പാലക്കാട്: ലിങ്ക് എക്സ്പ്രസായി സര്‍വീസ് നടത്തുന്ന അമൃതയും രാജ്യറാണിയും വേര്‍പെടുത്താന്‍ റെയില്‍വേയുടെ ശിപാര്‍ശ. പാലക്കാട്-തിരുവനന്തപുരം അമൃത എക്സ്പ്രസും നിലമ്പൂര്‍-തിരുവനന്തപുരം രാജ്യറാണി എക്സ്പ്രസുമാണ് അഞ്ച് വര്‍ഷമായി ലിങ്ക് എക്സ്പ്രസായി ഓടുന്നത്. നിലമ്പൂരില്‍നിന്ന് യാത്ര ആരംഭിക്കുന്ന രാജ്യറാണിയില്‍ തേര്‍ഡ് എ.സി, സ്ളീപ്പര്‍, അണ്‍-റിസര്‍വ്ഡ് ഉള്‍പ്പെടെ എട്ട് കമ്പാര്‍ട്ടുമെന്‍റുകളാണുള്ളത്. ഷൊര്‍ണൂരില്‍നിന്നാണ് അമൃതയും രാജ്യറാണിയും ലിങ്ക് എക്സ്പ്രസായി തിരുവനന്തപുരത്തേക്ക് യാത്ര തുടരുന്നത്. അമൃത എക്സ്പ്രസ് ഇപ്പോള്‍ പൊള്ളാച്ചിവരെ സര്‍വീസ് നടത്തുന്നുണ്ട്. ഇത് മധുരയിലേക്ക് നീട്ടണമെന്ന ശിപാര്‍ശയും പരിഗണനയിലാണ്. ഇതിനാല്‍ രാജ്യറാണി വേര്‍പെടുത്തി സ്വതന്ത്ര ട്രെയിനാക്കുന്നതാണ് ഉചിതമെന്നാണ് റെയില്‍വേ അധികൃതരുടെ വിലയിരുത്തല്‍. രാജ്യറാണി വേര്‍പെടുത്തണമെന്ന ആവശ്യം നിലമ്പൂര്‍ ഭാഗത്തെ യാത്രക്കാരുടെ ഭാഗത്തുനിന്ന് വര്‍ഷങ്ങളായി ഉയരുന്നുണ്ട്. ഇത്തവണ റെയില്‍ബജറ്റിന് മുന്നോടിയായാണ് പാലക്കാട് റെയില്‍വേ ഡിവിഷനില്‍നിന്ന് അമൃതയും രാജ്യറാണിയും വേര്‍പെടുത്തണമെന്ന ശിപാര്‍ശ സമര്‍പ്പിച്ചത്.
ഇവ രണ്ട് വണ്ടികളാക്കിയാല്‍ ഒന്ന് കോട്ടയം വഴിയും മറ്റൊന്ന് ആലപ്പുഴ വഴിയും തിരിച്ചുവിടാം. രാജ്യറാണിയില്‍ നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയിലെ വിവിധ സ്റ്റേഷനുകളില്‍നിന്ന് ലഭിക്കുന്ന ടിക്കറ്റ് വരുമാനമടക്കമുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. നിലമ്പൂര്‍ പാത ലാഭകരമാക്കാന്‍ വൈദ്യുതീകരണം, ചരക്കുവണ്ടിയോട്ടം എന്നിവയും അനിവാര്യമാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. കുലുക്കല്ലൂര്‍ വരെ ലൈന്‍ വൈദ്യുതീകരിക്കാനുള്ള സര്‍വേ നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.