നിലമ്പൂർ: കരുളായി വനത്തിൽ ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് നിലമ്പൂർ ഡി.എഫ്.ഒ ഓഫിസ് അടിച്ചു തകർത്തതിന് പി.വി. അൻവർ എം.എൽ.എക്കെതിരെ കേസ്. എം.എൽ.എ അടക്കം 11 പേർക്കെതിരെയാണ് കേസെടുത്തത്. അൻവറിന്റെ വീട്ടിൽവൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. ഉടൻ അറസ്റ്റ് ചെയ്തേക്കും.
ഞായറാഴ്ച രാവിലെ 11.30ഓടെ എം.എൽ.എയുടെ നേതൃത്വത്തിൽ എത്തിയ ഡി.എം.കെ പ്രവർത്തകരാണ് നിലമ്പൂർ ഡി.എഫ്.ഒ ഓഫിസ് തകർത്ത്. ഓഫിസിനു മുന്നിൽ നടന്ന പ്രതിഷേധം പെട്ടെന്ന് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഞായറാഴ്ചയായതിനാൽ ഓഫിസ് അടച്ചിട്ടിരിക്കുകയായിരുന്നു.
പ്രതിഷേധക്കാർ നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ ഓഫിസിന്‍റെ പൂട്ടുപൊളിച്ച് അകത്ത് കയറി കസേര, ബൾബ് എന്നിവ തല്ലിത്തകർത്തു. ശേഷം കൊല്ലപ്പെട്ട ആദിവാസി യുവാവിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് സൂക്ഷിച്ച നിലമ്പൂർ ജില്ല ആശുപത്രിയിലേക്ക് മാർച്ച് നടത്തി. ആശുപത്രിക്കു മുന്നിൽ വൻ സന്നാഹത്തോടെ പൊലീസ് മാർച്ച് തടഞ്ഞു. മാർച്ചിൽ വനം മന്ത്രി എ.കെ. ശശീന്ദ്രനെതിരെ പി.വി. അൻവർ രൂക്ഷവിമർശനം നടത്തി. മന്ത്രി വിശ്വസിക്കാൻ കൊള്ളാത്തവനെന്ന് അദ്ദേഹം പറഞ്ഞു. രാത്രി 10.30ഓടെ മരിച്ച മണിയുടെ പോസ്റ്റ്മോർട്ടം വൈകിയതിൽ പൊലീസിനെയും വിമർശിച്ചു. മണിയോടുള്ള ആദരവ് രേഖപ്പെടുത്തി ഞായറാഴ്ചത്തെ തന്‍റെ ജനകീയ മാർച്ച് മാറ്റിവെച്ചതായും പി.വി. അൻവർ പറഞ്ഞു.
വനം ഓഫിസ് തല്ലിത്തകർത്ത സംഭവത്തിൽ മൂന്ന് ഡി.എം.കെ പ്രവർത്തകരെ ജില്ല ആശുപത്രിക്കു മുന്നിൽ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സുധീർ പുന്നപ്പാല, ഷൗക്കത്ത് പനമരം, മുസ്തഫ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. എം.എൽ.എയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ഒന്നര മണിക്കൂറോളം നീണ്ടു.
കരുളായി നെടുങ്കയത്ത് കാട്ടാന ആക്രമണത്തിൽ ചോലനായ്ക്കർ വിഭാഗത്തിൽപ്പെട്ട മാഞ്ചീരി പൂച്ചപ്പാറ നഗറിലെ കരിയന്റെ മകൻ മണിയാണ് (35) മരിച്ചത്. കരുളായിയിൽനിന്ന് 25 കിലോമീറ്റർ ഉൾവനത്തിൽ ശനിയാഴ്ച വൈകീട്ട് 6.30ഓടെയാണ് സംഭവം.
രോഗിയായ മൂത്ത മകൾ മീനാക്ഷിയെ തോളിലേറ്റി പോകുന്നതിനിടെയാണ് മണി കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ടാക്സി ജീപ്പിൽ കണ്ണിക്കൈ ഭാഗത്ത് ഇറങ്ങി കരിമ്പുഴ കടന്ന് വെറ്റിലക്കൊല്ലി വഴി വിളക്കുപ്പാറയിലേക്ക് നടന്നുപോവുകയായിരുന്നു മണി. ആനയുടെ ആക്രമണത്തിനിടെ മീനാക്ഷി ദൂരേക്ക് തെറിച്ചുവീണു. മണിയുടെ കൂടെയുണ്ടായിരുന്ന പൂച്ചപ്പാറ കണ്ണൻ, മനീഷ്, ബിജു, വിജേഷ് എന്നിവർ ഓടി രക്ഷപ്പെട്ടു. ആന ആക്രമിച്ച വിവരം ഓടിരക്ഷപ്പെട്ടവർ ജീപ്പ് ഡ്രൈവറെ അറിയിച്ചു. തുടർന്ന് വനപാലകർക്കും പൊലീസിനെയും അറിയിച്ചു.
പരിക്കേറ്റ മണിയെ സഹോദരൻ അയ്യപ്പൻ ഒന്നര കിലോമീറ്ററോളം എടുത്താണ് കണ്ണിക്കൈയിലെത്തിച്ചത്. പിന്നീട് ആംബുലൻസിൽ നിലമ്പൂർ ജില്ല ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും മരിച്ചിരുന്നു. നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ ധനിക് ലാൽ ഉൾപ്പെടെയുള്ള വനപാലകർ രാത്രിതന്നെ ആശുപത്രിയിലെത്തിയിരുന്നു. പരേതയായ ബീരയാണ് മണിയുടെ മാതാവ്. ഭാര്യ: മാതി. മറ്റു മക്കൾ: മീര, മീന, മനു കൃഷ്ണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.