വനഭൂമി പതിവ് ചട്ടം ഭേദഗതിക്കും കരട് തയാര്‍

തിരുവനന്തപുരം: പശ്ചിമഘട്ടത്തിലെ പട്ടയ ഭൂമി ക്വാറിമാഫിയക്ക് തീറെഴുതിയ റവന്യൂ വകുപ്പ് നടപടിക്കു പിന്നാലെ വനഭൂമി പതിവ് ചട്ടം ഭേദഗതിക്കും സര്‍ക്കാര്‍ ഒരുങ്ങുന്നു. ഭൂമി പതിച്ചുനല്‍കല്‍ ചട്ടങ്ങളില്‍ ഭേദഗതിക്ക് ലാന്‍ഡ് റവന്യൂ കമീഷണറേറ്റില്‍ കരട് തയാറായിക്കഴിഞ്ഞു. 1960ലെ കേരള ഭൂമി പതിച്ചുനല്‍കല്‍ നിയമത്തിനനുസൃതമായി രൂപപ്പെടുത്തിയ 1970ലെ കൃഷിയോഗ്യ വനഭൂമി പതിച്ചു നല്‍കല്‍ ചട്ടങ്ങളിലും 1964 ലെ ഭൂമി പതിവ് ചട്ടങ്ങളിലുമാണ് ഭേദഗതിക്കൊരുങ്ങുന്നത്. പുതിയ ഭേദഗതിക്ക് ‘കൃഷിയോഗ്യവനഭൂമി പതിച്ചുനല്‍കല്‍ (ദേദഗതി) ചട്ടങ്ങള്‍- 2016’ എന്നുപേരും നല്‍കിയിട്ടുണ്ട്.കൃഷിക്കും ജനവാസത്തിനും അനുയോജ്യമെന്ന് തിട്ടപ്പെടുത്തിയ ഭൂമി വനം വകുപ്പില്‍നിന്ന് റവന്യൂ വകുപ്പിന് കൈമാറി താമസത്തിനോ കൃഷിക്കോ രണ്ടിനും കൂടിയോ പതിച്ചുനല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് 1970ലെ ചട്ടം. ഇങ്ങനെ പതിച്ചു കിട്ടിയ ഭൂമി 12 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യരുതെന്ന വ്യവസ്ഥ (ഏഴാമത്തെ) ഒഴിവാക്കുമെന്നാണ് ആദ്യ ഭേദഗതി. കൃഷിയെന്നാല്‍ എല്ലാ കാര്‍ഷികാനുബന്ധ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുമെന്നും അതിനാല്‍ ഭൂമി കൃഷിയോഗ്യമാക്കി മാറ്റുന്നതിന് പാറ നീക്കാമെന്നാണ് രണ്ടാമത്തെ ഭേദഗതി നിര്‍ദേശം.  

1964 ലെ ഭൂമി പതിവ് ചട്ടം സെക്ഷന്‍ എട്ടിലെ ഉപവകുപ്പ് രണ്ട് അനുസരിച്ച് ഭൂമി കെട്ടിടനിര്‍മാണത്തിന് നല്‍കിയതാണെങ്കില്‍ പതിച്ചുകിട്ടുന്ന വ്യക്തിയോ അയാളുടെ പിന്തുടര്‍ച്ചാവകാശിയോ അവിടെ താമസിക്കേണ്ടതും കൃഷിക്കാണെങ്കില്‍ അവിടെ സ്വന്തമായി കൃഷിയിറക്കേണ്ടതുമാണ്. ഭൂമി പതിച്ചു കിട്ടിയത് മുതല്‍ ഒരു വര്‍ഷത്തിനകം കൃഷിയോ താമസമോ തുടങ്ങണം. ഈ വ്യവസ്ഥ ലംഘിച്ചാല്‍ സര്‍ക്കാറിന് പട്ടയം റദ്ദു ചെയ്യാന്‍ അധികാരമുണ്ട്. 1980ന് മുമ്പ് നല്‍കിയ പട്ടയങ്ങള്‍ക്ക് ഈ വ്യവസ്ഥകള്‍ പ്രായോഗികമല്ളെന്നാണ് ഭേദഗതി നിര്‍ദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. അതിനാല്‍ ഈ വ്യവസ്ഥയിലും മാറ്റം വരുത്തണം. പട്ടയം ലഭിച്ച് ഒരു വര്‍ഷത്തിനകം ഉടമ ഭൂമിയില്‍ പ്രവേശിക്കണമെന്ന ചട്ടം ഭേദഗതി ചെയ്ത് സമയപരിധി 30 വര്‍ഷമാക്കണമെന്നതാണ് മൂന്നാമത്തെ ഭേദഗതി.

അതേസമയം, ഭൂമി പതിച്ചു നല്‍കല്‍ നിയമത്തിലെ (1960) മൂന്നാം വകുപ്പ് വ്യക്തമായ ഉപാധികള്‍ വെച്ചിട്ടുണ്ട്. എന്നാല്‍, ഭേദഗതി നിര്‍ദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നത് ഉപാധിരഹിത പട്ടയം നല്‍കുന്നതിന് നിയമ തടസ്സമില്ളെന്നാണ്. ഒരിക്കല്‍ പട്ടയം നല്‍കുന്നതിന് മുന്നോട്ടുവെച്ച ഉപാധികള്‍ മാറ്റുന്നതിനും പരിഷ്കരിക്കുന്നതിനും സര്‍ക്കാറിന് അധികാരമുണ്ടെന്നാണ് പറയുന്നത്. 1970 ഭൂമി പതിവ് ചട്ടം അനുസരിച്ച് പട്ടയം നല്‍കിയ ഭൂമിയിലധികവും കൃഷിയോഗ്യമല്ലാത്ത പാറക്കുന്നുകളാണ്.

ഈ ഭൂമി ഇപ്പോള്‍ വാണിജ്യപരമായ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ട്. അതിനാല്‍, പാറ ഖനനം ചെയ്ത് ഭൂമി കൃഷി യോഗ്യമാക്കാമെന്നാണ് കമീഷണറേറ്റിന്‍െറ പുതിയ കണ്ടത്തെല്‍. സര്‍ക്കാറിന്‍െറ വ്യക്തമായ നിര്‍ദേശത്തോടെ ലാന്‍ഡ് റവന്യൂ കമീഷണര്‍ ഓഫിസ് തയാറാക്കിയ പ്രാഥമിക കരട് റവന്യൂ, വനം വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.