പാലക്കാട്: ജയിലിൽ കഴിയുമ്പോൾ ബീഡി വലിച്ചിട്ടുണ്ടെന്ന മന്ത്രി സജി ചെറിയാന്‍റെ പ്രസ്താവനയിൽ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. സജി ചെറിയാന് ജയിലിൽ ബീഡി കൊടുത്തത് ആരാണെന്ന് കൂടി പറയണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.
മന്ത്രി ജയിലിനുള്ളിൽ പുക വലിച്ചിട്ടുണ്ടെങ്കിൽ അത് നിയമവിരുദ്ധമായി കടത്തിയതാണ്. കൊടി സുനിക്ക് കിട്ടുന്ന ആനുകൂല്യം സി.പി.എം നേതാവായ സജി ചെറിയാന് കിട്ടിയിട്ടുണ്ടോ എന്ന് അദ്ദേഹം വ്യക്തമാക്കണം. ഇത്തരം കാര്യങ്ങൾ പ്രതിരോധിക്കേണ്ട സാംസ്കാരിക വകുപ്പിന്‍റെ മന്ത്രി കൂടിയാണ് അദ്ദേഹം. പുക വലിക്കാമെന്ന സാംസ്കാരിക മന്ത്രിയുടെ പ്രസ്താവനയോട് എക്സൈസ് മന്ത്രി പ്രതികരിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
സാധാരണ ഗതിയിലുള്ള പുകവലി പോലും ആരോഗ്യത്തിന് ഹാനികരമാണെന്ന് പറയേണ്ട മന്ത്രി, ഏത് പശ്ചാത്തലത്തിലാണ് നിയമവിരുദ്ധമായ പുകവലിയെ പിന്തുണക്കുന്നതെന്ന് അറിയില്ല. കമ്പനി കൂടുമ്പോൾ ആളുകൾ സ്നേഹമേ പങ്കുവെക്കാൻ പാടുള്ളൂ.
പുക പങ്കുവെക്കേണ്ട, സൗഹൃദമോ രാഷ്ട്രീയമോ പങ്കുവെക്കട്ടേ. പുകക്കണമെന്ന് തോന്നുന്ന ചെറുപ്പക്കാർ നാടിനും കുടുംബത്തിനും വലിയ വിപത്ത് സൃഷ്ടിക്കുമെന്നാണ് മന്ത്രി പറയേണ്ടിയിരുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.
കായംകുളം എം.എൽ.എ യു. പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസിൽ എക്‌സൈസിനെതിരായ പരാമർശനത്തിനിടെയാണ് മന്ത്രി സജി ചെറിയാൻ, പുകവലിക്കുന്നത് മഹാ അപരാധമാണോയെന്ന് ചോദിച്ചത്. താനും വല്ലപ്പോഴും ഒരു സിഗരറ്റ് വലിക്കാറുണ്ടെന്നും ജയിലിൽ കിടന്നപ്പോൾ താനും പുക വലിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.
'പ്രതിഭയുടെ മകന്‍ പോളിടെക്‌നിക്കില്‍ പഠിക്കുകയാണ്. കുട്ടികള്‍ കൂട്ടുകൂടണ്ടേ. ആ കുട്ടി എന്തെങ്കിലും മോശപ്പെട്ട കാര്യം ചെയ്തതായി ഒരു കേസിലുമില്ല. എഫ്.ഐ.ആര്‍ ഞാന്‍ വായിച്ചതാണ്. അതിൽ പുക വലിച്ചുവെന്നാണ്. ഞാനും വല്ലപ്പോഴും ഒരു സിഗരറ്റ് വലിക്കാറുണ്ട്. എം.ടി. വാസുദേവന്‍ നായര്‍ കെട്ടുകണക്കിന് ബീഡി വലിക്കാറുണ്ട്. പുകവലിച്ചതിനെന്തിനാണ് ജാമ്യമില്ലാ വകുപ്പ് ഇടുന്നത്' - മന്ത്രി സജി ചെറിയാൻ ചോദിച്ചു.
കായംകുളത്ത് എസ്. വാസുദേവൻ പിള്ള രക്തസാക്ഷിദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ യു. പ്രതിഭ എം.എൽ.എയുടെ സാന്നിധ്യത്തിലായിരുന്നു മന്ത്രി സജി ചെറിയാന്‍റെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.