ബാര്‍കോഴ: അന്വേഷണ ഉദ്യോഗസ്ഥനെ മാനസികമായും  ശാരീരികമായും തളര്‍ത്തി –പി.സി. ജോര്‍ജ്

കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാനസികമായും ശാരീരികമായും തളര്‍ത്തിയാണ് ബാര്‍ കോഴക്കേസില്‍ കെ.എം. മാണിക്ക് അനുകൂലമായി വിജിലന്‍സ് റിപ്പോര്‍ട്ട് സംഘടിപ്പിച്ചതെന്ന് കേരള കോണ്‍ഗ്രസ് സെക്കുലര്‍ ലീഡര്‍ പി.സി. ജോര്‍ജ്. 
കേസന്വേഷിച്ച വിജിലന്‍സ് എസ്.പിയുടെ സര്‍ക്കാര്‍ സര്‍വിസിലുള്ള ഭാര്യയെ കരുനാഗപ്പള്ളിയില്‍നിന്ന് അരുവിക്കരയിലേക്ക് സ്ഥലംമാറ്റിയിരുന്നു. ഇതൊക്കെ ആസൂത്രിത നീക്കത്തിന്‍െറ ഭാഗമായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമാകുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നതായി എസ്.പി സുകേശന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ആഭ്യന്തരമന്ത്രി അടക്കമുള്ളവര്‍ക്കും വന്‍ സമ്മര്‍ദമാണ് നേരിടേണ്ടിവന്നത്. വ്യക്തിപരമായി ഉദ്യോഗസ്ഥനെ കുറ്റപ്പെടുത്താനില്ല. 
എന്നാല്‍, സര്‍ക്കാര്‍ സമ്മര്‍ദമാണ് വിജിലന്‍സ് തുടരന്വേഷണ റിപ്പോര്‍ട്ട് മാണിക്ക് അനുകൂലമാകാന്‍ കാരണമെന്ന് കൊച്ചുകുട്ടികള്‍ക്കുപോലും അറിയാം.  മാണിക്കെതിരെ തെളിവില്ളെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതിയെ അപമാനിക്കലാണ്. ലാവലിനില്‍ രണ്ടു വര്‍ഷത്തിനുശേഷം അപ്പീലുമായി കോടതിയെ സമീപിച്ച ഉമ്മന്‍ ചാണ്ടിയുടെ നടപടി മാന്യന്മാര്‍ക്ക് ചേര്‍ന്നതല്ല. 
മാണിക്കെതിരെ തെളിവില്ളെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി അംഗീകരിച്ച് കേസ് അവസാനിപ്പിച്ചാല്‍ നിയമപോരാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി മാലത്തേ് പ്രതാപചന്ദ്രനും പങ്കെടുത്തു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.