ജാമ്യംകിട്ടിയിട്ടും ശിവദാസ് തടവറയില്‍തന്നെ

കല്‍പറ്റ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കല്യാണം കഴിച്ചതിന് പോക്സോ ചുമത്തി ജയിലിലടക്കപ്പെട്ട ആദിവാസിയുവാവിന് ജാമ്യംകിട്ടിയിട്ടും തടവറക്കുള്ളില്‍നിന്ന് പുറത്തുകടക്കാനാവുന്നില്ല. കല്ലൂര്‍ തിരുവണ്ണൂര്‍ കോളനിയിലെ ശിവദാസാണ് കോടതി ജാമ്യം അനുവദിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും ജാമ്യക്കാരില്ലാത്തതിനാല്‍ തടവറയില്‍തന്നെ കഴിയുന്നത്.

നികുതിശീട്ടും ഐഡന്‍റിറ്റി കാര്‍ഡുമുള്ള ജാമ്യക്കാര്‍ക്കായി ശിവദാസന്‍െറ സുഹൃത്തുക്കള്‍ ഏറെ അന്വേഷിച്ചെങ്കിലും ജാമ്യംനില്‍ക്കാന്‍ ആരും തയാറാകാത്തതാണ് പ്രശ്നം. പണിയ വിഭാഗത്തില്‍ പെണ്‍കുട്ടി വയസ്സറിയിച്ചുകഴിഞ്ഞാല്‍ ഇഷ്ടപ്പെട്ടയാളോടൊപ്പം താമസിക്കാമെന്നതാണ് സമുദായ കീഴ്വഴക്കം. ഊരില്‍ ഉത്സവം പോലെയുള്ളവ നടക്കുമ്പോള്‍ പെണ്‍കുട്ടി ചെറുക്കന്‍െറ വീട്ടിലത്തെി താമസം തുടങ്ങും. എന്നാല്‍, ഇങ്ങനെ ഒന്നിച്ചുതാമസിക്കുന്ന വിവരം അറിഞ്ഞത്തെുന്ന പൊലീസ്, യുവാക്കളെ പിടിച്ചുകൊണ്ടുപോയി കടുത്ത കുറ്റകൃത്യങ്ങള്‍ എഫ്.ഐ.ആറില്‍ എഴുതിച്ചേര്‍ക്കുന്നതോടെയാണ് ജയിലിലടക്കപ്പെടുന്നത്.

ലൈംഗികാതിക്രമങ്ങളില്‍നിന്ന് കുട്ടികളെ തടയുന്ന പുതു നിയമമായ പോക്സോയും ഒപ്പം 376ാം വകുപ്പും ചുമത്തി പിന്നീട് ജാമ്യംപോലും കിട്ടാത്ത അവസ്ഥയില്‍ കാലങ്ങളായി തടവറയില്‍ കഴിയുന്നവര്‍ വയനാട്ടില്‍ ഒരുപാടുണ്ട്. ജാമ്യ ഉടമ്പടി പൂര്‍ത്തിയാകണമെങ്കില്‍ നികുതിശീട്ട് ഹാജരാക്കണമെന്നതിനാല്‍ സ്വന്തമായി ഭൂമിയില്ലാത്ത ആദിവാസിയുവാക്കള്‍ ജാമ്യംകിട്ടിയാലും ജയിലഴിക്കുള്ളില്‍ തുടരുന്ന അവസ്ഥയാണ്. കോളനിക്കടുത്ത് എസ്.ടി വിഭാഗത്തില്‍പെട്ട ഒരാള്‍ ജാമ്യക്കാരനാകാമെന്ന് സമ്മതിച്ചിട്ടുണ്ട്.

രണ്ടാമതൊരാളെ കൂടി സംഘടിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ശിവദാസിന്‍െറ സുഹൃത്തുക്കള്‍.  ജനറല്‍ വിഭാഗത്തില്‍ പരിചയമുള്ളവരാരും ജാമ്യംനില്‍ക്കാന്‍ തയാറാകുന്നില്ല. കുടുംബത്തിന്‍െറ അത്താണിയായ ശിവദാസ് ജയിലിലായതോടെ കോളനിയിലെ ഒമ്പതംഗങ്ങളുള്ള കൊച്ചുകൂരയില്‍ പട്ടിണിയാണിപ്പോള്‍. വികലാംഗനായ പിതാവ് വെള്ളക്ക് പരസഹായമില്ലാതെ എഴുന്നേറ്റുനടക്കാന്‍ കഴിയില്ല. ജ്യേഷ്ഠന്‍ ബാബുവും ജന്മനാ വികലാംഗനാണ്. ഇളയ മൂന്നു സഹോദരങ്ങളുടെ പഠനഭാരവും ശിവദാസിന്‍െറ ചുമലിലായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.