ലാവ് ലിൻ: പിണറായിക്കെതിരെ സർക്കാർ ഹൈകോടതിയിൽ ഹരജി നൽകി

കൊച്ചി: ലാവ് ലിൻ കേസിൽ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെതിരെ സംസ്ഥാന സർക്കാർ ഹൈകോടതിയിൽ ഉപഹരജി നൽകി. കേസ് എത്രയും വേഗം തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ ഹരജി സമർപ്പിച്ചത്. കേസിൽ പിണറായിയെ കുറ്റവിമുക്തനാക്കിയ നടപടി ശരിയല്ല, തെളിവുകൾ പലതും കീഴ്കോടതി പരിഗണിച്ചില്ല തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. ആസിഫലിയാണ് ഹരജി നൽകിയത്.

മുൻ വൈദ്യുതി മന്ത്രിയായിരുന്ന പിണറായിയെ വെറുതെ വിട്ടതിനെതിരെ 2014ൽ സി.ബി.ഐയും ക്രൈം നന്ദകുമാറും ഇടതുസംഘടനാ മുൻ നേതാവും മുൻ എക്സിക്യൂട്ടിവ് എൻജിനീയറുമായ കെ.ആർ. ഉണ്ണിത്താനും ഹൈകോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. ഇതിൽ സംസ്ഥാന സർക്കാരും കക്ഷി ചേർന്നിട്ടുണ്ട്. ഈ അപ്പീൽ വേഗത്തിൽ പരിഗണിക്കണമെന്നാണ് ഉപഹരജിയിലൂടെ സർക്കാർ ആവശ്യപ്പെട്ടത്.

പന്നിയാർ, പള്ളിവാസൽ, ചെങ്കുളം ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കനേഡിയൻ കമ്പനിയായ എസ്.എൻ.സി ലാവ്‌ലിനുമായി കരാറിൽ ഏർപ്പെട്ടതു വഴി സർക്കാർ ഖജനാവിന് 86.25 കോടിയുടെ നഷ്‌ടം വരുത്തിയെന്നാണ് സി.ബി.ഐ കേസ്. ഇടപാടിൽ മുൻ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയൻ സാമ്പത്തിക നേട്ടമുണ്ടാക്കിയില്ലെങ്കിലും ഗൂഢാലോചനയിൽ പങ്കാളിയാണെന്നായിരുന്നു ആരോപണം.

എന്നാൽ, ഈ ഗൂഢാലോചന തെളിയിക്കാൻ സി.ബി.ഐക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി ഏഴാം പ്രതിയായ പിണറായി അടക്കം ഏഴു പ്രതികളെ 2013 നവംബറിൽ തിരുവനന്തപുരം സി.ബി.ഐ കോടതി കുറ്റവിമുക്തനാക്കി. ലാവ്‌ലിന്‍ കേസില്‍ കുറ്റപത്രം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

പിണറായിയെ കൂടാതെ മുൻ ഊർജ പ്രിൻസിപ്പൽ സെക്രട്ടറി കെ. മോഹനചന്ദ്രൻ, മുൻ ഊർജ ജോയിന്‍റ് സെക്രട്ടറി എ. ഫ്രാൻസിസ്, വൈദ്യുതി ബോർഡ് മുൻ ചെയർമാൻമാരായ പി.എ. സിദ്ധാർഥ മേനോൻ, ആർ. ശിവദാസൻ, ബോർഡ് മുൻ ചീഫ് എൻജിനീയർ കസ്‌തൂരിരംഗ അയ്യർ, ചീഫ് അക്കൗണ്ട്‌സ് ഓഫിസറായിരുന്ന കെ.ജി. രാജശേഖരൻ നായർ എന്നിവരെയും കുറ്റവിമുക്തരാക്കിയിരുന്നു. തെളിവുകളുടെയോ രേഖകളുടെയോ പിന്‍ബലമില്ലാതെയാണ് കേസില്‍ തന്നെ പ്രതിയാക്കിയതെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുമാണ് പിണറായിയുടെ വാദം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.