ടി.എൽ.എ കേസിൽ നഞ്ചിയമ്മക്ക് അനുകൂലമായി തീരുമാനമെടുത്തുവെന്ന് കലക്ടർ ഡോ.എസ്. ചിത്ര

കോഴിക്കോട്: ഭൂമി അന്യാധീനപ്പെട്ട ടി.എൽ.എ കേസിൽ ഗായിക നഞ്ചിയമ്മക്ക് അനുകൂലമായി തീരുമാനമെടുത്തുവെന്ന് പാലക്കാട് കലക്ടർ ഡോ.എസ്. ചിത്ര. എന്നാൽ വ്യാജരേഖയുണ്ടാക്കി ഭൂമി കൈയേറിയ കെ.വി മാത്യുവിനും നിരപ്പത്ത് ജോസഫ് കുര്യനും ഹൈകോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയതിനാലാണ് തുടർ നടപടി സ്വീകരിക്കാൻ കഴിയാതെ പോയതെന്നും കലക്ടർ പറഞ്ഞു.

അട്ടപ്പാടിയിലെ ആദിവാസി മക്കളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു കിട്ടണമെന്നാണ് നഞ്ചിയമ്മ ആവശ്യപ്പെട്ടത്. ഭൂമിക്ക് കള്ള രേഖയുണ്ടാക്കിയവർക്ക് അത് വിട്ടുകൊടുക്കാനാവില്ല. ഏതു സർക്കാർ വന്നാലും ആദിവാസികളുടെ ഭൂമി കൈയേറാൻ ഇനി അനുവദിക്കില്ല. ഭൂമി വിട്ടുകൊടിക്കില്ലെന്നത് തന്റെ ഉത്തരവാണെന്നും തസദിൽദാരോട് വ്യക്തമാക്കി. നഞ്ചിയമ്മയുടെ ഭൂമിക്ക് വ്യജരേഖയുണ്ടാക്കിയവർക്ക് നികുതി അടച്ചു നൽകാൻ അഗളി വില്ലേജ് ഓഫിസർക്ക് നിർദേശം നൽകിയത് അട്ടപ്പാടി ട്രൈബൽ തഹസിൽദാരാണ്.

നിയമപ്രകാരം ഒറ്റപ്പാലം സബ് കലക്ടറും പാലക്കാട് കലക്ടറും ടി.എൽ.എ കേസിൽ ആദിവാസിക്ക് അനുകൂലമായി ഉത്തരവിട്ടാൽ എല്ലാം അവസാനിക്കേണ്ടതാണ്. എന്നാൽ, കൈയേറ്റക്കാർ ഹൈകോടതിയിലും സുപ്രീം കോടതിയിലും അപ്പീൽ പോകും. അവിടെ കേസ് വാദിക്കുന്നതിന് ആദിവാസികൾക്ക് സ്വന്തമായി വക്കീൽ ഉണ്ടാവില്ല. സർക്കാർ വക്കിൽ നിശബ്ദത പാലിച്ചാൽ കേസിൽ കൈയേറ്റക്കാർക്ക് അനുകൂലമായി ഉത്തരവ് ലഭിക്കും.

വർഷങ്ങൾ നീണ്ടുനിൽക്കുന്ന വിചാരണയാണ് ഇത്തരത്തിൽ അട്ടപ്പാടിയിലെ ടി.എൽ.എ കേസുകളിൽ നടക്കുന്നത്. ഇതിനിടിയൽ ആദിവാസികളിൽ ഏതെങ്കിലും ഒരു കുടുബത്തെ സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ ഭൂമി നേടിയെടുക്കുന്നവരുമുണ്ട്. രണ്ട് പെൺകുട്ടികൾ മാത്രമുള്ള അഗളിയിലെ ആദിവാസി കുടുംബത്തിന് 10 ഏക്കറിലധികം ഭൂമി കലക്ടർ ഉത്തരവായിട്ടും തിരിച്ചു കിട്ടിയിട്ടില്ല.

ഈ കേസിന്റെ വിചാരണയിൽ മുൻ കലക്ടർ മൃൺമയി ജോഷിയോട് ഭൂമി വേണ്ടെന്നാണ് പെൺകുട്ടികൾ മൊഴി നൽകിയത്. അവരെ ഭയപ്പെടുത്തി കൈയേറ്റക്കാർ ഭൂമി തട്ടിയെക്കുകയാണെന്ന് കലക്ടർക്ക് ബോധ്യമായി. അതിനാൽ ആദിവാസി കുടുംബത്തിന് അനുകൂലമായിട്ടാണ് ഉത്തരവായത്. നിയമസഭയിൽ മന്ത്രി കെ.രാജൻ നൽകിയ മറുപടി പ്രകാരം 36 ടി.എൽ.എ കേസുകളിൽ അഞ്ച് ഏക്കറിലധികം ഭൂമി അന്യാധീനപ്പെട്ട ആദിവാസികൾക്ക് ഭൂമി തിരിച്ച് പിടിച്ചു നൽകാൻ കലക്ടർ ഉത്തവായിട്ടുണ്ട്. അട്ടപ്പാടി തഹസിൽദാർ നടപടി സ്വീകരിക്കില്ലെന്നാണ് ആദിവാസികളുടെ ആരോപണം. വ്യാജരേഖകൾ വെളുപ്പിച്ച് നികുതി അടച്ചു നൽകുന്നതിന് വില്ലേജ് ഓഫിസർമാർക്ക് നിർദേശം നൽകുന്നത് തഹസിൽദാരാണെന്നും ആക്ഷേപമുണ്ട്. 

Tags:    
News Summary - Collector Dr. S. Chithra said that a decision was taken in favor of Nanjiamma in the TLA case.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.