ഐ.എ.എസ് ഇന്‍റര്‍വ്യൂവിന് വന്ന നായാടി ജാതിക്കാരനായ ധര്‍മപാലനോട് ഇന്‍റര്‍വ്യൂ ബോര്‍ഡിലെ ഒരംഗം ചോദിക്കുന്നു: ‘നിങ്ങള്‍ ഓഫിസറായി പണിയെടുക്കേണ്ട സ്ഥലത്ത് നിങ്ങള്‍ വിധിപറയേണ്ട കേസില്‍ ഒരുഭാഗത്ത് ന്യായവും മറുഭാഗത്ത് ഒരു നായാടിയും ഇരുന്നാല്‍ നിങ്ങള്‍ എന്ത് തീരുമാനമാണെടുക്കുക..?’
ഉറച്ചശബ്ദത്തില്‍ ധര്‍മപാലന്‍ പറയുന്നു: ‘സര്‍, ന്യായം എന്നുപറഞ്ഞാല്‍ അതിന്‍െറ കാതലായി ഒരു ധര്‍മം ഉണ്ടായിരിക്കണം. ധര്‍മങ്ങളില്‍ ഏറ്റവും വലുത് സമത്വംതന്നെ... അതാണ് ഏറ്റവും വിശുദ്ധമായത്. ഒരു നായാടിയെയും മറ്റൊരു മനുഷ്യനെയും രണ്ടുവശത്തും നിര്‍ത്തുകയാണെങ്കില്‍ സമത്വം എന്ന ധര്‍മത്തിന്‍െറ അടിസ്ഥാനത്തില്‍ ആ ക്ഷണംതന്നെ നായാടി അനീതിക്കിരയായവനായി മാറിക്കഴിഞ്ഞു. അവന്‍ എന്തു ചെയ്തിട്ടുണ്ടെങ്കിലും അവന്‍ നിരപരാധിയാണ്...’
ജയമോഹന്‍െറ ‘നൂറു സിംഹാസനങ്ങള്‍’ എന്ന നോവലിന്‍െറ ആ വരികളിലത്തെിയപ്പോള്‍ അയാളുടെ കണ്ണുകള്‍ വല്ലാതെ തിളങ്ങിയിട്ടുണ്ടാവണം. നാട്ടില്‍നിന്ന് ജോലിസ്ഥലത്തേക്കുള്ള ട്രെയിന്‍യാത്രയില്‍ വായിച്ചുകൊണ്ടിരുന്ന നോവല്‍ പൂര്‍ത്തിയാക്കി ഒരു നിശ്വാസത്തോടെ പുറത്തേക്ക് നോക്കിയിരുന്നപ്പോഴാണ് അയാള്‍ എന്‍െറ കൈയില്‍നിന്ന് ആ പുസ്തകം വായിക്കാനെടുത്തത്. ‘അവന്‍ എന്തുതന്നെ ചെയ്തിട്ടുണ്ടെങ്കിലും അവന്‍ നിരപരാധിയാണ്’ എന്ന കല്‍പറ്റ നാരായണന്‍െറ ആമുഖം മുതല്‍ 88 പേജ് മാത്രമുള്ള ആ നോവലിന്‍െറ അവസാനതാള്‍വരെ അയാള്‍ ആ ഇരിപ്പില്‍ വായിച്ചുതീര്‍ത്തു. അതിനിടയില്‍പെട്ടുപോയ നേരിയൊരു മയക്കത്തിനിടയില്‍ ഞങ്ങള്‍ക്കിടയില്‍ ഇരുമ്പ് ഇരുമ്പിലുരയുന്ന വണ്ടിപ്പാച്ചിലിന്‍െറ ഒച്ച മാത്രമേയുണ്ടായിരുന്നുള്ളൂ.
‘ഇതു വായിച്ചിട്ട് നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നുണ്ടാവും അല്ളേ...?’പുസ്തകം മടക്കിത്തന്നിട്ട് അയാള്‍ ചോദിച്ചു. ഉത്തരത്തിന് കാക്കാതെ അയാള്‍ പിന്നെയും പറഞ്ഞുതുടങ്ങി.
