നാറാത്ത് കേസ്: നടപടി പൂര്‍ത്തിയാക്കിയത് അതിവേഗം

കണ്ണൂര്‍: 2013 ഏപ്രിലില്‍ നാറാത്ത് തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് കെട്ടിടത്തില്‍ പോപുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ആയുധ പരിശീലനം നടത്തിയെന്ന കേസില്‍ പ്രത്യേക കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയത് ദ്രുതഗതിയില്‍. സംസ്ഥാനത്ത് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷിച്ച കേസുകളില്‍ ഏറ്റവും വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ഈ കേസില്‍ വിചാരണ തുടങ്ങി രണ്ടുമാസത്തിനകമാണ് വിധി പ്രസ്താവിച്ചത്.
2015 നവംബറില്‍ വിചാരണ തുടങ്ങിയ കേസില്‍ 26 സാക്ഷികളെ ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് വിസ്തരിച്ചാണ് പ്രത്യേക കോടതി ബുധനാഴ്ച വിധി പറഞ്ഞത്. കേരളത്തില്‍ സാമുദായിക കലാപം ലക്ഷ്യമിട്ടാണ് ആയുധ പരിശീലനം നടത്തിയതെന്നും ഇത് അതീവ ഗൗരവമുള്ള വിഷയമാണെന്നുമാണ് പൊലീസ് പറഞ്ഞത്.

 ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് റിക്രൂട്ട് ചെയ്യുന്നവര്‍ക്ക് ആയുധ പരിശീലനം നല്‍കുന്ന കേന്ദ്രമാണ് നാറാത്തേതെന്ന രീതിയിലാണ് പൊലീസ് തുടക്കം മുതല്‍ കേസ് അന്വേഷിച്ചത്.2013 ഏപ്രില്‍ 23നാണ് നാറാത്തെ പോപുലര്‍ ഫ്രണ്ട് കേന്ദ്രത്തില്‍നിന്ന് വളപട്ടണം പൊലീസ് ബോംബുകളും ആയുധങ്ങളും പിടികൂടിയത്. 21 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് പാമ്പുരുത്തി റോഡിലെ പണിതീരാത്ത കെട്ടിടത്തില്‍നിന്ന് നാടന്‍ ബോംബ്, വടിവാള്‍, സ്ഫോടക വസ്തുക്കള്‍, ചാക്ക്നൂല്‍, ആണികള്‍, പെട്രോളില്‍ മുക്കിയ ഇഷ്ടിക, ഇറാന്‍െറ തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവയാണ് പിടിച്ചെടുത്തത്. തുടര്‍ദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തു.
സംഭവം നടന്ന് ദിസങ്ങള്‍ക്കകം ജില്ലാ പൊലീസ് മേധാവി രാഹുല്‍ ആര്‍. നായര്‍ ഡി.ജി.പിക്ക് കൈമാറിയ പ്രാഥമിക റിപ്പോര്‍ട്ടില്‍, പിടിയിലായ പി.വി. അസീസിന്  തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപിച്ചിരുന്നു.

ഹിന്ദു ഐക്യവേദി ജില്ലാ കണ്‍വീനര്‍ പുന്നാട്ടെ അശ്വനി കുമാറിനെ വധിച്ച കേസില്‍ ഒന്നാം പ്രതിയാണിയാള്‍. നാറാത്ത് കേസിലെ പ്രതികള്‍ക്കെതിരെ പൊലീസ് യു.എ.പി.എ ചുമത്തുകയും മുഴുവന്‍ വിവരങ്ങളും പ്രതികളുടെ ഫോട്ടോകളും എന്‍.ഐ.എക്ക് കൈമാറുകയും അവര്‍ കേസ് ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ ‘ഹെല്‍ത്തി പീപ്പിള്‍; ഹെല്‍ത്തി നാഷന്‍’ കാമ്പയിനിന്‍െറ ഭാഗമായി വ്യായാമ പരിശീലനം നടത്തുകയായിരുന്നു തങ്ങളുടെ പ്രവര്‍ത്തകരെന്നാണ് പോപുലര്‍ ഫ്രണ്ട് അവകാശപ്പെട്ടത്. പ്രവര്‍ത്തകരെ ഭീകരവകുപ്പുകള്‍ ചുമത്തി കള്ളക്കേസില്‍ കുടുക്കിയത് ഉന്നത ഗൂഢാലോചനയൂടെ ഭാഗമാണെന്നും അവര്‍ ആരോപിച്ചു. യു.എ.പി.എ ചുമത്തിയതിനെതിരെ മറ്റു ചില കേന്ദ്രങ്ങളില്‍നിന്ന് വിമര്‍ശമുയര്‍ന്നു.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ദുരുപയോഗം ചെയ്യുന്ന ഈ കരിനിയമം കേരളത്തിലും നടപ്പാക്കുകയാണെന്നായിരുന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടത്. രാഷ്ട്രീയ സംഘട്ടനങ്ങള്‍ പതിവായ കണ്ണൂരില്‍ ആര്‍.എസ്.എസ്, സി.പി.എം കേന്ദ്രങ്ങളില്‍ വന്‍തോതില്‍ ബോംബ് ശേഖരം പിടികൂടിയിട്ടും യു.എ.പി.എ ചുമത്തിയില്ളെന്നും കുറ്റപ്പെടുത്തുകയുണ്ടായി.

