ബി.ഡി.ജെ.എസ് ആരുമായും രഹസ്യചർച്ച നടത്തിയിട്ടില്ല: തുഷാർ വെള്ളാപ്പള്ളി

ആലപ്പുഴ: ബി.ഡി.ജെ.എസ് ആരുമായും രഹസ്യചർച്ച നടത്തിയിട്ടില്ലെന്ന് പാർട്ടി പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി. ബി.ജെ.പിയുമായി ചില കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ട് എന്നതൊഴിച്ചാൽ മറ്റാരുമായും ഒരു ചർച്ചയും നടത്തിയിട്ടില്ല. ഒരു മുന്നണിയുടെയും ഭാഗമാകാമെന്ന ഉറപ്പും നൽകിയിട്ടില്ല.  എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി എന്ന നിലയിൽ വെള്ളാപ്പള്ളി നടേശനെ പല രാഷ്ട്രീയ നേതാക്കളും കാണാറുണ്ട്. എന്നാൽ പാർട്ടിയുടെ ചെയർമാനായി താൻ വന്നതിന് ശേഷം ആരുമായും ബി.ഡി.ജെ.എസ് ഇങ്ങനെയൊരു ചർച്ച നടത്തിയിട്ടില്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

ഓഫിസിലിരിക്കാനോ എം.എൽ.എയോ എം.പിയോ ആകാൻ താൽപര്യമുള്ള ആളല്ല താൻ. പാർട്ടി ഉണ്ടാക്കിയതിലൂടെ സംഘടന വളർത്തുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. എന്നാൽ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ അഞ്ച് ശതമാനം സീറ്റുകളിലെങ്കിലും തങ്ങൾ മത്സരിക്കും. മൊത്തം സീറ്റിന്‍റെ അഞ്ച് ശതമാനം സീറ്റിൽ മത്സരിച്ചാലേ ഇലക്ഷൻ കമീഷൻ ചിഹ്നം അനുവദിച്ച് തരികയുള്ളൂ എന്നതിനാലാണിത് എന്നും തുഷാർ പറഞ്ഞു.

കേരളത്തിലെ രണ്ട് മുന്നണികളുമായും രഹസ്യചർച്ച നടത്തിയിരുന്നുവെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതേതുടർന്ന് തങ്ങൾ ആരുമായും ചർച്ച നടത്തിയിട്ടില്ലെന്ന് മുന്നണി നേതാക്കൾ വ്യക്തമാക്കുകയും ചെയ്തു. ബി.ഡി.ജെ.എസുമായി ബന്ധപ്പെട്ട് രണ്ട് ദിവസമായി നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങൾക്ക് ഇതോടെ വിരാമമാകുമെന്നാണ് പ്രതീക്ഷ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.