കോഴിക്കോടിന് പത്താമുദയം, മധുരപ്പതിനേഴ്

തിരുവനന്തപുരം: സ്വര്‍ണക്കപ്പ് കോഴിക്കോടിനുതന്നെ. തുടര്‍ച്ചയായ പത്താം തവണയാണ് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് കലാകിരീടം നേടുന്നത്. അപ്പീലുകളുടെ തള്ളിക്കയറ്റത്തില്‍, അവസാന നിമിഷംവരെ നിലനിന്ന അനിശ്ചിതത്വത്തിനൊടുവിലാണ് 919 പോയന്‍റുമായി കോഴിക്കോട് കപ്പ് ഉറപ്പിച്ചത്. കഴിഞ്ഞവര്‍ഷം  സംയുക്ത ജേതാക്കളായ പാലക്കാട് 912 പോയന്‍റ് നേടി രണ്ടാം സ്ഥാനം നേടി. 908 പോയന്‍റുമായി കണ്ണൂര്‍ മൂന്നാമതുണ്ട്. കലോത്സവ ചരിത്രത്തില്‍ 17ാം പ്രാവശ്യമാണ് കോഴിക്കോട് ഒന്നാമതത്തെുന്നത്. തിങ്കളാഴ്ച മത്സരങ്ങള്‍ എല്ലാം അവസാനിച്ചശേഷവും അപ്പീലുകളില്‍ തീരുമാനമാവാത്തതിനാല്‍ വിജയിയെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞിരുന്നില്ല. അവസാന അപ്പീലില്‍ തീര്‍പ്പാകുംവരെയും കോഴിക്കോടോ പാലക്കാടോ എന്ന സംശയത്തിലായിരുന്നു. സമാപനസമ്മേളനം ആരംഭിച്ചശേഷമാണ് കോഴിക്കോടിന്‍െറ വിജയത്തില്‍ ഒൗദ്യോഗിക പ്രഖ്യാപനമുണ്ടായത്.  
അറബിക് കലോത്സവത്തില്‍ 95 പോയന്‍റ് വീതം നേടി കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് ജില്ലകള്‍ ഒന്നാം സ്ഥാനം നേടി. സംസ്കൃതോത്സവത്തിലും 95 പോയന്‍റ് വീതം നേടി കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്, മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകള്‍ ഒന്നാമതത്തെി. ഹൈസ്കൂള്‍ വിഭാഗത്തില്‍ ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്കൂളും (123) ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍  ഇടുക്കി കുമാരമംഗലം എം.കെ.എന്‍.എം എച്ച്.എസ്.എസും (120) കൂടുതല്‍ പോയന്‍റുകള്‍ നേടി. ഹൈസ്കൂള്‍ വിഭാഗത്തില്‍ കണ്ണൂരും (417) ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കോഴിക്കോട്, എറണാകുളം (503) ജില്ലകളും ഒന്നാമതായി.
വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് സമ്മാനദാനം നിര്‍വഹിച്ചു. സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരം നിവിന്‍ പോളി മുഖ്യാതിഥിയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.