തിരുവനന്തപുരം: മന്ത്രി കെ. ബാബുവിന് നേരെ കരിങ്കൊടിയുമായി സി.പി.എം പ്രതിഷേധം. കോഴ വാങ്ങിയ മന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് വി. ശിവൻ കുട്ടി എം.എൽ.എയുടെ നേതൃത്വത്തിലാണ് സമരം നടന്നത്. തിരുവനന്തപുരം പി.എം.ജിയിലെ ബിവറേജസ് ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിക്ക് നേരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ അപ്രതീക്ഷിതമായി കരിങ്കൊടി കാണിക്കുകയായിരുന്നു. മന്ത്രിയുടെ കാർ 20 മിനിറ്റോളം സമരക്കാർ തടഞ്ഞിട്ടു. പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങി പോകണമെന്ന പൊലീസിന്‍റെ ആവശ്യം കെ.ബാബു നിരസിച്ചു. പ്രതിഷേധം ഭയന്ന് തിരിച്ചുപോകില്ലെന്ന നിലപാടിലായിരുന്നു കെ .ബാബു. പിന്നീട് മറ്റൊരു വഴിയിലൂടെയാണ് മന്ത്രി ഉദ്ഘാടന വേദിയിലെത്തിയത്.
പൊലീസുകാരും പ്രതിഷേധക്കാരും തമ്മിലുണ്ടായ വാക്കേറ്റം സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പുറമെ മഹിളാ അസോസിയേഷൻ പ്രവർത്തകരും സി.പി.എം പ്രവർത്തകരും സമരത്തിൽ പങ്കെടുത്തു. സി.പി.എം പ്രവർത്തകർ മന്ത്രിയുടെ കാറിന് നേരെ കല്ലെറിഞ്ഞതായും ആക്ഷേപമുണ്ട്. സമരക്കാരുടെ നേരെ പൊലീസ് ലാത്തി വീശി.
പ്രതിഷേധത്തിനിടയിൽ മന്ത്രി ബാബു ബെവ്കോ പുതിയ മന്ദിരത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.