‘ഒരു ദലിതന്‍െറ ജീവിതം എന്താണെന്ന് വിവരിക്കാന്‍ ഒരു ഭാഷക്കും കഴിയില്ല. ആ അവസ്ഥ ജീവിച്ചുതന്നെ അറിയണം...’ അപ്പോള്‍ അയാളുടെ മുഖം എനിക്ക് കാണാന്‍ കഴിയാത്തൊരു കോണിലായിരുന്നു.
‘... സര്‍ക്കാര്‍ സര്‍വിസില്‍ അത്യാവശ്യം ഉയര്‍ന്നത് എന്നു പറയാവുന്ന തസ്തികയില്‍ ജോലി ചെയ്തിരുന്നിട്ടും ഞാന്‍ അതനുഭവിച്ചിട്ടുണ്ട്. റിട്ടയര്‍ ചെയ്യുന്നതുവരെ ഞാനൊരു കീഴ്ജാതി ഉദ്യോഗസ്ഥനായിരുന്നു. ഈ നോവലിലെ നായകന്‍െറ അത്രയുമില്ളെങ്കിലും ഒരുപാട് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്.’
കീഴ്ജാതിക്കാരനെ ‘സര്‍’ എന്ന് വിളിക്കേണ്ടിവന്നത് ഗതികേടായി അനുഭവപ്പെട്ട കീഴുദ്യോഗസ്ഥരുടെയും ആ സീറ്റില്‍ കീഴാളന്‍ വന്നതില്‍ നെറ്റിചുളിഞ്ഞ മേലുദ്യോഗസ്ഥരുടെയും ആക്ഷേപങ്ങള്‍ ജീവിതത്തില്‍ പേറേണ്ടിവന്ന സര്‍വിസ് സ്റ്റോറി സംക്ഷിപ്തമായി അയാള്‍ പറഞ്ഞുതന്നു.
നിറവും ജാതിയും അതേക്കുറിച്ചുള്ള അടക്കംപറച്ചിലുകള്‍ക്കുമിടയില്‍ ഓരോദിവസവും താനൊരു കീഴാളനാണെന്ന് സ്വയം ബോധ്യപ്പെടുത്തിക്കൊണ്ട് സഹിച്ചുതീര്‍ക്കേണ്ടിവന്ന വെറുപ്പിന്‍െറ കാലത്തെക്കുറിച്ചുള്ള അസ്വസ്ഥതകളായിരുന്നു ആ ആത്മകഥനത്തിലുടനീളം. സര്‍വിസില്‍നിന്ന് വിരമിച്ചശേഷംമാത്രം അകന്നുപോയ വിമ്മിട്ടത്തെക്കുറിച്ച്...
ഏതോ ഒരു സ്റ്റേഷനില്‍ അയാള്‍ ഇറങ്ങി. ട്രെയിന്‍ നീങ്ങുന്നതിനുമുമ്പ് അയാള്‍ ജനലരികില്‍ പ്രത്യക്ഷപ്പെട്ട് ഓര്‍മപ്പെടുത്തി.
‘ഒരു ദലിതന്‍െറ ജീവിതം ദലിതനേ മനസ്സിലാകൂ...’
പിന്നീട് അയാളെപ്പോലൊരാള്‍ വീണ്ടും ഞങ്ങളുടെ ഓഫിസിലേക്ക് കയറിവന്നു. റവന്യൂവകുപ്പില്‍ ഇപ്പോഴും നല്ളൊരു തസ്തികയില്‍ ജോലി ചെയ്യുന്നൊരാള്‍. വിശ്വസിക്കാന്‍ കൊള്ളാവുന്നൊരാള്‍ ആണെന്ന് അയാള്‍ക്ക് തോന്നിയതിനാലാവണം തന്‍െറ വര്‍ഗത്തിന്‍െറ സങ്കടപ്പൊതി മുന്നില്‍ തുറന്നുവെച്ചു. കൂടെ കുറെ സര്‍ക്കാര്‍രേഖകളുടെ കോപ്പികളും.
