മലപ്പുറത്ത് സര്‍വേ അടുത്ത മാസം പുനരാരംഭിക്കുമെന്ന് ഗെയില്‍

മലപ്പുറം: പ്രകൃതിവാതക പൈപ്പ്ലൈന്‍െറ രണ്ടാംഘട്ട സര്‍വേ നടപടികള്‍ മലപ്പുറത്ത് അടുത്ത മാസം പുനരാരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഗെയില്‍. ഇപ്പോള്‍ കോഴിക്കോട് ജില്ലയില്‍ സര്‍വേ പുരോഗമിക്കുകയാണ്. 
ജനങ്ങളില്‍ നിന്ന് അനുകൂല പ്രതികരണമാണ് ലഭിക്കുന്നതെന്നും സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ച സ്ഥലങ്ങളില്‍ പൈപ്പിടല്‍ ഉടന്‍ ആരംഭിക്കുമെന്നും ഗെയില്‍ ഇന്ത്യ ലിമിറ്റഡ് കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ ചീഫ് മാനേജര്‍ ജ്യോതികുമാര്‍, ചീഫ് മാനേജര്‍ (കണ്‍സ്ട്രക്ഷന്‍) എം. വിജു എന്നിവര്‍ മലപ്പുറം പ്രസ്ക്ളബില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 
മലപ്പുറത്ത് 58.5 കിലോമീറ്റര്‍ ദൂരത്തിലാണ് പൈപ്പ് സ്ഥാപിക്കുക. ഇവിടെ 10 കിലോമീറ്റര്‍ മാത്രമേ സര്‍വേ നടത്താന്‍ സാധിച്ചിട്ടുള്ളൂ. 
ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ച സര്‍വേ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഭൂവുപയോഗ അവകാശത്തിനുള്ള പ്രവൃത്തികളും പുരോഗമിക്കുന്നുണ്ട്. ഖത്തറില്‍ നിന്ന് കപ്പലില്‍ കൊച്ചി എല്‍.എന്‍.ജി ടെര്‍മിനലില്‍ എത്തുന്ന പ്രകൃതി വാതകം ദേശീയ വാതക പൈപ്പ്ലൈന്‍ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി. 
3700 കോടി രൂപയാണ് എസ്റ്റിമേറ്റ് കണക്കാക്കുന്നത്. പൈപ്പിടാന്‍ നല്‍കുന്ന ഭൂമിക്ക് സര്‍ക്കാര്‍ നിശ്ചയിക്കുന്ന നഷ്ടപരിഹാരം നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.