമ്പ് കോടതിയിലത്തെി ജാമ്യമെടുത്തിരുന്നു. പിന്നീട് അദ്ദേഹത്തിന് വിചാരണക്ക് ഹാജരാകാന്‍ സാധിച്ചില്ല. ഈ സാഹചര്യത്തില്‍, തന്‍െറ കക്ഷിക്ക് എത്താനാവില്ളെന്നും വിചാരണയുടെ ഭാഗമായുള്ള ചോദ്യങ്ങള്‍ രേഖാമൂലം നല്‍കിയാല്‍ മറുപടി ഹാജരാക്കാമെന്നും അഡ്വ. ബി.പി. ശശീന്ദ്രന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് കോടതി നല്‍കിയ ചോദ്യാവലികള്‍ക്ക് നവകേരള യാത്രയുടെ ഭാഗമായി കണ്ണൂരിലത്തെിയ പിണറായി രേഖാമൂലം മറുപടി നല്‍കി. ഇത് സ്വീകരിച്ച കോടതി, വിശദീകരണങ്ങള്‍ വിലയിരുത്തി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു. ഇരുനൂറോളം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ പി.കെ. ശ്രീമതിയും ടി.വി. രാജേഷും വൈകാതെ കോടതിയില്‍ ഹാജരായി ജാമ്യമെടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.