ശ്രീനാരായണ ഗുരു മതമൈത്രിയുടെ പിന്നിലെ ശക്തമായ സ്രോതസ്സ് –മുഖ്യമന്ത്രി

കോട്ടയം: കേരളത്തില്‍ നിലനില്‍ക്കുന്ന മതമൈത്രിയുടെ പിന്നിലെ ശക്തമായ സ്രോതസ്സ് ശ്രീനാരായണഗുരുവാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നാഗമ്പടം മഹാദേവക്ഷേത്രത്തില്‍ ശിവഗിരി തീര്‍ഥാടനാനുമതി സ്മാരക പവിലിയന്‍ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആത്മീയതയും ഭൗതികതയും ഒന്നിച്ചുള്ള മാര്‍ഗദര്‍ശനങ്ങളാണ് ശ്രീനാരായണ ഗുരു സമൂഹത്തിന് പകര്‍ന്നു നല്‍കിയത്. വരുംതലമുറ ശ്രീനാരായണഗുരുവിന്‍െറ ദര്‍ശനം ഉള്‍ക്കൊള്ളണമെന്നതിനാലാണ് ഗുരുവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്ളസ് ടുവരെയുള്ള പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. തീര്‍ഥാടനത്തിന് പ്രാധാന്യം കൈവരുന്ന കാലഘട്ടത്തില്‍ വലിയൊരു ദൗത്യത്തിനാണ് നാഗമ്പടത്ത് തുടക്കമിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷതവഹിച്ചു. സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി കെ.സി. ജോസഫ്, ജോസ് കെ. മാണി എം.പി, എസ്.എന്‍.ഡി.പി കോട്ടയം യൂനിയന്‍ സെക്രട്ടറി ആര്‍. രാജീവ്, അഡ്വ.വി.പി. അശോകന്‍, സുഭദ്ര മോഹനന്‍, പി.ബി. ഗിരീഷ്, പി. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ബജറ്റില്‍ അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് നാഗമ്പടം ക്ഷേത്രമുറ്റത്താണ് പവിലിയന്‍ നിര്‍മിക്കുന്നത്. 4600 ചതുരശ്ര അടിയില്‍ സ്റ്റേജ് ഉള്‍പ്പെടെയുള്ള സൗകര്യവും പവിലിയനില്‍ ഉണ്ടാകും. ഏറെനാളുകള്‍ക്കുശേഷമാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വെള്ളാപ്പള്ളി നടേശനും ഒരുവേദിയില്‍ എത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.