കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മില്‍ ഇത്തവണ പുതുമുഖസ്ഥാനാര്‍ഥികള്‍ കുറയും. പുതിയ പരീക്ഷണങ്ങള്‍ക്ക് ശ്രമിക്കാതെ പരമാവധി സീറ്റുകള്‍ ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചര്‍ച്ചകള്‍. മത്സരിക്കുന്നവരില്‍ പലരും നിലവിലെ എം.എല്‍.എമാര്‍ തന്നെയാവുമെന്നാണ് സൂചന. ജില്ലയിലെ 13 നിയമസഭാമണ്ഡലങ്ങളില്‍ ഒമ്പതിടത്തും സി.പി.എം സ്ഥാനാര്‍ഥികള്‍ മത്സരിക്കും. കഴിഞ്ഞതവണത്തേതുപോലെ വടകര (ജനതാദള്‍), നാദാപുരം (സി.പി.ഐ), എലത്തൂര്‍ (എന്‍.സി.പി) മണ്ഡലങ്ങളാവും ഘടകകക്ഷികള്‍ക്ക് വിട്ടുനല്‍കുക.
കോഴിക്കോട് സൗത്തില്‍ നാലുപേരെയാണ് പ്രധാനമായും പരിഗണിക്കുന്നത്. കഴിഞ്ഞതവണ ഡോ. എം.കെ. മുനീറിനോട് 1378 വോട്ടിന് പരാജയപ്പെട്ട സി.പി. മുസഫര്‍ അഹമ്മദിനാണ് പ്രഥമ പരിഗണന. തദ്ദേശ തെരഞ്ഞെടുപ്പില്‍ സൗത്തിലുണ്ടായ മുന്നേറ്റം ഇത്തവണ തുണയാകുമെന്നും പാര്‍ട്ടി പ്രതീക്ഷിക്കുന്നു. ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് കാനത്തില്‍ ജമീല, ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം അഡ്വ. പി.എ. മുഹമ്മദ് റിയാസ്, കോര്‍പറേഷന്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ പി.ടി. അബ്ദുല്ലത്തീഫ് എന്നിവരാണ് പരിഗണിക്കപ്പെടുന്ന മറ്റുള്ളവര്‍. ബേപ്പൂരില്‍ എളമരം കരീമിനുതന്നെയാണ് സാധ്യത. ഇദ്ദേഹം രാജ്യസഭയിലേക്ക് പരിഗണിക്കുന്നുണ്ടെങ്കില്‍ മുസഫര്‍ അഹമ്മദോ മുഹമ്മദ് റിയാസോ മത്സരിക്കും.
കോഴിക്കോട് നോര്‍ത്തില്‍ എ. പ്രദീപ്കുമാര്‍ വീണ്ടും മത്സരിക്കും. ജയസാധ്യതയുള്ള സീറ്റില്‍ സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണന്‍െറ പേരും കേള്‍ക്കുന്നുണ്ട്. കൊയിലാണ്ടിയില്‍ കെ. ദാസനും കുറ്റ്യാടിയില്‍ കെ.കെ. ലതികയും വീണ്ടും മത്സരിക്കും. പേരാമ്പ്രയില്‍ കെ. കുഞ്ഞമ്മദ് മാസ്റ്റര്‍, ഡി.വൈ.എഫ്.ഐ നേതാവ് കെ.കെ. ഹനീഫ, ടി.പി. രാമകൃഷ്ണന്‍ എന്നിവരുടെ പേരുകളാണ് ഉയരുന്നത്. തിരുവമ്പാടിയില്‍ ജോര്‍ജ് എം. തോമസ് മത്സരിക്കും. കൊടുവള്ളിയില്‍ ഗിരീഷ് ജോണിനാണ് സാധ്യത. ബാലുശ്ശേരിയില്‍ പുതുമുഖം വരുമെന്നാണ് സൂചന.
കുന്ദമംഗലത്ത് ഇടതുസ്വതന്ത്രനായി പി.ടി.എ. റഹീമും എലത്തൂരില്‍ എ.കെ. ശശീന്ദ്രനും വീണ്ടും മത്സരിച്ചേക്കും. ജനതാദളിന് നല്‍കുന്ന വടകരയുടെ കാര്യത്തിലാണ് ഇടതുമുന്നണിയില്‍ അല്‍പം ആശങ്ക. ആര്‍.എം.പിയുടെ കെ.കെ. രമ ഇവിടെ സ്ഥാനാര്‍ഥിയായാല്‍ സി.പി.എമ്മിന് അഭിമാനപ്രശ്നമാകും. സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധാകേന്ദ്രം വടകരയാകും. ഇതെല്ലാം കണക്കിലെടുത്ത് കരുത്തനായ സ്ഥാനാര്‍ഥിയെ വേണമെന്നാണ് മുന്നണിയുടെ വിലയിരുത്തല്‍. മുന്‍ തെരഞ്ഞെടുപ്പുകളില്‍നിന്ന് വ്യത്യസ്തമായി ഘടകകക്ഷികളോടും ഐ.എന്‍.എല്‍പോലുള്ള സഹകരിക്കുന്ന പാര്‍ട്ടികളോടും ഉദാരമായ നിലപാടാണ് സി.പി.എം കൈക്കൊള്ളുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.