നാറാത്ത് കേസ്: അന്തിമവാദം ഇന്ന്

കൊച്ചി: കണ്ണൂരിലെ നാറാത്ത് പോപ്പുലര്‍ ഫ്രണ്ടിന്‍െറ നേതൃത്വത്തില്‍ ആയുധപരിശീലന ക്യാമ്പ് നടത്തിയ കേസില്‍ ചൊവ്വാഴ്ച അന്തിമവാദം കേള്‍ക്കും. സാക്ഷിവിസ്താരവും പ്രതിഭാഗം തെളിവെടുപ്പും പൂര്‍ത്തിയായ സാഹചര്യത്തിലാണ് എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി ജഡ്ജി കെ.എസ്. സന്തോഷ്കുമാര്‍ അന്തിമവാദത്തിനായി കേസ് പരിഗണിക്കുന്നത്. വാദം പൂര്‍ത്തിയായാല്‍ ഒരാഴ്ചക്കുള്ളില്‍ വിധി പറയുമെന്നാണ് സൂചന. വിചാരണക്കായി 62 സാക്ഷികളുടെ പട്ടികയാണ് എന്‍.ഐ.എ കോടതിക്ക് കൈമാറിയതെങ്കിലും ഇതില്‍ 26 പേരെയാണ് വിസ്തരിച്ചത്. പ്രതിഭാഗത്തുനിന്ന് ഒരു സാക്ഷിയെയും വിസ്തരിച്ചു.
2013 ഏപ്രില്‍ 23ന് നാറാത്തെ തണല്‍ ചാരിറ്റബ്ള്‍ ട്രസ്റ്റിന്‍െറ കെട്ടിടത്തില്‍ ആയുധപരിശീലനം നടത്തിയെന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് 23 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.    പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ക്രിമിനല്‍ ഗൂഢാലോചന (120 -ബി), നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് സംഘംചേരല്‍ (ഐ.പി.സി -143), ഇരു മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷത്തിന് ശ്രമിക്കുക (153 -എ), നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമത്തിലെ 18, 18 -എ വകുപ്പുകള്‍ പ്രകാരം തീവ്രവാദപ്രവര്‍ത്തനത്തിന് ഗൂഢാലോചന നടത്തുക, ആയുധമുപയോഗിച്ച് ക്യാമ്പ് നടത്തിയത് ആയുധ നിയമത്തിലെ 25, 27 വകുപ്പുകള്‍, സ്ഫോടകവസ്തു നിയമത്തിലെ നാല്, അഞ്ച് വകുപ്പുകള്‍ എന്നിവ പ്രകാരമുള്ള കുറ്റങ്ങളാണ് എന്‍.ഐ.എ പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത എന്‍.ഐ.എ കേസുകളിലെ ഏറ്റവും വേഗമേറിയ വിചാരണയാണ് കേസില്‍ നടന്നത്. ഒരു മാസത്തിനിടെ കേസുമായി ബന്ധപ്പെട്ട അധിക നടപടികളും പൂര്‍ത്തിയായി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.