തൊടുപുഴ: വീട്ടിലെ കൊച്ചുമുറിക്കുള്ളില്‍ പുസ്തകലോകം തീര്‍ത്ത ഇടുക്കിയിലെ രണ്ടു വിദ്യാര്‍ഥികള്‍ക്ക് രാഷ്ട്രപതിയുടെ ക്ഷണം. സേനാപതി എം.ബി.വി.എച്ച്.എസ്.എസിലെ അശ്വതി വാസു, നെടുങ്കണ്ടം ജി.വി.എച്ച്.എസ്.എസിലെ ആല്‍ബിന്‍ ജോസഫ് എന്നിവര്‍ക്കാണ് റിപ്പബ്ളിക് ദിനത്തില്‍ രാഷ്ട്രപതി ഭവന്‍ സന്ദര്‍ശിക്കാനും രാഷ്ട്രപതിയോട് സംവദിക്കാനും ക്ഷണം ലഭിച്ചത്.
ഹോം ലൈബ്രറി എന്ന ആശയമാണ് ഈ നേട്ടത്തിന് ഇവരെ പ്രാപ്തരാക്കിയത്. ഇടുക്കിയിലെ മുളംതണ്ട് എന്ന ഗ്രാമത്തിലാണ് അശ്വതിയുടെ വീട്. നാഷനല്‍ സര്‍വിസ് സ്കീമിന്‍െറ എ.പി.ജെ. അബ്ദുല്‍ കലാം സ്മൃതിയാത്രയില്‍ പങ്കെടുക്കുമ്പോഴാണ് ഹോം ലൈബ്രറി എന്ന ആശയം ഉടലെടുക്കുന്നത്. അശ്വതിയുടെ രണ്ടു മുറി വീട്ടില്‍ ഒരു ലൈബ്രറി തുടങ്ങുന്ന കാര്യത്തില്‍ ആദ്യ എതിര്‍പ്പ് രക്ഷിതാക്കളുടെ ഭാഗത്തുനിന്നായിരുന്നു.
പരിമിതികള്‍ക്കിടയില്‍ ഒരു ലൈബ്രറി തുടങ്ങാനുള്ള സ്ഥലമോ പുസ്തകങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യമോ ഇല്ല എന്നതായിരുന്നു എതിര്‍പ്പിന് കാരണം. എന്നാല്‍, അശ്വതിയുടെ ആഗ്രഹമറിഞ്ഞ് എന്‍ജിനീയറിങ് വര്‍ക്ഷോപ്പിലെ ജോലിക്കാരനും പിതാവിന്‍െറ സുഹൃത്തുമായ പ്രതാപന്‍ നാലുതട്ടുള്ള അലമാര പുസ്തകം ശേഖരിച്ചു വെക്കുന്നതിനായി നിര്‍മിച്ചു നല്‍കി. പിന്നീട് പുസ്തകം ശേഖരിക്കുന്നതിന് കുടുംബശ്രീ, സ്വയം സഹായ സംഘങ്ങള്‍ എന്നിവരുടെ സഹായം അശ്വതി തേടി.
ഇപ്പോള്‍ 1003 പുസ്തകങ്ങള്‍ അശ്വതിയുടെ ഹോം ലൈബ്രറിയിലുണ്ട്. ഇവിടെ 150 സ്ഥിരം അംഗങ്ങളുമുണ്ട്. എല്ലാ ദിവസവും വൈകുന്നേരവും ഒഴിവുവേളകളിലും പുസ്തകം വായിക്കാന്‍ നിരവധി പേരാണ് ഇപ്പോള്‍ മുളംതണ്ടിലെ അശ്വതിയുടെ വീട്ടിലേക്ക് എത്തുന്നത്. ഇടക്ക് പുസ്തക അവലോകനങ്ങളുടെ ചര്‍ച്ചയും ഈ കൊച്ചു ലൈബ്രറിയില്‍ നടക്കുന്നുണ്ട്. ലൈബ്രറി ഉണ്ടാക്കാന്‍ സഹായിച്ച എല്ലാവരെയും വിളിച്ചുവരുത്തി കഴിഞ്ഞ ദീപാവലി ദിവസം അശ്വതി ആദരിക്കുകയും ചെയ്തിരുന്നു. വര്‍ക്ഷോപ് ജീവനക്കാരനാണ് പിതാവ് വാസു. മിനിയാണ് മാതാവ്.
എന്‍.എസ്.എസ് യൂനിറ്റിന് കീഴില്‍ ഏറ്റവും മികച്ച ഹോം ലൈബ്രറി സ്ഥാപിച്ചതിനാണ് ആല്‍ബിന് അംഗീകാരം ലഭിച്ചത്. 850ഓളം ബുക്കുകളാണ് ആല്‍ബിന്‍െറ ശേഖരത്തിലുള്ളത്. നെടുങ്കണ്ടം ജി.വി.എച്ച്.എസ്.എസിലെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ യു. ജയ ലക്ഷ്മിക്കും രാഷ്ട്രപതിയോട് സംവദിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. ജയലക്ഷ്മിയുടെ നേതൃത്വത്തില്‍ പത്തോളം കുട്ടികള്‍ അവരുടെ വീടുകളില്‍ ലൈബ്രറി ഒരുക്കിയിട്ടുണ്ട്.
പലരും 200ഉം 300വരെ പുസ്തകങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇവരില്‍ ഏറ്റവും കൂടുതല്‍ പുസ്തകം ശേഖരിച്ചതാണ് ആല്‍ബിനെ അംഗീകാരത്തിനായി തെരഞ്ഞെടുക്കാന്‍ കാരണം. നെടുങ്കണ്ടം പഞ്ചായത്ത് സെക്രട്ടറിയായിരുന്ന പരേതനായ ജോസഫ് കൈപ്പള്ളിയാണ് ആല്‍ബിന്‍െറ പിതാവ്. മാതാവ്: ലാലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.