ഐ.ഒ.സി ബോട്ട്ലിങ് പ്ളാന്‍റ് സമരം ഒത്തുതീര്‍പ്പായില്ളെങ്കില്‍ എസ്മ

കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍െറ ഉദയംപേരൂര്‍ ബോട്ട്ലിങ് പ്ളാന്‍റിലെ  കരാര്‍ തൊഴിലാളികളുടെ അനിശ്ചികാല സമരം  ചൊവ്വാഴ്ച ഉച്ചക്ക് 12നകം  അവസാനിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യത്തിന്‍െറ അന്ത്യശാസന.  പ്രശ്നം പരിഹരിക്കപ്പെടുന്നില്ളെങ്കില്‍ അവശ്യസാധന നിയമ (എസ്മ) പ്രകാരം അറസ്റ്റ് ഉള്‍പ്പെടെ നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച  വൈകീട്ട് കലക്ടറുടെ ചേംബറില്‍ മാനേജ്മെന്‍റ് പ്രതിനിധികള്‍, കരാറുകാര്‍, തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ വിളിച്ചുവരുത്തിയാണ് കലക്ടര്‍ തീരുമാനം അറിയിച്ചത്. സമരം അവസാനിപ്പിക്കാതെ ചര്‍ച്ചക്കില്ളെന്ന് കലക്ടര്‍ കര്‍ശന നിലപാട് സ്വീകരിക്കുകയായിരുന്നു.  ചൊവ്വാഴ്ച രാവിലെ 10ന് മാനേജ്മെന്‍റ് പ്രതിനിധികള്‍, കരാറുകാര്‍, തൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ സമരം സംബന്ധിച്ച് തീരുമാനം കലക്ടറെ അറിയിക്കും.
ചര്‍ച്ച പരാജയപ്പെട്ടാല്‍ ചൊവ്വാഴ്ച ഉച്ചക്ക് 12നു ശേഷം പ്ളാന്‍റ് പ്രവര്‍ത്തിപ്പിക്കാന്‍ ബദല്‍ സംവിധാനം പൊലീസ് സംരക്ഷണത്തോടെ സ്വീകരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. സമരം അവസാനിപ്പിക്കുന്നതിനൊപ്പം അടുത്ത 15 ദിവസത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ വിഷയം ചര്‍ച്ചചെയ്യുന്നതിന് അവസരമൊരുക്കാമെന്നും കലക്ടര്‍ ഉറപ്പുനല്‍കി.
ഒമ്പതുമാസമായി കരാറുകാരന്‍ തങ്ങളുടെ വേതനം പുതുക്കുന്നതിന് ഒരു നടപടിയും സ്വീകരിച്ചില്ളെന്നു യൂനിയന്‍ നേതാക്കള്‍ കലക്ടറെ അറിയിച്ചു. നിയമപ്രകാരമുള്ള അടിസ്ഥാനത്തില്‍നിന്നാണ് സമരത്തിന് നോട്ടീസ് നല്‍കിയതെന്നും അവര്‍ പറഞ്ഞു.  എന്നാല്‍, സമരം അവസാനിപ്പിച്ചശേഷമേ ചര്‍ച്ച നടത്തൂവെന്ന് കലക്ടര്‍ നിലപാട് സ്വീകരിക്കുകയായിരുന്നു. റീജനല്‍ ജോയിന്‍റ് ലേബര്‍ കമീഷണര്‍ റാണി അപരാജിത, പൊലീസ് അസി. കമീഷണര്‍ രാജേഷ്, മാനേജ്മെന്‍റ് പ്രതിനിധികള്‍, കരാറുകാര്‍, തൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ കലക്ടര്‍ വിളിച്ച യോഗത്തില്‍ പങ്കെടുത്തു.
അടിസ്ഥാന ശമ്പളമായി 8420 രൂപയും ഒരു സിലിണ്ടറിന് 50.4 പൈസ നിരക്കിലുമാണ് ഇപ്പോള്‍ ലോഡിങ് തൊഴിലാളിക്ക് വേതനം ലഭിക്കുന്നത്. ഇത് 15,000 രൂപയായി ഉയര്‍ത്തണമെന്നാണ് യൂനിയനുകളുടെ ആവശ്യം. എന്നാല്‍, ഈ ആവശ്യം അംഗീകരിക്കാനാവില്ളെന്ന് കരാറുകാരന്‍ നിയാസ് യോഗത്തില്‍ അറിയിച്ചു.
ഹൗസ് കീപ്പിങ് തൊഴിലാളിക്ക് നിലവില്‍ 9400 രൂപയാണ് അടിസ്ഥാന വേതനം. അലവന്‍സുകള്‍ ഉള്‍പ്പെടെ ഒരു ലോഡിങ് തൊഴിലാളിക്ക്  ആകെ 25,368 രൂപ കൊടുക്കുന്നുണ്ടെന്നും കരാറുകാരന്‍ പറഞ്ഞു. അതേസമയം, ഒരു തൊഴിലാളിക്ക് ദിവസം 500 രൂപയുടെ പ്രതിഫലമെങ്കിലും ലഭിക്കണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് യൂനിയന്‍ നേതാക്കളും  പറഞ്ഞു.   
വേതന വിഷയം മാനേജ്മെന്‍റിന്‍െറയും ലേബര്‍ വകുപ്പിന്‍െറയും സാന്നിധ്യത്തില്‍ കരാറുകാരും യൂനിയനുകളും തമ്മില്‍ ചര്‍ച്ചചെയ്യാന്‍ കലക്ടര്‍ നിര്‍ദേശിച്ചു.
ഒമ്പതുമാസത്തിനിടയില്‍ ഒരുതവണ പോലും തങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ മാനേജ്മെന്‍േറാ കരാറുകാരോ തയാറായില്ളെന്നും യൂനിയന്‍ പ്രതിനിധികള്‍ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.