വെള്ളാപ്പള്ളിയല്ല, ബി.ഡി.ജെ.എസിന്‍െറ അഭിപ്രായം പാര്‍ട്ടി നേതാക്കള്‍ പറയും –തുഷാര്‍

ആലപ്പുഴ: ബി.ജെ.പിക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നേറ്റം ഉണ്ടാകുമെന്നും ബി.ഡി.ജെ.എസിന്‍െറ അഭിപ്രായങ്ങള്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനല്ല, പാര്‍ട്ടിയുടെ നേതാക്കളാണ് പറയുകയെന്നും തുഷാര്‍ വെള്ളാപ്പള്ളി. ഇടത്-വലത് മുന്നണികളുമായി ചര്‍ച്ച നടത്തിയെന്ന വെള്ളാപ്പള്ളിയുടെ വാദവും തുഷാര്‍ തള്ളി. കേരളത്തില്‍ കഞ്ചാവ്-മയക്കുമരുന്ന് ഉപഭോഗം കൂടാന്‍ കാരണം കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറ നിലപാടാണെന്ന് അദ്ദേഹം ആരോപിച്ചു. സുധീരനെ നേതൃസ്ഥാനത്തുനിന്ന് മാറ്റിയാല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. മാവേലിക്കരയില്‍ ബി.ഡി.ജെ.എസ് കോര്‍ കമ്മിറ്റി യോഗത്തിനിടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിക്ക് വേണ്ടിയാണ് പാര്‍ട്ടി ഉണ്ടാക്കിയതെന്ന പ്രചാരണം എല്‍.ഡി.എഫ്-യു.ഡി.എഫ് മുന്നണികളാണ് നടത്തിയത്. ആരോടും അയിത്തം ഇതുവരെയും ഞങ്ങള്‍ കല്‍പ്പിച്ചിട്ടില്ല.
രാത്രിയിലും പകലുമായി നിരവധി നേതാക്കള്‍ തന്നെ കാണാന്‍ വരുന്നുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞപ്പോള്‍ കോഴി കട്ടവന്‍െറ തലയില്‍ പൂട ഇരിക്കുന്നുവെന്ന പ്രതീതിയായിരുന്നു ഇരുമുന്നണികളിലെയും നേതാക്കള്‍ക്കെന്നും അദ്ദേഹം പറഞ്ഞു. 25 രൂപയുടെ മെംബര്‍ഷിപ് അഞ്ചുലക്ഷത്തോളം പേര്‍ എടുത്തിട്ടുണ്ട്. മാര്‍ച്ച് 15ഓടെ ജില്ലാ കമ്മിറ്റികളുടെ പ്രവര്‍ത്തനം സജ്ജമാകും. അപ്പോഴേക്കും മെംബര്‍ഷിപ് ഇരട്ടിയാകും. അതിനുശേഷം നയം പ്രഖ്യാപിക്കും.
30 ദിവസം കൊണ്ട് ഒരു പാര്‍ട്ടി ഉണ്ടാക്കി ഇത്രയും മെംബര്‍ഷിപ് നേടാന്‍ കഴിയുമെങ്കില്‍ തെരഞ്ഞെടുപ്പിനെ നേരിടാനും സാധിക്കും.
ബി.ഡി.ജെ.എസുമായി സഖ്യം ഉണ്ടാക്കുന്നതിനായി ചില പാര്‍ട്ടികള്‍ രഹസ്യ ചര്‍ച്ച നടത്തിയിരുന്നതായി ജനറല്‍ സെക്രട്ടറി ടി.വി. ബാബു പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്‍, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, സുഭാഷ് വാസു, സംഗീത വിശ്വനാഥന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. ആറുമണിക്കൂറോളം യോഗം നീണ്ടുനിന്നു. കായംകുളത്ത് നിശ്ചയിച്ചിരുന്ന യോഗം അവസാന നിമിഷമാണ് മാവേലിക്കരയിലേക്ക് മാറ്റിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.