ചന്ദ്രബോസ് വധക്കേസ് വിചാരണ അന്തിമഘട്ടത്തിലേക്ക്; വാദപ്രതിവാദം അഞ്ചിന് തുടങ്ങും


തൃശൂര്‍: ചന്ദ്രബോസ് വധക്കേസ് വിചാരണ അവസാന ഘട്ടത്തിലേക്ക്. അന്തിമ വാദം ഈമാസം അഞ്ചിന് തുടങ്ങും. പ്രോസിക്യൂഷന്‍-പ്രതിഭാഗം സാക്ഷി വിസ്താരങ്ങള്‍ പൂര്‍ത്തിയായി. പ്രതിഭാഗം സമര്‍പ്പിച്ച അപേക്ഷകള്‍ കോടതി വെള്ളിയാഴ്ച തീര്‍പ്പാക്കി. ഇരുപക്ഷത്തെയും പ്രമുഖ അഭിഭാഷകരായ അഡ്വ. സി.പി. ഉദയഭാനുവും അഡ്വ. രാമന്‍പിള്ളയും തമ്മിലെ വാദപ്രതിവാദമാണ് നടക്കാനുള്ളത്. 
പ്രോസിക്യൂഷന്‍ കുറ്റപത്രത്തിലെ 111 സാക്ഷികളില്‍ 22 പേരെയും പ്രതിഭാഗം ആവശ്യപ്പെട്ട 25 പേരില്‍ കോടതി അനുവദിച്ച നാലുപേരെയുമാണ് വിസ്തരിച്ചത്. ഒക്ടോബര്‍ 26ന് തുടങ്ങിയ പ്രോസിക്യൂഷന്‍ സാക്ഷി വിസ്താരം ഡിസംബര്‍ നാലിന് പൂര്‍ത്തിയായെങ്കിലും പ്രതിഭാഗം ക്രോസ് വിസ്താരം നീണ്ടു. 
ഡിസംബര്‍ പത്തിന് തുടങ്ങിയ നിസാമിന്‍െറ ചോദ്യം ചെയ്യല്‍11ന് പൂര്‍ത്തിയായി. വാഹനത്തിന് മുന്നിലേക്ക് ചാടിയ ചന്ദ്രബോസിനെ രക്ഷിക്കാനാണ് ശ്രമിച്ചതെന്ന അധിക വിശദീകരണവും നിസാം നല്‍കി. കുറ്റവിമുക്ത വാദത്തില്‍ നിന്ന് പിന്മാറിയ പ്രതിഭാഗം 12 മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി 25 പേരുടെ സാക്ഷിപ്പട്ടിക സമര്‍പ്പിച്ചു. എന്നാല്‍, മാധ്യമ പ്രവര്‍ത്തകരെ വിസ്താരത്തില്‍നിന്ന് കോടതി ഒഴിവാക്കി. ഫോറന്‍സിക് വിദഗ്ധന്‍, ടയര്‍ വിദഗ്ധന്‍, മന$ശാസ്ത്ര വിദഗ്ധന്‍ എന്നിവരടക്കം നാലുപേരെയാണ് വിസ്തരിക്കാന്‍ അനുമതി നല്‍കിയത്. 
ഇതിനിടെ, പ്രതിഭാഗം സാക്ഷിമൊഴികളും പ്രോസിക്യൂഷന് അനുകൂലമായി. 31ന് വിസ്താരം പൂര്‍ത്തിയായെങ്കിലും നിസാമിനെ ജയിലില്‍ ചികിത്സിച്ച ഡോക്ടറെ വിസ്തരിക്കണമെന്നും സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരുടെ മൊബൈല്‍ കോള്‍ ലിസ്റ്റും ചന്ദ്രബോസിന്‍െറ പോസ്റ്റ്മോര്‍ട്ടം ദൃശ്യങ്ങളും പരിശോധിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.
ഡോക്ടറെ വിസ്തരിക്കണമെന്ന ആവശ്യം കോടതി വെള്ളിയാഴ്ച തള്ളി. ജയില്‍ രേഖകളും മൊബൈല്‍ കോള്‍ ലിസ്റ്റും പരിശോധിക്കാന്‍ അനുവദിച്ചു. പോസ്റ്റ്മോര്‍ട്ടം ദൃശ്യങ്ങള്‍ പരിശോധിക്കുന്നത് സംബന്ധിച്ച് അഞ്ചിന് തീരുമാനം പറയും. 
അഞ്ചിന് തുടങ്ങുന്ന വാദം രണ്ട് ദിവസം കൊണ്ട് പൂര്‍ത്തിയാകുമെന്ന് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.സി.പി. ഉദയഭാനു പറഞ്ഞു. എന്നാല്‍, മാധ്യമപ്രവര്‍ത്തകരെ വിസ്തരിക്കണമെന്ന പ്രതിഭാഗം ഹരജി നാലിന് ഹൈകോടതി പരിഗണിക്കുന്നുണ്ട്. പുതിയ വഴിത്തിരിവുണ്ടായില്ളെങ്കില്‍ ഈ മാസം 10നകം വിധി വന്നേക്കും.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.