പിതാവിന്‍െറ മനസ്സാന്നിധ്യം തുണയായി; കിണറ്റില്‍ വീണ രണ്ടര വയസ്സുകാരന് പുനര്‍ജന്മം

മൂവാറ്റുപുഴ: 40 അടി ആഴമുള്ള കിണറ്റില്‍ വീണ രണ്ടര വയസ്സുകാരന്‍ പിതാവിന്‍െറ മനസ്സാന്നിധ്യത്തിന്‍െറ ബലത്തില്‍ ജീവിതത്തിലേക്ക് തിരിച്ചുനടന്നു.
വീട്ടുമുറ്റത്ത് മറ്റുകുട്ടികള്‍ക്കൊപ്പം കളിക്കുകയായിരുന്ന വെളിയത്തുകുടിയില്‍ നിസാറിന്‍െറ മകന്‍ അര്‍ഷാദാണ് കിണറ്റില്‍ വീണത്.

പായിപ്ര സ്കൂള്‍പടിയില്‍ ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് സംഭവം. ചുറ്റുമതില്‍ കെട്ടാത്ത ഭാഗത്തുനിന്ന് കുട്ടി കിണറ്റില്‍ പതിക്കുകയായിരുന്നു.
മറ്റുകുട്ടികളുടെ കരച്ചില്‍ കേട്ട് കാര്യം മനസ്സിലാക്കിയ നിസാര്‍ 10 അടിയിലേറെ വെള്ളമുള്ള കിണറ്റിലേക്ക് എടുത്തുചാടി.

മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന കുട്ടിയെ ഇദ്ദേഹം പൊക്കിയെടുത്ത് വെള്ളത്തില്‍ തുഴഞ്ഞുനിന്നു. ഇതിനിടെ, നാട്ടുകാര്‍ കോണി കയറില്‍ കെട്ടി ഇറക്കി നല്‍കി. ഇതില്‍ പിടിച്ചുകിടന്ന കുഞ്ഞിനെയും നിസാറിനെയും പിന്നീട് ഫയര്‍ ഫോഴ്സ് സംഘം എത്തി രക്ഷപ്പെടുത്തി. തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.