ആത്മസമര്‍പ്പണമായി ആറ്റുകാലമ്മക്ക് പൊങ്കാല

തിരുവനന്തപുരം: ആറ്റുകാലമ്മക്ക് ഭക്തലക്ഷങ്ങള്‍ പൊങ്കാല അര്‍പ്പിച്ചു. ഐതിഹ്യപ്പെരുമയും ഭക്തിചൈതന്യവുമുള്ള ആറ്റുകാല്‍ ദേവിക്ക് ആത്മസമര്‍പ്പണമായി പൊങ്കാല അര്‍പ്പിക്കാന്‍ ഭക്തര്‍ ഒഴുകിയത്തെി. വ്രതശുദ്ധിയോടെ നിവേദ്യം അര്‍പ്പിച്ചതിന്‍െറ സായുജ്യത്തോടെയായിരുന്നു ഭക്തരുടെ മടക്കം. കുംഭ മാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തുചേര്‍ന്ന ചൊവ്വാഴ്ച രാവിലെ 10നാണ്  പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചത്. തോറ്റംപാട്ടിലെ പാണ്ഡ്യരാജാവിന്‍െറ ഭാഗം പാടി കഴിഞ്ഞതോടെ ക്ഷേത്രത്തില്‍ ശുദ്ധപുണ്യാഹം നടത്തി. തുടര്‍ന്ന് തന്ത്രി തെക്കേടത്ത് പരമേശ്വരന്‍ വാസുദേവന്‍ നമ്പൂതിരി  ശ്രീകോവിലില്‍നിന്ന് ദീപം പകര്‍ന്ന്് മേല്‍ശാന്തിക്ക് കൈമാറി. ക്ഷേത്രത്തിനകത്തെ വലിയ തിടപ്പള്ളിയിലും പുറത്തെ ചെറിയ തിടപ്പള്ളിയിലും ദീപം തെളിച്ച് മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി സഹമേല്‍ശാന്തിക്ക് കൈമാറി. ഈ ദീപം ക്ഷേത്രത്തിനു മുന്നില്‍ പച്ചപ്പന്തലിന് സമീപം ഒരുക്കിയിരുന്ന പണ്ടാരയടുപ്പില്‍  തെളിച്ചതോടെ പൊങ്കാലക്ക് തുടക്കമായി. തുടര്‍ന്ന് ദേവീസ്തുതികള്‍ക്കൊപ്പം ചെണ്ടമേളവും വായ്ക്കുരവയും കതിനാവെടിയും മുഴങ്ങി. നിമിഷങ്ങള്‍ക്കുള്ളില്‍ കിലോമീറ്ററുകള്‍ നിരന്ന അടുപ്പുകളിലേക്ക് അഗ്നി പകര്‍ന്നു. ഇതോടെ അനന്തപുരിയുടെ നടവഴികളും ഇടവഴികളും ക്ഷേത്രമുറ്റമായി.  മണിക്കൂറുകള്‍ക്കകം മണ്‍കലങ്ങളില്‍ തിളച്ച് തൂവിയ നിവേദ്യം അമ്മക്ക് സമര്‍പ്പിച്ച ഭക്തരുടെ പ്രാര്‍ഥന ശരണമന്ത്രമായി. ക്ഷേത്രത്തില്‍നിന്ന് 10 കിലോമീറ്ററോളം ചുറ്റളവില്‍ അടുപ്പുകള്‍ നീണ്ടു.

ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന്‍െറ ഭാര്യ സരസ്വതി, പത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതി അധ്യക്ഷയും ജില്ലാ ജഡ്ജിയുമായ ഇന്ദിര തുടങ്ങിയവരും നിരവധി വിദേശികളും  പൊങ്കാല അര്‍പ്പിക്കാന്‍ എത്തി. മന്ത്രി വി.എസ് ശിവകുമാര്‍, എം.എല്‍.എമാരായ വി. ശിവന്‍കുട്ടി, കെ. മുരളീധരന്‍, മേയര്‍ അഡ്വ. വി.കെ. പ്രശാന്ത്, കൗണ്‍സിലര്‍ ആര്‍.സി. ബീന, ബി.ജെ.പി നേതാവ് വി. മുരളീധരന്‍  തുടങ്ങിയവരും ചടങ്ങുകള്‍ക്ക് സാക്ഷ്യംവഹിക്കാന്‍ എത്തിയിരുന്നു.

