ഉണ്ണിക്കണ്ണാ... നിന്നെ ‘കാണാന്‍’...

തിരുവനന്തപുരം: വേദിയിലെ കൈയടികേട്ട് ആനന്ദത്തോടെ പുറത്തിറങ്ങിയ ഉണ്ണിക്കണ്ണെൻറ കൈയിലൊരാൾ തൊട്ടു. സംസ്ഥാന കലോത്സവത്തിൽ മുൻവർഷത്തെ മിമിക്രി മത്സരത്തിലെ ജേതാവ് കെ.ആർ. ചന്ദ്രബാബുവായിരുന്നു അത്. ഇരുവരും കാഴ്ചയില്ലാത്തവർ... കേട്ടുമാത്രം അറിഞ്ഞത് വേദിയിൽകാണിച്ച് വിസ്മയിപ്പിച്ചവർ... ബി ഗ്രേഡേ ലഭിച്ചുള്ളൂവെങ്കിലും ഉണ്ണിക്കണ്ണന് സങ്കടമില്ല.

മിമിക്രിയിൽ ‘ശ്വാസകോശം സ്പോഞ്ച് പോലെയാണെന്ന’ ഡയലോഗിന് സദസ്സിൽനിന്ന് ലഭിച്ച പ്രതികരണംമതി അവന് ഇനിയും മുന്നേറാൻ. കാണാത്ത കാഴ്ചകൾ ഉണ്ണിക്കണ്ണൻ ശബ്ദത്തിലൂടെ അറിഞ്ഞു. അത് മിമിക്രിയിലൂടെ സദസ്സിലേക്ക് കൈമാറി. വർക്കല ശിവഗിരി എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് ഉണ്ണിക്കണ്ണൻ. ചിറയിൻകീഴ് കോളിച്ചിറ ചരുവീട്ടിൽ എസ്. അനിലിെൻറയും പി.എസ്. റീനയുടെയും മകൻ. ജന്മനാ കാഴ്ചക്കുറവുണ്ടായിരുന്നു. തലയുടെ വളർച്ചകൂടുന്നത് തടയാൻ ശസ്ത്രക്രിയ നടത്തിയതോടെയാണ് കാഴ്ചയുടെ ലോകം അന്യമായത്. മേസ്തിരിയായ അച്ഛൻ ബുദ്ധിമുട്ടുകളറിയിക്കാതെ മകനെ വളർത്തി. ഏഴാംക്ലാസ് വരെ വർക്കലയിലെ അന്ധവിദ്യാലയത്തിൽ പഠനം. ഇതിനിടയിലാണ് ഉണ്ണിക്കണ്ണൻ അനുകരണത്തെ സ്നേഹിക്കുന്നത്. അഞ്ചുവർഷമായി മിമിക്രി പരിശീലിക്കുന്നു. ചിറയിൻകീഴ് മനുവാണ് മിമിക്രി പഠിപ്പിച്ചത്.

  മുൻവർഷത്തെ ജേതാവ് കെ.ആർ. ചന്ദ്രബാബു വഞ്ചിയൂർ ഗവ. എച്ച്.എസ്.എസിലെ പ്രൈമറി വിഭാഗം അധ്യാപകനാണ്. 94ൽ കേരള സർവകലാശാല കലോത്സവത്തിലും 95, 96 വർഷങ്ങളിൽ സംസ്ഥാന ടി.ടി.ഐ കലോത്സവത്തിലും മിമിക്രിയിൽ ഒന്നാമതെത്തിയിരുന്നു. ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ മിമിക്രി കാണാൻ രാവിലെതന്നെ വി.ജെ.ടി ഹാളിൽ നിറഞ്ഞസദസ്സായിരുന്നു. 16 പേർ മത്സരിച്ച മിമിക്രി ശരാശരി നിലവാരത്തിലൊതുങ്ങിയെന്നാണ് വിധികർത്താക്കൾ അഭിപ്രായപ്പെട്ടത്.

ബാർകോഴയും പത്താൻകോട്ട് ഭീകരാക്രമണവും ചാനൽചർച്ചയും വെള്ളാപ്പള്ളിയുമെല്ലാം ലൈവായി. ആറു പേർക്ക് എ ഗ്രേഡും പത്തുപേർക്ക് ബി ഗ്രേഡും ലഭിച്ചു.
കോട്ടയം കാഞ്ഞിരപ്പള്ളി ഗവ. എച്ച്.എസിലെ എബിസൺ ബൈജുവിനാണ് ഒന്നാംസ്ഥാനം. കോഴിക്കോട് കുന്ദമംഗലം എച്ച്.എസ്.എസിലെ പി. വിഷ്ണുരാജൻ രണ്ടാംസ്ഥാനവും തിരുവല്ല എസ്.സി.എസ്.എച്ച്.എസ്.എസിലെ അർജുൻ എസ്. നായർ മൂന്നാംസ്ഥാനവും നേടി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.