മലബാറിന്‍െറ ഗാന്ധിയോര്‍മകള്‍ക്ക് ഇനി പുതിയ വിലാസം

കോഴിക്കോട്:  സൂര്യനസ്തമിക്കാത്ത സാമ്രാജ്യം പോലും നമസ്കരിച്ച അര്‍ധനഗ്നനായ ഫക്കീറിനെക്കുറിച്ചുള്ള കോഴിക്കോടന്‍ ഓര്‍മകള്‍ അന്തിയുറങ്ങുന്ന വെള്ളിമാടുകുന്നിലെ ആ പഴയ ഇരുനിലകെട്ടിടത്തിന് പുതിയ മേല്‍വിലാസം. കച്ചവടത്തിന്‍െറ ഉത്തരേന്ത്യന്‍ പോരിശകള്‍ കോഴിക്കോടന്‍ തെരുവുകള്‍ക്ക് പരിചയപ്പെടുത്തിയ ഗാന്ധിഭക്തന്‍കൂടിയായ സേട്ട് നാഗ്ജി പുരുഷോത്തമിന്‍െറതായിരുന്നു ഈ ബംഗ്ളാവ്. സ്വാതന്ത്ര്യസമരപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്നുതവണ ഗാന്ധിജി മലബാറിലത്തെിയപ്പോള്‍ രണ്ടുതവണയും വെള്ളിമാടുകുന്നിലേക്കായിരുന്നു ‘യാത്ര’.

1920  ആഗസ്റ്റ് 18ലെ ആദ്യ സന്ദര്‍ശനത്തിലാണ്  ഗാന്ധിജി ഈ വീട്ടിലത്തെുന്നത്. 1934  ജനുവരി 13ന് വയനാട്ടിലേക്കുള്ള യാത്രക്കിടയിലായിരുന്നു രണ്ടാമത്തെ തവണ അദ്ദേഹം ഇവിടെ അന്തിയുറങ്ങിയത്.  കോഴിക്കോട്ടേക്കുള്ള ഗാന്ധിജിയുടെ മൂന്നാമത്തെ സന്ദര്‍ശനമായിരുന്നു ഇത്. ആ ദിവസമായിരുന്നു വടകരയില്‍ ഗാന്ധിജിയുടെ പ്രസംഗം കേട്ട് കൗമുദി എന്ന 16 വയസ്സുകാരി തന്‍െറ മുഴുവന്‍ ആഭരണങ്ങളും ഊരി നല്‍കിയത്. ഗാന്ധിജിയെപ്പോലും അഭ്ദുതപ്പെടുത്തിയ ആ പെണ്‍കുട്ടിയോട് പിറ്റേ ദിവസം വെള്ളിമാടുകുന്നിലെ വീട്ടിലത്തൊന്‍ അദ്ദേഹം നിര്‍ദേശിച്ചു. പിറ്റേ ദിവസം ഈ വീട്ടിലത്തെിയാണ് കൗമുദി ഗാന്ധിജിയെ കണ്ടത്.

വര്‍ഷങ്ങള്‍ക്കു ശേഷം കോഴിപ്പുറത്ത് മാധവ മേനോന്‍ മദിരാശി സംസ്ഥാനത്തിന്‍െറ മലബാര്‍ മന്ത്രിയായിരിക്കുമ്പോഴാണ് ഒരു ലക്ഷം രൂപക്ക് സേട്ട് നാഗ്ജിയില്‍നിന്ന് ഈ വീട് ഏറ്റെടുത്തത്. തുടര്‍ന്ന് പുവര്‍ഹോം സൊസൈറ്റിക്ക് ബാലമന്ദിരം നടത്താന്‍ കെട്ടിടം വിട്ടുനല്‍കി. 1968ല്‍ ബാലമന്ദിരം കേരള സര്‍ക്കാര്‍ ഏറ്റെടുത്തു. തുടര്‍ന്നാണ് സാമൂഹികക്ഷേമ വകുപ്പ് ഈ സ്ഥലം ഏറ്റെടുത്തത്. അന്ന് ബോയ് ഹോം ഇതിലായിരുന്നു പ്രവര്‍ത്തിച്ചത്.

പുതിയ കെട്ടിടം നിര്‍മിച്ചതോടെ ഈ ബംഗ്ളാവ് ആരും ശ്രദ്ധിക്കാതെയായി. തുടര്‍ന്ന് ഇത് പൈതൃകസംരക്ഷണത്തിന്‍െറ ഭാഗമായി ഏറ്റെടുത്തു. അതിനുശേഷം  ജെന്‍റര്‍ പാര്‍ക്ക് പദ്ധതിയിലാണ് ഇത് മ്യൂസിയമാക്കാന്‍ തീരുമാനിച്ചത്. ഗാന്ധിജി സ്ത്രീകളുമായി ഇടപെട്ടതിന്‍െറ വിവിധ തലങ്ങളിലുള്ള നേര്‍സാക്ഷ്യം  ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയിലൂടെ ആവിഷ്കരിക്കുകയാണ് ഗാന്ധി മ്യൂസിയത്തിന്‍െറ ലക്ഷ്യം. ഈ വിഷയവുമായി ബന്ധപ്പെട്ട് ഗവേഷണം നടത്താന്‍ സൗകര്യമുള്ള മറ്റൊരു കെട്ടിടവും ഇതിനോട് തൊട്ട് നിര്‍മിക്കുന്നുണ്ട്. ഫെബ്രുവരിയില്‍ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യും.

100 വര്‍ഷത്തിലേറെ പഴക്കമുള്ള  ഇരുനില കെട്ടിടത്തിന്‍െറ മേല്‍ക്കൂരയും തറയുമെല്ലാം പൊട്ടിപ്പൊളിഞ്ഞ നിലയിലായിരുന്നു.  പഴയ വീട് ഒരു പൊളിച്ചുമാറ്റവും വരുത്താതെ അത്യാവശ്യം വേണ്ട അറ്റകുറ്റപ്പണികള്‍ നടത്തി നവീകരിക്കുകയാണ്. പഴകിദ്രവിച്ച മരത്തടികളും ജനലും വാതിലുകളും അറ്റകുറ്റപ്പണി നടത്തി. തേക്ക് തടിയിലാണ്  വാതിലും ജനലുകളും നിര്‍മിച്ചിരിക്കുന്നത്. പൊട്ടിയ ഓടുകള്‍ക്കു പകരം പഴയ ഓടുകള്‍ കണ്ടത്തെി  മേല്‍ക്കൂരക്ക് ഉപയോഗിച്ചു. ടൊറാക്കോട്ട ടൈല്‍ ആണ്  തറയില്‍ ഉപയോഗിച്ചിരിക്കുന്നത്. പഴയ മരക്കോണികള്‍  മാറ്റിയിട്ടുണ്ട്. ഗാന്ധിജിയുടെ ഓര്‍മകളെ സ്നേഹിക്കുന്നവര്‍ക്ക് ഏറെ പ്രതീക്ഷയാണ് ഗാന്ധി മ്യൂസിയം നല്‍കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.