പട്ടികജാതിയില്‍പെട്ട ചക്കിലിയ സമുദായമാണ് ആ മനുഷ്യന്‍േറത്. 1947ല്‍ തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് കുടിയേറിപ്പാര്‍ത്തവര്‍. കേരളസംസ്ഥാനം രൂപവത്കരിക്കുന്നതിനും മുമ്പ്. അന്ന് മലബാര്‍ മദ്രാസ് സംസ്ഥാനത്തിന്‍െറ ഭാഗമായിരുന്ന കാലം. കുലത്തൊഴിലായ ചെരിപ്പ് തുന്നലുമായത്തെിയ ഇവര്‍ പിന്നീട് നഗരസഭയുടെ തോട്ടിപ്പണിക്കാരായി മാറി. പിന്നീട് തോട്ടിപ്പണി പുനരധിവാസത്തിന്‍െറ ഭാഗമായി 1950ല്‍ നഗരസഭ ഇവര്‍ക്ക് വീടുവെച്ചുനല്‍കിയപ്പോഴായിരുന്നു സ്വന്തമായി കിടപ്പാടമുണ്ടായത്. അതുവരെ വെറും നാടോടികളെപ്പോലെ അലഞ്ഞുതിരിഞ്ഞവര്‍. കുട്ടികള്‍ വിദ്യാഭ്യാസം നേടിത്തുടങ്ങിയപ്പോള്‍ അതുവരെ ഇല്ലാതിരുന്ന അസ്തിത്വപ്രശ്നങ്ങള്‍ ഈ സമുദായത്തെ പിടികൂടിത്തുടങ്ങി.
എസ്.എസ്.എല്‍.സിയും കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസത്തിനും എന്‍ട്രന്‍സ് പരീക്ഷകള്‍ക്കും എത്തുമ്പോഴാണ് അവരുടെ ദേശമേതെന്ന അതുവരെയില്ലാതിരുന്ന ചോദ്യമുയരുന്നത്. സംവരണാനുകൂല്യത്തിനുള്ള ജാതിസര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ 1950ലെ സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണംപോലും. അല്ളെങ്കില്‍, സംവരണത്തിനായി തമിഴ്നാട്ടില്‍ പോകാനും കല്‍പന.
തമിഴ്നാട്ടില്‍ എവിടെയാണ് ജീവിച്ചിരുന്നതെന്നും നിശ്ചയമില്ലാത്തവരോട്, അവിടെ ഒരുവേരും ശേഷിക്കാത്തവരോട് സര്‍ക്കാര്‍ കല്‍പിക്കുന്നത് ഇതാണ് എന്ന് അയാള്‍ പറയുന്നു. അതുകൊണ്ട് സംവരണമില്ലാതെ എല്ലാവര്‍ക്കുമൊപ്പം മത്സരിക്കുക എന്ന ഗതികേട് പേറേണ്ടിവരുന്നു. ഇനി ഇവര്‍ തമിഴ്നാട്ടില്‍ ചെന്നാല്‍ അവിടെയും ചോദിക്കുക ഇതേ ചോദ്യം തന്നെയായിരിക്കില്ളേ എന്നാണ് അയാള്‍ പറയുന്നത്.
അയാള്‍ പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ തകഴിയുടെ ഇശുകുമുത്തുവിനെ ഓര്‍മവന്നു. തന്‍െറ പാട്ടയും മമ്മട്ടിയും മകനെ ഏല്‍പിച്ചിട്ട് മരിക്കണമെന്നാഗ്രഹിച്ച തോട്ടി. അയാളുടെ മകന്‍ ചുടലമുത്തു. മൂക്കിലേക്ക് തുളച്ചുകയറുന്ന മനുഷ്യമലത്തിന്‍െറ ഗന്ധത്താല്‍ ഭൂമിയിലെ എല്ലാ ഗന്ധങ്ങളും റദ്ദു ചെയ്യപ്പെട്ടുപോയവര്‍. അവരുടെ വംശാവലിയുടെ ഇങ്ങത്തേലക്കല്‍ എവിടെയോ ഈ മനുഷ്യനും നില്‍ക്കുന്നതായി തോന്നി. അയാളുടെ മൂക്കുകള്‍ ഇശുകുമുത്തുവിന്‍േറതുപോലെ വക്രിച്ചിട്ടില്ല. തന്‍െറ മുന്‍ഗാമികള്‍ക്ക് നിഷേധിക്കപ്പെട്ട ജീവിതത്തിന്‍െറ ശുദ്ധവായു തനിക്കുശേഷമുള്ളവര്‍ക്കും കിട്ടണമെന്ന അയാളുടെ ഒടുങ്ങാത്ത ആഗ്രഹം സര്‍ക്കാര്‍ ഓഫിസുകളും പത്ര ഓഫിസുകളും മന്ത്രിമാര്‍ പങ്കെടുക്കുന്ന വേദികളും കയറിയിറങ്ങാന്‍ അയാളെ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
സ്വന്തം സമുദായത്തിന്‍െറ ഗത്യന്തരമില്ലാത്ത അവസ്ഥയെക്കുറിച്ചും അതില്‍ അനുഭവിക്കേണ്ടിവരുന്ന അവഗണനകളും ആട്ടും തുപ്പിനെക്കുറിച്ചും പറയുമ്പോള്‍ അയാളുടെ കണ്ണുകളില്‍ നനവുണരുന്നത് കാണാമായിരുന്നു. ദലിതനിരിക്കുന്ന കസേരയില്‍ ചാണകം തളിക്കുന്ന നാടിന്‍െറ വര്‍ത്തമാനകാലത്തെക്കുറിച്ച്്. മൃഗങ്ങള്‍ക്ക് കിട്ടുന്ന പരിഗണനപോലുമില്ലാത്ത ജന്മങ്ങളെക്കുറിച്ച്. ഒടുവില്‍ അയാള്‍ പറഞ്ഞിട്ട് ഇറങ്ങിപ്പോയതും ആ ട്രെയിന്‍ യാത്രയിലെ സമസ്യതന്നെയായിരുന്നു.
