ബിജു രമേശിന്‍റെ ആരോപണം സർക്കാരിനെ ഭീഷണിപ്പെടുത്താനെന്ന് വിജിലൻസ് റിപ്പോർട്ട്

തിരുവനന്തപുരം: സർക്കാരിന്‍റെ മദ്യനയം കനത്ത നഷ്ടം ഉണ്ടാകുമെന്നതിനാലാണ് ബിജു രമേശ് ആരോപണം ഉന്നയിച്ചതെന്ന് വിജിലൻസ് റിപ്പോർട്ട്. മന്ത്രിമാർക്കെതിരെ ആരോപണം ഉന്നയിക്കുക എന്നതാണ് സർക്കാരിനെ ഭീഷണിപ്പെടുത്താനുള്ള ഏക വഴി. ഇതുകൊണ്ടാണ് മാണിക്കെതിരെ ആരോപണം ഉന്നയിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായെന്നും എസ്.പി ആർ. സുകേശൻ വിജിലൻസ് കോടതിയിൽ സമർപ്പിച്ച 76 പേജുള്ള റിപ്പോർട്ടിൽ പറയുന്നു.

പുതിയ മദ്യനയത്തെ തുടർന്ന് ബാറുകൾ സർക്കാർ അടച്ചുപൂട്ടിയതിനാൽ ഉടമകൾക്ക് പ്രതിവർഷം 509.59 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായി. മുൻ മന്ത്രി കെ.എം. മാണിക്കെതിരെ കോഴ ആരോപണം ഉന്നയിച്ച ബാർ ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ വർക്കിങ് പ്രസിഡന്‍റ് ബിജു രമേശിന് 7.44 കോടി രൂപയാണ് ഒരു വർഷം ഈയിനത്തിൽ നഷ്ടം ഉണ്ടായത്. ഇതുകൊണ്ടാണ് ബിജു മാണിക്കെതിരെ ആരോപണം ഉന്നയിച്ചത്. മാണിയെ കുറ്റവിമുക്തനാക്കുന്ന തുടരന്വേഷണ റിപ്പോർട്ട് വിജിലൻസ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കുന്നതിന് മുൻപാണ് വിജിലൻസ് റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടത്.

ബാർ കോഴക്കേസിൽ സാക്ഷിമൊഴികൾ വിശ്വസിച്ചതു ശരിയായില്ലെന്നും എസ്.പി സുകേശൻ റിപ്പോർട്ടിൽ പറയുന്നു. സാക്ഷിമൊഴികൾ വേണ്ടത്ര പരിശോധന കൂടാതെ വിശ്വസിച്ചുകൊണ്ടാണ് താൻ ആദ്യം വസ്തുതാ റിപ്പോർട്ട് തയാറാക്കിയത്. ഇത് ശരിയല്ലെന്ന്  കണ്ടെത്തി.
സാക്ഷികളുടെ ഫോൺ വിളികളുടെ റിക്കോർഡുകളുമായോ മറ്റു രേഖകളുമായോ ഒത്തുനോക്കിയില്ല. പിന്നീട് സാക്ഷികളുടെ മൊബൈൽ വിളികളുടെ വിശദാംശവുമായി ഒത്തുനോക്കിയപ്പോഴാണ് മൊഴികൾ പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടെത്തിയത്.

ബാർ കേസുമായി ബന്ധപ്പെട്ട് ബിജു രമേശ് ഹാജരാക്കിയ ബാറുടമകളുടെ സംഭാഷണമടങ്ങിയ സിഡിയിൽ തിരുത്തൽ വരുത്തിയെന്ന് ഫോറൻസിക് ലാബ് പരിശോധനയിൽ കണ്ടെത്തിയെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.