എന്‍.ഐ.എയും പ്രതിഭാഗവും അപ്പീലിന്
കൊച്ചി: നാറാത്ത് ആയുധ പരിശീലന ക്യാമ്പ് കേസില്‍ കോടതിവിധിക്കെതിരെ പ്രതിഭാഗവും എന്‍.ഐ.എയും അപ്പീല്‍ നല്‍കും. പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം തെളിഞ്ഞിട്ടും ശിക്ഷ കുറഞ്ഞുപോയെന്ന് ചൂണ്ടിക്കാട്ടിയാവും എന്‍.ഐ.എ അപ്പീല്‍ നല്‍കുക.
എന്നാല്‍, ശിക്ഷാവിധിയെതന്നെ ചോദ്യംചെയ്താണ് പ്രതിഭാഗം ഹൈകോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ശിക്ഷാവിധിക്കെതിരെ വൈകാതെ കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകനും എന്‍.ഐ.എയും വ്യക്തമാക്കി.
 കേരളത്തില്‍ ഇതിനുമുമ്പ് നടന്ന കേസുകളിലെ വിചാരണ നടപടിക്ക് വര്‍ഷത്തിലേറെ സമയം വേണ്ടി വന്നപ്പോള്‍ രണ്ടുമാസത്തില്‍ താഴെ സമയമെടുത്താണ് കോടതി മുഴുവന്‍ നടപടികളും പൂര്‍ത്തിയാക്കി ഈ കേസില്‍ വിധി പ്രസ്താവിച്ചത്.
2015 നവംബര്‍ 23നാണ് കേസിലെ വിചാരണ നടപടി ആരംഭിച്ചത്. ദിവസങ്ങള്‍ക്കകംതന്നെ സാക്ഷി വിസ്താരം അടക്കമുള്ള മുഴുവന്‍ നടപടികളും പൂര്‍ത്തിയാക്കി. വിചാരണ തുടങ്ങുന്നതിന് തൊട്ടുമുമ്പ് നവംബര്‍ 19ന് കോടതിയില്‍ കീഴടങ്ങിയ, കേസിലെ അവസാന പ്രതിയായ കമറുദ്ദീനെയും ഇതിനൊപ്പം വിചാരണ നടത്തിയതും ശ്രദ്ധേയമാണ്.
തൊട്ടടുത്ത ദിവസംതന്നെ കമറുദ്ദീനെതിരെ കുറ്റം ചുമത്തിയാണ് കോടതി തുടര്‍ നടപടികളിലേക്ക് കടന്നത്. ഇയാള്‍ക്കെതിരായ സാക്ഷി കൂറുമാറിയതിനാലും മറ്റൊരു തെളിവുമില്ലാത്തതിനാലും കോടതി ഇയാളെ വെറുതെ വിടുകയും ചെയ്തു. ആക്രമണ പരിശീലനത്തിനായി പ്രതികള്‍ ഉപയോഗിച്ചെന്ന് പറയുന്ന റീപ്പര്‍ കൊണ്ടുണ്ടാക്കിയ മനുഷ്യ രൂപവും എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയിരുന്നു.
റെയ്ഡില്‍ പിടിച്ചെടുത്ത  നാടന്‍ ബോംബ്, ബോംബുണ്ടാക്കാനുള്ള സാമഗ്രികള്‍, വാളുകള്‍, ലാത്തി, ലഘുലേഖകള്‍ എന്നിവയും  പ്രതികളുടെ കുറ്റകൃത്യം തെളിയിക്കാനുള്ളവയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
എന്നാല്‍, സാക്ഷി വിസ്താരത്തിനായി ഉള്‍പ്പെടുത്തിയ 62 സാക്ഷികളില്‍ 26 പേരെയാണ് എന്‍.ഐ.എ വിസ്തരിച്ചത്. ഫോറന്‍സിക് ഉദ്യോഗസ്ഥനെ വിസ്തരിക്കാതെ എന്‍.ഐ.എ ഒഴിവാക്കിയതായും പ്രതിഭാഗം ആരോപിക്കുന്നുണ്ട്. ഇക്കാര്യവും പ്രതിഭാഗം ഹൈകോടതിയില്‍ ചൂണ്ടിക്കാട്ടിയേക്കും.
മയ്യില്‍ എസ്.ഐയായിരുന്ന സുരേന്ദ്രന്‍ കള്ളിയാട് അടക്കം 26 സാക്ഷികളെ വിസ്തരിച്ചാണ് എന്‍.ഐ.എ പ്രതികളുടെ കുറ്റകൃത്യം തെളിയിച്ചത്. 109 രേഖകളും 38 തൊണ്ടി മുതലുകളും എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.