പാലക്കാട്: ഇരട്ട വോട്ട് ആരോപണത്തില്‍ കുടുങ്ങിയ ബി.ജെ.പി ജില്ല പ്രസിഡന്റ് കെ.എം. ഹരിദാസ് വോട്ട് രേഖപ്പെടുത്താനെത്തിയില്ല. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ നിര്‍ദേശപ്രകാരമാണ് വോട്ട് ചെയ്യേണ്ടതില്ലെന്ന നിലപാട് ഹരിദാസ് സ്വീകരിച്ചത്. ജില്ല പ്രസിഡന്റിനെതിരായ ഇരട്ട വോട്ട് ആരോപണം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പിക്ക് ക്ഷീണമുണ്ടാക്കിയിരുന്നു. ഹരിദാസ് വോട്ട് ചെയ്യാനെത്തിയാൽ ബൂത്ത് ഏജന്റ് ഒബ്ജക്ഷന് ഉന്നയിക്കുമെന്ന് പറഞ്ഞ് വി.കെ. ശ്രീകണ്ഠൻ എം.പിയുടെ നേതൃത്വത്തിൽ സുൽത്താൻപേട്ട സ്കൂളിലെ 73ാം നമ്പര്‍ ബൂത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പ്രതിഷേധിച്ചു.
വോട്ടിങ് അവസാനിക്കാറാകുമ്പോൾ ഹരിദാസ് എത്തുമെന്നായിരുന്നു വിവരം. വൈകീട്ട് ആറു വരെ ബൂത്തിന് പുറത്ത് തമ്പടിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹരിദാസ് വോട്ട് ചെയ്യാന്‍ എത്തുന്നില്ലെന്ന് കണ്ടതോടെ പിരിഞ്ഞുപോവുകയായിരുന്നു. വൻ പൊലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു. ഇതിനിടെ വി.കെ. ശ്രീകണ്ഠൻ എം.പിയും പൊലീസും തമ്മിൽ വാക്കേറ്റവുമുണ്ടായി. പട്ടാമ്പി കൊപ്പത്തും ഹരിദാസിന് വോട്ടുണ്ടെന്നും രണ്ടു തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകൾ കൈവശംവെക്കുന്നത് കുറ്റകരമാണെന്നും ഹരിദാസിനെതിരെ കേസെടുക്കണമെന്നും ശ്രീകണ്ഠൻ ആവശ്യപ്പെട്ടു.
വോട്ട് ചെയ്യാതിരുന്നത് വിവാദം ഒഴിവാക്കാനാണെന്നും തീരുമാനം നേതൃത്വവുമായി ആലോചിച്ചാണെന്നും ഹരിദാസ് വ്യക്തമാക്കി. താന്‍ കുറേക്കാലമായി പാലക്കാട് ബി.ജെ.പി ജില്ല ഓഫിസിലാണ് താമസിക്കുന്നതെന്നും അതിനാലാണ് വോട്ട് ഇവിടേക്ക് മാറ്റിയതെന്നുമായിരുന്നു ഇരട്ട വോട്ട് ആരോപണത്തിൽ ഹരിദാസ് നേരത്തേ പ്രതികരിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.