തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്ന പാലക്കാട്ടുകാരായ സോനക്കും വിഷ്ണുവർധനും ഇത് മധുരകാലമാണ്. സിനിമയിലടക്കം അവസരങ്ങൾ പടിവാതിലിൽനിൽക്കെ, ഒരു നാട്യവുമില്ലാതെ ആരോരും തിരിച്ചറിയാതെ ഇരുവരും കലോത്സവവേദിയിലുണ്ടായിരുന്നു. അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ബാബുരാജ് സംവിധാനംചെയ്ത ‘പച്ചക്കരിമ്പ്’ എന്ന സിനിമയിലെ നടീനടന്മാരാണ് സോനയും വിഷ്ണുവും. തമിഴ് നടൻ സൂര്യയും അൻസിബയും നായികാനായകന്മാരാവുന്ന തമിഴ്ചിത്രത്തിൽ അഭിനയിക്കാൻ സോനക്ക് വിളി വന്നിരുന്നു. തൽക്കാലം പഠനത്തിന് പ്രാമുഖ്യം നൽകുന്നതിനാൽ അവസരങ്ങൾ മാറ്റിവെക്കുകയാണെന്ന് ഇരുവരും പറഞ്ഞു.
ആലത്തൂർ ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസ് വിദ്യാർഥികളാണ് ഇരുവരും. പ്ലസ് ടു സയൻസ് വിദ്യാർഥിയായ വിഷ്ണുവർധൻ അമ്മയുടെ കൈത്താങ്ങിൽ വളർന്ന പ്രതിഭയാണ്. ഇത്തവണ മലയാള നാടകത്തിലും ബ്യൂഗിളിലും നാടൻപാട്ടിലും എ ഗ്രേഡ് നേടിയ വിഷ്ണു മോണോആക്ടിൽ മൂന്നാമതെത്തി. അഞ്ചാം വയസ്സിലേ അച്ഛൻ മരിച്ചശേഷം അമ്മയാണ് രണ്ടു മക്കളടങ്ങുന്ന കുടുംബത്തെ പോറ്റുന്നത്. രണ്ടു വർഷം മുമ്പ് മിമിക്രി, മോണോആക്ട്, പൂരക്കളി എന്നിവയിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയിരുന്നു. നെന്മാറ സൗദാംബികയിൽ പരേതനായ റാംസെന്തിലിെൻറയും ഗീതയുടെയും മകനാണ്.
പത്താംതരം വിദ്യാർഥിയായ സോന മലയാളനാടക മത്സരത്തിനായാണ് സംസ്ഥാന കലോത്സവത്തിനെത്തിയത്. ‘കഞ്ഞിപ്പുര ’ എന്ന നാടകത്തിലെ കേന്ദ്രകഥാപാത്രത്തെ സോനയാണ് അവതരിപ്പിക്കുന്നത്. സ്വയം തയാറാക്കിയ സ്ക്രിപ്റ്റുമായി മോണോആക്ടിൽ പാലക്കാട് ജില്ലയിൽ രണ്ടാമതെത്തിയിരുന്നു ഈ മിടുക്കി. ഭരതനാട്യം അഭ്യസിച്ചിട്ടുള്ള സോന വടക്കഞ്ചേരി കൊളക്കോട് സോന നിവാസിൽ കെ.കെ. സുരേഷിെൻറയും ലളിതയുടെയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.