‘ഒരു ദലിതന്‍െറ ജീവിതം ദലിതനുമാത്രമേ മനസ്സിലാകൂ സര്‍...’
‘നൂറു സിംഹാസനങ്ങള്‍’ നോവലിന്‍െറ ആമുഖത്തില്‍ കല്‍പറ്റ നാരായണന്‍ നൈജീരിയന്‍ കവിയും നോവലിസ്റ്റുമായ ബെന്‍ ഓക്രിയെക്കുറിച്ച് പറയുന്നു. ഒഥല്ളോയായി ഒരു നീഗ്രോനടന്‍ വേഷമിട്ടത് കണ്ടപ്പോഴാണ് തനിക്കാ നാടകം ശരിക്കും മനസ്സിലായതെന്ന് ഓക്രി പറഞ്ഞിട്ടുണ്ട്്. ഒഥല്ളോ അനുഭവിച്ച ഏകാന്തതയുടെ വ്യാപ്തി കറുത്തവന്‍ ഒഥല്ളോയായി വേഷമിട്ടനിമിഷം ഓക്രിക്ക് സുഗ്രാഹ്യമായി. അതുവരെ കുറ്റവാളിയായിരുന്ന ഒഥല്ളോ നിരപരാധിയായി തനിക്കുമുന്നില്‍ വെളിപ്പെട്ടുവെന്ന് ഓക്രി അനുസ്മരിക്കുന്നു.
രോഹിത് വെമുലയുടെ മരണക്കുറിപ്പിലൂടെ കടന്നുപോകുമ്പോള്‍ ജയമോഹന്‍െറ ‘നൂറു സിംഹാസനങ്ങള്‍’ നമുക്ക് സുഗ്രാഹ്യമായി തീരുന്നു. സ്വന്തം ജന്മത്തെ പൈപ്പുകഷണത്താല്‍ പ്രഹരിക്കേണ്ടിവരുന്ന ധര്‍മപാലനെ തിരിച്ചറിയുന്നതും ആ കത്ത് വായിക്കുമ്പോഴാണ്. ട്രെയിനിലെ ആ സഹയാത്രികന്‍െറയും ‘ഞാന്‍ ചക്കിലിയനാണ്’ എന്ന് പറഞ്ഞുവന്ന റവന്യൂ ഉദ്യോഗസ്ഥന്‍െറയും വിരാമമൊഴിയുടെ അര്‍ഥവും ആഴവും പിടികിട്ടുന്നു.
ഒരു ദലിതന്‍െറ ജീവിതം എഴുതിയും വായിച്ചും അറിയാവുന്ന ഒന്നല്ല. അതിന് നമ്മള്‍ രോഹിത് വെമുലയായി ജനിക്കേണ്ടിയിരിക്കുന്നു. ഓരോനിമിഷവും ജനനത്തെക്കുറിച്ചുള്ള ചോദ്യങ്ങളാല്‍ വീര്‍പ്പുമുട്ടേണ്ടിയിരിക്കുന്നു. ഒടുവില്‍ ഒരു കൊടിത്തുമ്പില്‍ പിടഞ്ഞുതീരേണ്ടിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.