അരിയില്‍ ഷുക്കൂര്‍ വധക്കേസ് സി.ബി.ഐക്ക്

കൊച്ചി: കണ്ണൂര്‍ തളിപ്പറമ്പ് അരിയില്‍ ഷുക്കൂര്‍ വധക്കേസ് സി.ബി.ഐ അന്വേഷിക്കാന്‍ ഹൈകോടതി ഉത്തരവ്. കേസ് സി.ബി.ഐക്കുവിട്ട് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം ശരിവെച്ചും സി.ബി.ഐ അന്വേഷിക്കണമെന്ന ഷുക്കൂറിന്‍െറ മാതാവ് ആത്തിക്കയുടെ ഹരജി അനുവദിച്ചുമാണ് ജസ്റ്റിസ് ബി. കെമാല്‍പാഷയുടെ ഉത്തരവ്. സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ കേസിലെ 32ഉം 33ഉം പ്രതികളായ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എം.എല്‍.എയും നല്‍കിയ ഹരജികള്‍ കോടതി തള്ളി.

ജയരാജനും രാജേഷിനുമെതിരെ തെളിവ് ശേഖരണം പോലും നടത്താനാകാത്ത വിധം അവരുള്‍പ്പെട്ട പാര്‍ട്ടിയില്‍നിന്ന് അന്വേഷണ സംഘത്തിന് ഭീഷണിയും എതിര്‍പ്പും നേരിടേണ്ടിവന്നുവെന്ന ഹരജിക്കാരിയായ ആത്തിക്കയുടെ വാദത്തിനുനേരെ കണ്ണടക്കാനാവില്ളെന്ന് കോടതി വ്യക്തമാക്കി. അന്വേഷണ സംഘത്തിനുനേരെ ഭീഷണിയുണ്ടായതിനാല്‍ സംസ്ഥാന പൊലീസിന് ശരിയായ രീതിയില്‍ അന്വേഷണം നടത്താന്‍ കഴിഞ്ഞില്ളെന്ന് സര്‍ക്കാറും കോടതി മുമ്പാകെ കുറ്റസമ്മതം നടത്തിയിരിക്കുന്നു. ലോക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തിലെ അപാകത വെളിപ്പെടുന്നുമുണ്ട്.
അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച കേസില്‍ തുടരന്വേഷണം അനിവാര്യമാണെന്നായിരുന്നു സംസ്ഥാന പൊലീസ് മേധാവിയുടെ നിലപാട്. അതേസമയം തന്നെ സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിന് തുടരന്വേഷണം ഫലപ്രദമായി നടത്താന്‍ കഴിയില്ളെന്ന സര്‍ക്കാറിന്‍െറ നിസ്സഹായാവസ്ഥ കാണാതിരിക്കാനുമാകില്ല. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുക്കുമ്പോള്‍ സി.ബി.ഐ അന്വേഷണമാണ് അനിവാര്യമെന്ന് നിരീക്ഷിച്ച കോടതി കേസ് സി.ബി.ഐക്കുവിട്ട സര്‍ക്കാര്‍ നടപടി ശരിവെക്കുകയായിരുന്നു.

തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315ാം നമ്പര്‍ മുറിയില്‍ ഗൂഢാലോചനയില്‍ പ്രതിചേര്‍ക്കപ്പെട്ട 28 മുതല്‍ 31 വരെ പ്രതികള്‍ക്കൊപ്പം ജയരാജനും രാജേഷും ഉണ്ടായിട്ടും ഇവര്‍ ഇരുവര്‍ക്കുമെതിരെ ഗൂഢാലോചനക്കുറ്റം ചുമത്താതിരുന്ന നടപടിയെ കോടതി വിമര്‍ശിച്ചു. ഗൂഢാലോചന നടക്കുമ്പോള്‍ ഇരുവരും ആശുപത്രിയിലെ ഇതേ മുറിയിലുണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഇവരെ രണ്ടുപേരെയും ഒഴിവാക്കി മുറിയിലുണ്ടായിരുന്ന നാലുപേര്‍ക്കെതിരെ മാത്രമാണ് ഗൂഢാലോചനക്കുറ്റം ചുമത്തിയത്. ജയരാജനും രാജേഷും ഉള്‍പ്പെട്ട രാഷ്ട്രീയ കക്ഷിയില്‍നിന്ന് ശക്തമായ ഭീഷണിയും എതിര്‍പ്പും ഉണ്ടായതിനാലാണ് ഇരുവര്‍ക്കുമെതിരെ തെളിവുകള്‍ ശേഖരിക്കാനും തുടരന്വേഷണം നടത്താനും അന്വേഷണ ഉദ്യോഗസ്ഥന് കഴിയാതെപോയതെന്ന ഹരജിക്കാരിയുടെ വാദം ശരിവെക്കുന്നതാണ് സര്‍ക്കാറിന്‍െറ കുറ്റസമ്മതം. ഭരണഘടനാപരമായും ക്രിമിനല്‍ നടപടിക്രമം അനുസരിച്ചുമുള്ള കോടതിയുടെ പ്രത്യേക അധികാരം ഉപയോഗപ്പെടുത്തിയാണ് കേസ് സി.ബി.ഐക്കുവിട്ടത്. സി.ബി.ഐക്ക് എല്ലാ സഹായവും സര്‍ക്കാറും പൊലീസ് മേധാവിയും അനുവദിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.