കോഴിക്കോട്: പെരിയ ഇരട്ടക്കൊല കേസിൽ ആദ്യം വാദികളുടെ അഭിഭാഷകനാകുകയും പിന്നീട് പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കുകയും ചെയ്ത കാഞ്ഞങ്ങാട്ടെ മുതിർന്ന ക്രിമിനൽ അഭിഭാഷകൻ അഡ്വ. സി.കെ. ശ്രീധരനെ രൂക്ഷമായി വിമർശിച്ച് കെ.പി.സി.സി ഉപാധ്യക്ഷൻ വി.ടി ബൽറാം. ‘എന്തൊരു നികൃഷ്ട ജന്മമാണ് ഇയാളുടേത്!’ എന്നാണ് വി.ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
അഭിഭാഷക വൃത്തിക്ക് മാത്രമല്ല, മനുഷ്യൻ എന്ന വിശേഷണത്തിന് പോലും യോഗ്യതയില്ലാത്ത കൊടും വഞ്ചകനെതിരെ കൂടിയാണ് സി.ബി.ഐ കോടതി വിധിയെന്നും വി.ടി ബൽറാം പോസ്റ്റിൽ പറയുന്നു.
എന്തൊരു നികൃഷ്ട ജന്മമാണ് ഇയാളുടേത്!
അതിക്രൂരമായ ഒരു ഇരട്ടക്കൊലപാതകത്തിൽ ആദ്യം ഇരകൾക്കൊപ്പം നിൽക്കുക, അവരെ സമാശ്വസിപ്പിച്ച് നിയമവഴിയിൽ നീതി വാങ്ങി നൽകുമെന്ന് വാഗ്ദാനം ചെയ്യുക, പഠിക്കാനെന്ന പേരിൽ പ്രതികൾക്കെതിരായ മുഴുവൻ രേഖകളും തെളിവുകളും ഫയലുകളും വിശദമായി പരിശോധിക്കുക, പിന്നീട് ലവലേശം ലജ്ജയില്ലാതെ പണത്തിന് വേണ്ടി മറുകണ്ടം ചാടി പ്രതികളുടെ വക്കീലാവുക, ക്രൂരമായി കൊല ചെയ്യപ്പെട്ട രണ്ട് യുവാക്കളുടെ അമ്മമാരേയും സഹോദരിമാരേയും പ്രതിഭാഗത്തിന് വേണ്ടി കോടതി മുറിയിലിട്ട് നേരിട്ട് ക്രോസ് വിസ്താരം നടത്തുക.
അഭിഭാഷക വൃത്തിക്ക് മാത്രമല്ല, മനുഷ്യൻ എന്ന വിശേഷണത്തിന് പോലും യോഗ്യതയില്ലാത്ത ഈ കൊടും വഞ്ചകനെതിരായി കൂടിയാണ് ഇന്നത്തെ കോടതി വിധി.
പാഴ് ജന്മം.
അതേസമയം, പെരിയ ഇരട്ടക്കൊല കേസിൽ 14 സി.പി.എം നേതാക്കളെ കുറ്റക്കാരായി കണ്ടെത്തിയ സി.ബി.ഐ കോടതി വിധി, പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത അഭിഭാഷകൻ അഡ്വ. സി.കെ. ശ്രീധരനും തിരിച്ചടിയായി. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനുമായി ഇടഞ്ഞ സി.കെ. ശ്രീധരനെ സി.പി.എം അടർത്തിയെടുത്ത് പ്രതികളുടെ കേസ് ഏൽപിക്കുകയായിരുന്നു. ഏറ്റെടുക്കുന്നതിനുമുമ്പ് കോൺഗ്രസിലായിരിക്കെ സി.കെ. ശ്രീധരൻ കേസ് സംബന്ധിച്ച് കോൺഗ്രസിന്റെ നിയമോപദേശകന്റെ റോളിലായിരുന്നു.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളിൽ ചെന്ന് കാര്യങ്ങൾ മനസ്സിലാക്കി കേസ് പഠിച്ച ശേഷമാണ് മറുപക്ഷത്ത് ചേർന്നതെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു. ഈ ‘ചതി’ വിധി വന്ന ദിവസവും കുടുംബം ആവർത്തിച്ച് ഉന്നയിച്ചിരുന്നു.
പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തത് സി.പി.എം നിർദേശപ്രകാരമല്ലെന്നും കേസിൽ ഹാജരാകുമ്പോൾ രാഷ്ട്രീയം നോക്കാറില്ലെന്നും കേസ് ഏൽപിക്കുന്ന കക്ഷികളുടെ വിശ്വാസ്യത സംരക്ഷിക്കുകയാണ് കടമയെന്നും പറഞ്ഞായിരുന്നു ശ്രീധരൻ കേസ് ഏറ്റെടുത്തത്. എന്നാൽ, കേസിൽ പ്രധാന പ്രതികളടക്കം ഭൂരിഭാഗം പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തിയതോടെ കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തിനെതിരെ രൂക്ഷ വിമർശനമുയർത്തി.
ശ്രീധരന്റെ ആത്മകഥ മുഖ്യമന്ത്രി പിണറായി വിജയനെക്കൊണ്ട് പ്രകാശനം ചെയ്യിച്ചാണ് ഇടതുപക്ഷവുമായി ശ്രീധരൻ അടുത്തത്. കേസ് നടത്താൻ സി.പി.എം കീഴ്ഘടകങ്ങളിൽ നിന്ന് ഫണ്ട് ശേഖരിച്ചിരുന്നു. സി.കെ വാദിക്കുന്നതോടെ പ്രതികൾ രക്ഷപ്പെടുമെന്ന് ഉറപ്പുനൽകിയാണ് ഫണ്ട് ശേഖരിച്ചതെന്ന് സി.പി.എം വൃത്തങ്ങൾ പറയുന്നു. കേസ് വിജയിക്കുന്ന പക്ഷം ശ്രീധരന് വലിയ പദവികൾ കരുതിവെച്ചതായി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.