അതിവേഗ റെയില്‍ അനിവാര്യം; സഹകരിക്കാന്‍ തയാര്‍ –ഇ. ശ്രീധരന്‍

കൊച്ചി: സംസ്ഥാനത്തിന്‍െറ വികസനത്തില്‍ കുതിച്ചുചാട്ടം സാധ്യമാക്കാന്‍ തിരുവനന്തപുരം-മംഗലാപുരം അതിവേഗ റെയില്‍ ഇടനാഴി യാഥാര്‍ഥ്യമാക്കുന്നതിലൂടെ കഴിയുമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ മുഖ്യഉപദേഷ്ടാവ് ഡോ. ഇ. ശ്രീധരന്‍. ഇതിന് ഭരണാധികാരികള്‍ ശ്രദ്ധവെക്കണമെന്നും സര്‍ക്കാറുമായി സഹകരിക്കുന്നതിനും ഒപ്പംനിന്ന് മാര്‍ഗനിര്‍ദേശം നല്‍കാനും തനിക്ക് ആഗ്രഹമുണ്ടെന്നും ശ്രീധരന്‍ വ്യക്തമാക്കി. പ്രഫ. കെ.വി. തോമസ് എം.പിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘ദി ഗ്രേറ്റ് അച്ചീവേഴ്സ്’ മുഖാമുഖം പരിപാടിയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന് അനുയോജ്യവും അനിവാര്യവുമായതാണ് ഹൈസ്പീഡ് കോറിഡോര്‍. ഭൂമി ഏറ്റെടുക്കലാണ് സംസ്ഥാനത്ത് അസാധ്യമായത് എന്നിരിക്കെ തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍ കോറിഡോര്‍ എളുപ്പം നടപ്പാക്കാം. മഹാരാഷ്ട്രയില്‍നിന്നടക്കം പുതിയ മെട്രോ പദ്ധതികള്‍ക്ക്  മേല്‍നോട്ടം വഹിക്കാന്‍ ക്ഷണമുണ്ട്. എന്നാല്‍, തന്‍െറ പ്രായം പരിഗണിച്ച് ഇതിനൊന്നുമില്ല. അതേസമയം, ഹൈസ്പീഡ് കോറിഡോറിനൊപ്പം നില്‍ക്കാന്‍ ആവേശമുണ്ട്.

മൂന്നുമാസംകൊണ്ട് പാമ്പന്‍പാലം പുനര്‍നിര്‍മിച്ചതായിരുന്നു ജീവിതത്തിലെ  വലിയ വെല്ലുവിളി. വിദ്യാര്‍ഥികളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു, നിലവില്‍ കൊച്ചി അടക്കം ഏഴ് മെട്രോകളുടെ കണ്‍സള്‍ട്ടന്‍റായ ശ്രീധരന്‍. കൊച്ചിയുടെ വികസനത്തിന് ദീര്‍ഘവീക്ഷണമുള്ള ടീമാണ് കെ.എം.ആര്‍.എല്ലിന്‍െറ തലപ്പത്ത് ഏലിയാസ് ജോര്‍ജിന്‍െറ നേതൃത്വത്തിലുള്ളത്. നഗരത്തിലെ വിവിധ സ്കൂളുകളില്‍നിന്ന് 200ഓളം കുട്ടികളാണ് മുഖാമുഖത്തില്‍ പങ്കെടുത്തത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.