ചന്ദ്രബോസ് വധക്കേസില്‍ വിധി ഇന്ന്; കോടതിക്ക് കനത്ത സുരക്ഷ

തൃശൂര്‍: ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വധക്കേസില്‍ കോടതി ഇന്ന് വിധി പറയും. ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് കെ.പി.സുധീറാണ് വിധി പറയുക. കേസിലെ പ്രതിയായ വ്യവസായി മുഹമ്മദ് നിസാം കുറ്റക്കാരനാണോ അല്ലയോ എന്നാണു കോടതി വിധിക്കുക. വിധി സംബന്ധിച്ച ആക്ഷേപം ബോധിപ്പിക്കാനുള്ള അവസരത്തിനായി  ശിക്ഷ വിധിക്കുന്നത് അടുത്ത ദിവസത്തേക്ക് മാറ്റി വെച്ചേക്കും. വാദം തടസപ്പെടുത്താനും, വിചാരണ നീട്ടിക്കൊണ്ടുപോവാനുമുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തില്‍ വിചാരണക്കോടതിയുടെ തീരുമാനം അറിയുക മാത്രമാണ് നിസാമിന് മുന്നിലുള്ള വഴി.

2015 ജനുവരി 29ന് പുലര്‍ച്ചെയാണ് ചന്ദ്രബോസിനെ നിസാം ആഡംബര കാറുകൊണ്ടിടിച്ചും, ആക്രമിച്ചും പരുക്കേല്‍പ്പിച്ചത്. അമല ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഫെബ്രുവരി 16ന് ഉച്ചക്ക് ചന്ദ്രബോസ് മരിച്ചു. മൂന്ന് കമ്മിഷണര്‍മേര്‍ മേല്‍നോട്ടം വഹിച്ച്, പേരാമംഗലം സി.ഐ പി.സി.ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ച കേസില്‍ 79 ദിവസത്തെ വിചാരണക്കൊടുവില്‍ ഇക്കഴിഞ്ഞ 12നാണ് വാദം പൂര്‍ത്തിയായത്. നേരത്തെ കേസില്‍ ജാമ്യപേക്ഷ തള്ളിയ സുപ്രീംകോടതി ജനുവരി  31നകം വിധി പറയണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിനു ശേഷവും തടസവാദങ്ങളുന്നയിച്ച് വിചാരണ തടസപ്പെടുത്താനും, വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റാനുമുള്ള ശ്രമവുമുണ്ടായെങ്കിലും ഹൈകോടതിയും, സുപ്രീംകോടതിയും ഒരുപോലെ അപേക്ഷകള്‍ നിരാകരിച്ചു. വാദം പൂര്‍ത്തിയായതിന് ശേഷവും സുപ്രീംകോടതിക്ക് മുന്നില്‍ അപേക്ഷയത്തെിയെങ്കിലും ആവശ്യം തള്ളുകയായിരുന്നു.

താന്‍ വിഷാദരോഗത്തിന് ചികില്‍സ തേടുന്നയാളാണെന്നും ചന്ദ്രബോസ് തന്നെയാണ് ആക്രമിച്ചത്, വാഹനത്തിന് മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നുവെന്നും. തന്നെ പ്രതിയാക്കാന്‍ മാധ്യമങ്ങളും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നൊരുക്കിയതാണ് ചന്ദ്രബോസ് കൊലക്കേസെന്നുമാണ് നിസാം കോടതിയില്‍ വാദിച്ചത്. എന്നാല്‍ നിസാം ചന്ദ്രബോസിനെ കാറുകൊണ്ടിടിക്കുകയും ആക്രമിക്കുകയും ചെയ്തതിന് ദൃക്‌സാക്ഷി മൊഴികളും, സാഹചര്യ ശാസ്ത്രീയ തെളിവുകളുമുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം. സാക്ഷിമൊഴികളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തില്‍ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു വാദം ഉപസംഹരിച്ച് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സി പി ഉദയഭാനു ആവശ്യപ്പെട്ടത്. എന്നാല്‍, പരുക്കു പറ്റിയ ചന്ദ്രബോസിന്റെ മരണം ചികിത്സാപ്പിഴവുമൂലമാണെന്നും ചികിത്സിച്ച ഡോക്ടര്‍മാരെയാണ് പ്രതികളാക്കേണ്ടതെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. കെ. രാമന്‍പിള്ളയുടെ അന്തിമവാദം. കേസില്‍ നിസാമിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ സിറ്റി പൊലീസ് കമ്മിഷണറായിരുന്ന ജേക്കബ് ജോബിനെയും,  ഹോട്ടലില്‍ ബന്ധുക്കളുമായുള്ള കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയതിന് കണ്ണൂര്‍ ആംഡ് പൊലീസ് ക്യാമ്പിലെ അഞ്ച് സുരക്ഷാ പൊലീസുകാര്‍ക്കെതിരെയും സസ്‌പെന്‍ഡ് ചെയ്തതും, ജേക്കബ് ജോബുമായുള്ള ടെലഫോണ്‍ സംഭാഷണത്തിന്റെ സി.ഡി. പി.സി.ജോര്‍ജ്ജ് പുറത്ത് വിട്ട് പൊലീസ് ഡി.ജി.പിയെ വരെ കേസില്‍ ആരോപണ വിധേയനാക്കി. അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് യാത്രയും, നിസാമിനെ കോണ്‍ഗ്രസ് നേതാക്കള്‍ ജയിലില്‍ സന്ദര്‍ശിച്ചതുമെല്ലാം വിവാദങ്ങളായി.

ഒന്നാം ദൃക്‌സാക്ഷി ആദ്യ ദിനത്തില്‍ കൂറുമാറുകയും പിന്നീട് മജിസ്ട്രേറ്റിൻെറ രഹസ്യമൊഴിയിലേക്ക് മാറിയതും, എട്ടാം സാക്ഷി കൂടിയായ നിസാമിൻെറ ഭാര്യ അമല്‍ കൂറുമാറിയതുമാണ് കേസിലെ മറ്റ് വിവാദങ്ങള്‍. സംസ്ഥാന രാഷ്ട്രീയത്തില്‍ വരെ അലയൊലികളുണ്ടാക്കിയ കേസെന്ന പ്രാധാന്യവും ചന്ദ്രബോസ് കേസിനുണ്ടെന്നതും, സുപ്രീംകോടതി നിരീക്ഷണമേര്‍പ്പെടുത്തിയ കേസെന്നതിനാലും വിചാരണക്കോടതിക്ക് പ്രത്യേക സുരക്ഷയും ഒരുക്കിയിട്ടുണ്ട്. വിചാരണയുടെ ഓരോഘട്ടത്തിലും സിറ്റി പൊലീസ് കമ്മിഷണര്‍ കെ.ജി.സൈമണ്‍, അസി.കമ്മിഷണര്‍ ആര്‍.ജയചന്ദ്രന്‍പിള്ള എന്നിവര്‍ കോടതിയുടെ സുരക്ഷ വിലയിരുത്തലിനത്തെിയിരുന്നു. വിധിയുടെ അടിസ്ഥാനത്തില്‍ സുരക്ഷ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ജില്ലാ കോടതിക്ക് പ്രത്യേക സുരക്ഷയേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ കെ.ജി.സൈമണ്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.