എന്‍.സി.സി കാഡറ്റ് വെടിയേറ്റുമരിച്ച സംഭവം: അന്തിമ അന്വേഷണ റിപ്പോര്‍ട്ട് ഉടനെന്ന് സര്‍ക്കാര്‍

കൊച്ചി: പരിശീലനത്തിനിടെ എന്‍.സി.സി കാഡറ്റ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍. കണ്ണൂര്‍ എന്‍.എ.എം കോളജിലെ ബിരുദവിദ്യാര്‍ഥിയായിരുന്ന എം. അനസിന്‍െറ മരണം സംബന്ധിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണ് ഹൈകോടതിയില്‍ സര്‍ക്കാറിന്‍െറ വിശദീകരണം.
 തുടര്‍ന്ന് ജസ്റ്റിസ് ബി. കെമാല്‍പാഷ ഹരജി തീര്‍പ്പാക്കി.2014 സെപ്റ്റംബര്‍ 14നാണ് ക്യാമ്പിനിടെ അനസിന് വെടിയേറ്റത്. നവംബര്‍ ആറിന് മരിച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അനസിന്‍െറ പിതാവ് വടകര മംഗലശ്ശേരി സ്വദേശി എം. കുഞ്ഞമ്മദാണ് കോടതിയെ സമീപിച്ചത്. 18 വയസ്സുള്ള അനസ് എന്‍.സി.സി പരിശീലനത്തിനിടെ അബദ്ധത്തില്‍ വെടിയേറ്റ് മരിക്കുകയായിരുന്നുവത്രേ.
 ഒരോ റൗണ്ട് ഫയറിങ്ങിനുശേഷവും ഫയറിങ് ഫീല്‍ഡ് ക്ളിയര്‍ ചെയ്യുന്ന ചുമതലയായിരുന്നു അനസിനുണ്ടായിരുന്നതെന്നും എന്നിട്ടും വെടിയേറ്റത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അനസിന്‍െറ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലല്ളെന്നും സി.ബി.ഐ അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നുമായിരുന്നു ആവശ്യം.
അതേസമയം, കൂത്തുപറമ്പ് സി.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ഉടന്‍ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു. നേരത്തേ അന്വേഷണവുമായി എന്‍.സി.സി സഹകരിക്കുന്നില്ളെന്ന പരാതി സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചിരുന്നു. ഇതേതുടര്‍ന്ന് അന്വേഷണവുമായി സഹകരിക്കാന്‍ കോടതി എന്‍.സി.സി അധികൃതരോട് നിര്‍ദേശിച്ചു.
തുടര്‍ന്ന്, അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഫയറിങ് പരിശീലനത്തില്‍ അശ്രദ്ധ കാട്ടിയെന്നാരോപിച്ച് ക്യാമ്പിന്‍െറ ചുമതലക്കാരായ എസ്.കെ. സെയ്നി, ബിഹാരി ലാല്‍ എന്നിവര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കാന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ടെന്നും എന്‍.സി.സി ഡെപ്യൂട്ടി ഗ്രൂപ് കമാന്‍ഡര്‍ കേണല്‍ എസ്. നന്ദകുമാര്‍ നായര്‍ വിശദീകരണം നല്‍കിയിരുന്നു.
 ആര്‍മി ആക്ടിന്‍െറ പരിധിയില്‍ വരുന്ന കുറ്റകൃത്യമായതിനാല്‍ പട്ടാളനിയമമാണ് ഇതിന് ബാധകമെന്നും വിശദീകരണത്തില്‍ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.