ഉച്ചക്ക് 1.30ന് നിവേദ്യ ചടങ്ങുകള്‍ ആരംഭിച്ചു. ക്ഷേത്രത്തില്‍നിന്ന് നിയോഗിച്ച ശാന്തിമാര്‍ പുണ്യാഹ ജലം തളിച്ചു. ഈ സമയം വ്യോമസേനയുടെ പ്രത്യേകവിമാനം പുഷ്പവൃഷ്ടി നടത്തി. ഇതോടെ അമ്മയുടെ അനുഗ്രഹതീര്‍ഥം പൊങ്കാലക്കലങ്ങളില്‍ ഏറ്റുവാങ്ങി ഭക്തര്‍ മടങ്ങി. രാത്രി 7.20ന് കുത്തിയോട്ട ബാലന്മാരുടെ ചൂരല്‍കുത്ത് ആരംഭിച്ചു. കുത്തിയോട്ടത്തിന്‍െറയും കലാരൂപങ്ങളുടെയും പൊലീസ് സായുധ സേനയുടെയും അകമ്പടിയോടെ 11ന് ദേവി മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. 863 ബാലന്മാരാണ് കുത്തിയോട്ടത്തിനത്തെിയത്. ബുധനാഴ്ച രാവിലെ ദേവിയെ ക്ഷേത്രത്തിലേക്ക് തിരികെ എഴുന്നള്ളിക്കും. തുടര്‍ന്ന് രാത്രി നടക്കുന്ന കാപ്പഴിപ്പ്, കുരുതി തര്‍പ്പണം ചടങ്ങുകളോടെ 10 ദിവസത്തെ ഉത്സവത്തിന് സമാപനമാകും.

പരിസ്ഥിതി സൗഹൃദമായി ‘ഹരിത പൊങ്കാല’
തിരുവനന്തപുരം: ഗ്രീന്‍ പ്രോട്ടോക്കോള്‍ ഫലം കണ്ടു, പരിസ്ഥിതി സൗഹാര്‍ദത്തിന്‍െറ വിളംബരം കൂടിയായി ഇക്കുറി ആറ്റുകാല്‍ പൊങ്കാല. പ്ളാസ്റ്റിക് ഉപഭോഗം പരമാവധി കുറക്കുന്നതിന് ജനം സഹകരിച്ചു. പ്ളാസ്റ്റിക് പാത്രങ്ങള്‍ പരമാവധി കുറച്ച് കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്യാനാണ് നഗരസഭയും  ശുചിത്വമിഷനും ജില്ലാ ഭരണകൂടവും ഭക്ഷ്യസുരക്ഷാ വകുപ്പും ക്ഷേത്രം ഭരണസമിതിയും തീരുമാനിച്ചിരുന്നത്. ഇക്കാര്യം നേരത്തേ ജനങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു.
 കുടിവെള്ളവിതരണവും ഭക്ഷണവിതരണവും നടത്തി മാതൃക കാട്ടിയ സന്നദ്ധ സംഘടനകളെല്ലാം പരിസ്ഥിതി സൗഹാര്‍ദ പൊങ്കാലക്കായി കൈകോര്‍ക്കുകയും ചെയ്തു. അന്നദാനസംഘങ്ങളും സ്റ്റീല്‍ ഗ്ളാസുകളും പാത്രങ്ങളുമാണ് ഉപയോഗിച്ചത്. പദ്ധതിയുടെ വിജയത്തിനായി 3000 സ്റ്റീല്‍ പാത്രങ്ങളും  10,000ത്തിലധികം ഗ്ളാസുകളും കോര്‍പറേഷന്‍ ശേഖരിച്ചിരുന്നു. ഇതിനുപുറമെ ശുചിത്വ മിഷന്‍  2000 പ്ളേറ്റുകളും  ഗ്ളാസുകളും നല്‍കി. കുപ്പിവെള്ളവും പ്ളാസ്റ്റിക് പാത്രങ്ങളും അപൂര്‍വമായിരുന്നു. പൊങ്കാല കഴിഞ്ഞ് നഗരത്തില്‍ എവിടെയും പ്ളാസ്റ്റിക് കുപ്പികളോ പാത്രങ്ങളോ കാണാനുണ്ടായില്ല. ശുചീകരണത്തിന്1000 സ്ഥിരം തൊഴിലാളികളെയും 784 ദിവസവേതനാടിസ്ഥാനത്തിലുള്ളവരെയും നിയോഗിച്ചിരുന്നു.
മാലിന്യനീക്കത്തിന് നഗരസഭയുടെ ലോറികള്‍ക്ക് പുറമെ 35ഓളം ലോറികള്‍ വാടകക്കും എടുത്തിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.