ചന്ദ്രബോസ് വധം: നിസാം കുറ്റക്കാരന്‍; ശിക്ഷ ഇന്ന്

തൃശൂര്‍: ശോഭാ സിറ്റി സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ചും മര്‍ദിച്ചും കൊലപ്പെടുത്തിയ കേസില്‍ വ്യവസായി മുഹമ്മദ് നിസാം കുറ്റക്കാരനെന്ന് കോടതി. ശിക്ഷ വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് പ്രഖ്യാപിക്കും. കൊലപാതകമടക്കം നിസാമിനെതിരായ ഏഴ് കുറ്റങ്ങളും തെളിഞ്ഞു. മുന്‍വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച് തൃശൂര്‍ അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.പി. സുധീറാണ് വിധി പ്രസ്താവിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് നിസാമിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

ബുധനാഴ്ച രാവിലെ 10.30ഓടെ കനത്ത സുരക്ഷയിലാണ് നിസാമിനെ കോടതിയിലത്തെിച്ചത്. എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് തന്‍േറത് കൂട്ടുകുടുംബമാണെന്നും ഏക ആശ്രയം താനാണെന്നും തന്നെ ആശ്രയിച്ചു കഴിയുന്ന നിരവധി കുടുംബങ്ങളുള്ളതിനാല്‍ കടുത്ത ശിക്ഷ നല്‍കരുതെന്നും നിസാം അപേക്ഷിച്ചു. നിരായുധനായയാളെ കൊലപ്പെടുത്തിയ നിസാം സമൂഹത്തിന് ഭീഷണിയാണെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. കോടികളുടെ ആസ്തിയുള്ള പ്രതിയില്‍ നിന്ന് അഞ്ചുകോടി രൂപ ചന്ദ്രബോസിന്‍െറ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. വാഹനാപകടം യാദൃച്ഛികമാണെന്നും മരണകാരണം ചികിത്സാ പിഴവാണെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. വിധി പ്രഖ്യാപനവും വാദവും ഉള്‍പ്പെടെ നടപടിക്രമങ്ങള്‍ അരമണിക്കൂറിനകം പൂര്‍ത്തിയായി.

2015 ജനുവരി 29നാണ് ചന്ദ്രബോസ് ആക്രമിക്കപ്പെട്ടത്. പുലര്‍ച്ചെ 3.15ന് ശോഭാ സിറ്റിയുടെ പ്രധാന കവാടത്തില്‍ ഹമ്മര്‍ കാറിലത്തെിയ നിസാം, ഗേറ്റ് തുറക്കാന്‍ വൈകിയതിന് ചന്ദ്രബോസിനെ കാറിടിപ്പിച്ച് പരിക്കേല്‍പിക്കുകയും മര്‍ദിക്കുകയും ചെയ്തെന്നാണ് കേസ്. ചികിത്സയിലിരിക്കെ ഫെബ്രുവരി 16ന് മരിച്ചു. ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കകം പിടിയിലായ നിസാമിനെതിരെ സാമൂഹികദ്രോഹ പ്രവര്‍ത്തനം തടയുന്ന കാപ്പ നിയമം ചുമത്തിയതിനാലും ജാമ്യാപേക്ഷകള്‍ ഹൈകോടതിയും സുപ്രീംകോടതിയും തള്ളിയതിനാലും പുറത്തിറങ്ങാനായിട്ടില്ല. ശിക്ഷ കുറക്കുകയെന്ന ലക്ഷ്യത്തോടെ നിസാം വിഷാദരോഗിയാണെന്നും പ്രതിഭാഗം വാദിച്ചിരുന്നു.

ഒന്നാം സാക്ഷി അനൂപ് ആദ്യം മൊഴി മാറ്റിയതും നിസാമിന്‍െറ ഭാര്യ അമല്‍ കൂറുമാറിയതും പ്രോസിക്യൂഷന് തിരിച്ചടിയായിരുന്നു. രണ്ടര മാസത്തെ വിചാരണക്കിടെ 22 പ്രോസിക്യൂഷന്‍ സാക്ഷികളെയും നാല് പ്രതിഭാഗം സാക്ഷികളെയും വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനു, ടി.എസ്. രാജന്‍, സി.എസ്. ഋത്വിക്, സലില്‍ നാരായണന്‍ എന്നിവര്‍ ഹാജരായി. ബി. രാമന്‍പിള്ളയാണ് പ്രതിഭാഗം അഭിഭാഷകന്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.