സി.പി.എം സ്ഥാനാര്‍ഥിനിര്‍ണയം തെരഞ്ഞെടുപ്പ് വിജ്ഞാപനശേഷം

തിരുവനന്തപുരം: മാര്‍ച്ച് ആദ്യവാരത്തോടെ നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ പ്രചാരണ പ്രവര്‍ത്തനത്തിലേക്ക് കടക്കാന്‍ സി.പി.എം തീരുമാനിച്ചു. സ്ഥാനാര്‍ഥിനിര്‍ണയം, ഘടകകക്ഷികളുമായുള്ള സീറ്റ് പങ്കുവെക്കല്‍, കൈമാറല്‍ വിഷയങ്ങള്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനുശേഷം പരിഗണിക്കാനാണ് നേതൃതല ധാരണ. ബുധനാഴ്ച നടന്ന സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനങ്ങള്‍.
മാര്‍ച്ച് ആദ്യം വിജ്ഞാപനം പുറത്തിറങ്ങുമെന്നാണ് കണക്കുകൂട്ടല്‍. അതിനുശേഷമാകും ജില്ലാ കമ്മിറ്റികള്‍ ചേര്‍ന്ന് കരടുസാധ്യതാ സ്ഥാനാര്‍ഥി പട്ടികക്ക് രൂപംനല്‍കുക. ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചയും ഒപ്പം നടക്കും. അതിനുമുമ്പ് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. മാര്‍ച്ച് അഞ്ചുമുതല്‍ ഏഴുവരെ ഗൃഹസന്ദര്‍ശന പരിപാടികള്‍ നടത്തും. ഒരുവീട്ടില്‍ അഞ്ചുമിനിറ്റെങ്കിലും തങ്ങി നിലവിലെ രാഷ്ട്രീയ സാഹചര്യമടക്കം വിശദീകരിക്കണമെന്നാണ് നിര്‍ദേശം. അതേസമയം, ഇടുക്കി പൈനാവ് പോളിടെക്നിക് വനിതാ പ്രിന്‍സിപ്പലിനെ വ്യക്തിപരമായി അധിക്ഷേപിച്ച് പ്രസംഗിച്ച എം.എം. മണി അവധാനത പുലര്‍ത്തിയില്ളെന്ന ആക്ഷേപം യോഗത്തില്‍ ഉയര്‍ന്നു. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കേ രാഷ്ട്രീയ എതിരാളികള്‍ക്ക് ആയുധമായി മാറുന്ന തരത്തിലാകരുത് ആരുടെയും പ്രവൃത്തിയെന്നും അഭിപ്രായമുയര്‍ന്നു.
തുടര്‍ന്ന് വനിതാ പ്രിന്‍സിപ്പലിനെതിരായ പരാമര്‍ശത്തില്‍ മണി ഖേദം പ്രകടിപ്പിച്ചു. പൊലീസിനെതിരായ പ്രസംഗത്തിന്‍െറ സാഹചര്യം വിശദീകരിച്ച മണി നിലപാടില്‍ ഉറച്ചുനിന്നു.നവകേരള മാര്‍ച്ച് വിജയകരമായിരുന്നെന്ന് വിലയിരുത്തി. വന്‍ ജനപിന്തുണയാണ് എല്ലാ കേന്ദ്രങ്ങളിലും ലഭിച്ചത്. വമ്പിച്ച ജനപങ്കാളിത്തവുമുണ്ടായി. വിവിധതലത്തില്‍ ഇടപെട്ടവരുമായുള്ള കൂടിക്കാഴ്ചയിലൂടെയും മറ്റും ലഭിച്ച നിര്‍ദേശമടക്കം പരിശോധിച്ച് പ്രകടനപത്രികക്ക് രൂപംനല്‍കും. മറ്റ് സംഘടനാവിഷയങ്ങളും പരിഗണിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.