ബാബുവിനെതിരായ കോഴ ആരോപണം: ത്വരിതാന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കുന്നത് വിജിലന്‍സ് കോടതി വീണ്ടും മാറ്റി

തൃശൂര്‍: ബാര്‍കോഴ ആരോപണത്തില്‍ മന്ത്രി കെ.ബാബുവിനെതിരായ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കുന്നത് തൃശൂര്‍ വിജിലന്‍സ് കോടതി വീണ്ടും മാറ്റി. കേസ് ഏപ്രില്‍ 23ന് പരിഗണിക്കും. ത്വരിതാന്വേഷണ നടപടിക്രമത്തെ മറികടന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വിവാദ ഉത്തരവ് സ്റ്റേ ചെയ്ത ഹൈകോടതിയുടെ നിര്‍ദേശത്തില്‍ കഴിഞ്ഞ എട്ടിന് സമര്‍പ്പിച്ച ത്വരിതാന്വേഷണ റിപ്പോര്‍ട്ട് ഇത് രണ്ടാം തവണയാണ് പരിഗണിക്കുന്നത് മാറ്റിവെക്കുന്നത്.
എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വിജിലന്‍സ് കോടതിയുടെ ഉത്തരവ്  ജനുവരി 28നാണ്  ഹൈകോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തത്. മന്ത്രി ബാബുവിന് ക്ളീന്‍ ചിറ്റ് നല്‍കിയുള്ളതാണ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട്. നേരത്തെ അന്വേഷണത്തിന് ഉത്തരവിടുമ്പോള്‍ സര്‍ക്കാറിനും വിജിലന്‍സിനുമെതിരെ രൂക്ഷവിമര്‍ശങ്ങളും നിരീക്ഷണങ്ങളും കോടതി നടത്തിയിരുന്നു. ഇതും കൂടി പരാമര്‍ശിച്ചായിരുന്നു  സ്റ്റേ. ഏപ്രിലില്‍ കേസ് പരിഗണിക്കുമ്പോള്‍ ഹൈകോടതിയുടെ സ്റ്റേ കാലാവധി പൂര്‍ത്തിയാവും.   ബാര്‍ ലൈസന്‍സ് ഫീസ് കുറച്ച് നല്‍കുന്നതിനും അടച്ചുപൂട്ടിയ ബാറുകള്‍ തുറന്നു കൊടുക്കുന്നതിനുമായി 50 കോടി കോഴവാങ്ങിയെന്ന ബാറുടമ ബിജുരമേശ്  ചാനലിന് നല്‍കിയ അഭിമുഖത്തെ അടിസ്ഥാനമാക്കിയായിരുന്നു ഹരജി. മന്ത്രി കെ.ബാബുവിനെ ഒന്നാംപ്രതിയും ബാര്‍ അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്‍റ് ബിജു രമേശിനെ രണ്ടാം പ്രതിയുമാക്കിയാണ് ഹരജി നല്‍കിയിരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.