അക്രമം അവസാനിപ്പിച്ചാൽ ആർ.എസ്.എസുമായി ചർച്ചക്ക് തയാറെന്ന് പിണറായി

കണ്ണൂർ: അക്രമവും കൊലപാതകവും അവസാനിപ്പിച്ച് മുന്നോട്ടുവന്നാൽ ആർ.എസ്.എസുമായി സമാധാന ചർച്ചക്ക് തയാറാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. അക്രമം അവസാനിപ്പിച്ച് മുന്നോട്ടുവന്നാൽ നാടിൻെറ സമാധാനം മുൻനിർത്തി എല്ലാ വിധത്തിലും സഹകരിക്കാൻ തയാറാണ്. ചർച്ചക്ക് തയാറാണെന്ന് പറഞ്ഞതിൽ തെല്ലെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ അവർ അക്രമവും കൊലപാതകവും അവസാനിപ്പിക്കട്ടെയെന്നും പിണറായി വ്യക്തമാക്കി. കണ്ണൂരില്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സി.പി.എമ്മുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിൻെറ അഭിപ്രായത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആക്രമണവും കൊലപാതകവും ആർ.എസ്.എസ് ഉപേക്ഷിക്കാന്‍ തയാറുണ്ടോ എന്നതാണ് പ്രശ്നം. അധികൃതരുടെ സാന്നിധ്യത്തില്‍ സി.പി.എമ്മും സര്‍വകക്ഷികളും ആർ.എസ്.എസ്സുമായി എത്രയോ ചര്‍ച്ചകള്‍ നടത്തിയതാണ്. തീരുമാനങ്ങളുടെ മഷിയുണങ്ങും മുമ്പ് തന്നെ വീണ്ടും അതിക്രമങ്ങൾ സംഘടിപ്പിച്ചവരാണ് ആർ.എസ്.എസ്. ഇതെല്ലാം ഉപേക്ഷിക്കാന്‍ തയ്യാറാകണം. അങ്ങനെയാണെങ്കില്‍ ഏത് കാര്യത്തിലും സഹകരിക്കാന്‍ ഞങ്ങളെപ്പോഴും സന്നദ്ധമാണ്. ഏതെങ്കിലുമൊരു ചര്‍ച്ചക്ക് ഞങ്ങള്‍ക്ക് തടസ്സമുണ്ടെന്ന് കാണേണ്ടതില്ലെന്നും പിണറായി വ്യക്തമാക്കി.

കേരളത്തെ പരീക്ഷണശാലയാക്കി ആർ.എസ്.എസ് അഖിലേന്ത്യാ നേതൃത്വം തീരുമാനിച്ചതിൻെറ ഭാഗമായാണ് ദശാബ്ദങ്ങളായി പല ആക്രമണങ്ങളും ഇവിടെ അരങ്ങേറുന്നത്. ആദ്യം ചില പ്രദേശങ്ങളെ മോഡലാക്കിയെടുത്ത് ശാരീരിക അക്രമങ്ങളിലൂടെ പാർട്ടിയെ വളർത്താൻ അവർ കണക്കുകൂട്ടി. എന്നാൽ ഇത് വിജയിപ്പിക്കാനാവുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടപ്പോള്‍ മറ്റുപ്രദേശങ്ങളില്‍നിന്ന് വളണ്ടിയർമാരെ അയച്ചുകൊടുത്തുള്ള പിന്തുണയാണ് ആർ.എസ്.എസ് നേതൃത്വം നൽകിയതെന്നും പിണറായി പറഞ്ഞു.

കോടിക്കണക്കിന് രൂപ ചെലവഴിച്ച് കേരളത്തിൽ അവർ അക്രമപ്രവർത്തനം സംഘടിപ്പിച്ചു. കൊലയാളികളെ കേരളത്തിന് പുറത്തുകൊണ്ടുപോയി സംരക്ഷിച്ചു. ഇതെല്ലാം ആർ.എസ്.എസ് നേതൃത്വത്തിൻെറ അറിവോടെയാണ്. ഇത്തരം അക്രമപ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് കണ്ണൂരിലെ ബൈഠക്കില്‍ തീരദേശമേഖലയിലും മലയോരമേഖലയിലും കോടികള്‍ ചെലവാക്കാൻ തയ്യാറാണെന്ന് മോഹന്‍ഭാഗവത്  പ്രഖ്യാപിച്ചതെന്നും പിണറായി ചൂണ്ടിക്കാട്ടി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.