സ്വകാര്യ സ്ഥാപനത്തിലെ ജോലി; തെറ്റുചെയ്തിട്ടില്ലെന്ന് ജേക്കബ് തോമസ്

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വിസിലിരിക്കെ സ്വകാര്യ കോളജില്‍ വേതനം കൈപ്പറ്റി ജോലി ചെയ്തെന്ന പരാതി രാഷ്ട്രീയപ്രേരിതമാണെന്നും ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ളെന്നും ഡി.ജി.പി ജേക്കബ് തോമസ്.
ചീഫ് സെക്രട്ടറി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനുള്ള മറുപടിയിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഓള്‍ ഇന്ത്യ സര്‍വിസ് റൂള്‍ 622 (ii) പ്രകാരമാണ്പ്രവര്‍ത്തിച്ചതെന്നും മറുപടിയില്‍ പറയുന്നു. 2008-09 കാലത്താണ് പരാതിക്ക് ആസ്പദമായ സംഭവം. കേന്ദ്രചട്ടപ്രകാരം സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥര്‍ക്ക് സ്വകാര്യസ്ഥാപനങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായി ജോലിചെയ്യാം. ഇതനുസരിച്ച് അപേക്ഷ നല്‍കിയെങ്കിലും ധനവകുപ്പ് ക്വറിയിട്ടു. സ്വകാര്യ കോളജില്‍ ഇഷ്ടവിഷയം പഠിപ്പിക്കാനാണ് അപേക്ഷ നല്‍കിയത്. ഫയല്‍ ചുവപ്പുനാടയില്‍ കുരുങ്ങിയ സാഹചര്യത്തില്‍ വിശദീകരണക്കുറിപ്പ് നല്‍കിയശേഷം കാഷ്വല്‍ ലീവിന് അപേക്ഷിച്ച് കോളജില്‍ ജോലിയില്‍ പ്രവേശിച്ചു.
സര്‍ക്കാര്‍ അനുമതി ലഭ്യമാകുന്ന മുറക്ക് കാഷ്വല്‍ ലീവ് മാറ്റാമെന്ന് കരുതി. ആറുമാസത്തോളം കോളജില്‍ ജോലിചെയ്തു. ഇക്കാലയളലില്‍, അന്നത്തെ തുറമുഖമന്ത്രി എം. വിജയകുമാര്‍ പോര്‍ട്ട് ഡയറക്ടറാകാന്‍ നിര്‍ബന്ധിച്ചു. ഇതോടെ അധ്യാപനം മതിയാക്കി തുറമുഖ ഡയറക്ടറായി ചുമതലയേറ്റു.
ഈ സാഹചര്യത്തില്‍,  സര്‍ക്കാറില്‍നിന്ന് കൈപ്പറ്റിയ ശമ്പളം തിരിച്ചടച്ചു. ഇതുമായി ബന്ധപ്പെട്ട് നേരത്തേ അന്വേഷണം നടന്നിട്ടുണ്ട്. ചട്ടവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ളെന്ന് ബോധ്യമായതിന്‍െറ അടിസ്ഥാനത്തില്‍ നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.
 ഇതേ വിവാദത്തില്‍ ഇപ്പോള്‍ ചിലര്‍ ലോകായുക്തയെ സമീപിച്ചതായും വിവരമുണ്ട്.ഇവര്‍ക്ക് നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടെന്ന് സംശയിക്കുന്നതായും ജേക്കബ് തോമസ് പറയുന്നു.
ജനുവരി 28നാണ് ചീഫ് സെക്രട്ടറി ജിജി തോംസന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇതിന് തെളിവുകള്‍ നല്‍കണമെന്ന് ഫെബ്രുവരി ഒന്നിന് ജേക്കബ് തോമസ് കത്ത് നല്‍കിയെങ്കിലും ചീഫ് സെക്രട്ടറി തള്ളി. തുടര്‍ന്നാണ് മറുപടി നല്‍കിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.