പുല്‍പ്പറ്റയിലെ 38 കുടുംബങ്ങള്‍ക്ക് വിശക്കില്ല, കൂട്ടിന് കുരുന്നു കൈകളുണ്ട്

മഞ്ചേരി: ഒരുപിടി പച്ചരി, അല്‍പം പഞ്ചസാര, ഒരു സ്പൂണ്‍ വെളിച്ചെണ്ണ, പയറോ കടലയോ ഇത്തിരി... 1800 കുരുന്നു കൈകള്‍ ഇത് ഒരുമിച്ച് പിടിച്ചപ്പോള്‍ ഉള്‍നാടന്‍ ഗ്രാമമായ പുല്‍പ്പറ്റയില്‍ ‘ഭക്ഷ്യവിപ്ളവം’ പുലരുകയാണ്. പുല്‍പ്പറ്റ തൃപ്പനച്ചിയിലെ എയ്ഡഡ് യു.പി സ്കൂളിലെ അധ്യാപകരില്‍ ചിലരാണ് ‘വിശപ്പകറ്റാന്‍ ഒരുപിടി ധാന്യം’ പേരില്‍ പദ്ധതി ആവിഷ്കരിച്ചത്. ചികിത്സക്ക് വകയില്ലാതെ പെയിന്‍ ആന്‍ഡ് പാലിയേറ്റിവിന്‍െറ സഹായം സ്വീകരിക്കുന്ന 38 കുടുംബങ്ങളുടെ അടുക്കളകളിലാണ് വിഭവങ്ങളത്തെുന്നത്. ഫെബ്രുവരിയില്‍ തുടങ്ങിയ പദ്ധതിക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.
മാസത്തില്‍ ആദ്യ ആഴ്ചയില്‍ കുട്ടി വീട്ടില്‍നിന്ന് വരുമ്പോള്‍ കൊണ്ടുവരുന്ന ഭക്ഷ്യവസ്തുക്കള്‍ സ്കൂളിന് മുന്നില്‍ വെച്ച വലിയ ബക്കറ്റുകളില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. സ്കൗട്ട് വിദ്യാര്‍ഥികള്‍ക്കാണ് മേല്‍നോട്ടം. പുഴുക്കലരി, പച്ചരി, ഗോതമ്പ്, പഞ്ചസാര തുടങ്ങിയവയെല്ലാം ക്വിന്‍റല്‍ കവിഞ്ഞു. ചായപ്പൊടി 25 കി. ഗ്രാമിലത്തെി. മാസത്തില്‍ ആദ്യ ആഴ്ചയിലെ ബുധനാഴ്ച യു.പിക്കാര്‍ക്കും വ്യാഴാഴ്ച എല്‍.പിക്കാര്‍ക്കുമുള്ളതാണ്. പച്ചക്കറിയും സോപ്പും വരെ സ്കൂളിലത്തെുന്നുണ്ട്. പാലിയേറ്റിവ് വളന്‍റിയര്‍മാര്‍ ആദ്യമാസത്തെ വിഭവങ്ങള്‍ വീടുകളില്‍ എത്തിച്ചുകഴിഞ്ഞു.
മാരക രോഗങ്ങള്‍ ബാധിച്ച് കിടപ്പിലായവരുടെ കുടുംബങ്ങള്‍ക്കായാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികള്‍ കൊണ്ടുവന്ന വിഭവങ്ങള്‍ കിറ്റുകളാക്കിയാണ് നല്‍കുന്നതെന്ന് പദ്ധതിക്ക് നേതൃത്വം നല്‍കുന്ന പ്രധാനാധ്യാപിക ആനിയമ്മ തോമസും കോഓഡിനേറ്റര്‍ അലിമാസ്റ്ററും പറഞ്ഞു. പഞ്ചായത്തിലെ മറ്റു സ്കൂളുകളിലും ഈ മാതൃക നടപ്പാക്കാനുള്ള ശ്രമത്തിലാണ് പാലിയേറ്റിവ് യൂനിറ്റെന്ന് സെക്രട്ടറി ബാസില്‍ പറഞ്ഞു.
നിലവില്‍ തൃപ്പനച്ചിയില്‍ സ്കൗട്ട് ആന്‍ഡ് ഗൈഡ്സിലെ 98 വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആഴ്ചയില്‍ ഒരു രൂപ എന്ന രീതിയില്‍ സമാഹരിക്കുന്നുണ്ട്. പെയിന്‍ ആന്‍ഡ് പാലിയേറ്റിവിന് 1.05 ലക്ഷം രൂപ നേരത്തേ സമാഹരിച്ച് നല്‍കിയിരുന്നു. ജില്ലാ പഞ്ചായത്തിന്‍െറ കിഡ്നി വെല്‍ഫെയര്‍ സൊസൈറ്റിക്കും കുട്ടികളുടെ സഹായം ലഭിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.