ബാബുവിനെതിരായ ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേയില്ല

കൊച്ചി: കെ. ബാബുവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷിക്കണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ് സ്റ്റേചെയ്യാന്‍ ഹൈകോടതി വിസമ്മതിച്ചു.  ഹൈകോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍ തന്നെ വിജിലന്‍സ് കോടതി കേസ് പരിഗണിച്ച് ഇത്തരമൊരു ഉത്തരവിട്ടത് പരിധി വിട്ട നടപടിയാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നല്‍കിയ ഉപഹരജിയാണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് തള്ളിയത്.

ഹൈകോടതിയുടെ പരിഗണനയിലുള്ള കേസില്‍ ഇടക്കാലവിധി തിങ്കളാഴ്ച വരാനിരിക്കെ ഇതിനുവേണ്ടി വിജിലന്‍സ് കോടതിക്ക് കാത്തിരിക്കാമായിരുന്നെന്ന വാദം ശരിയായിരുന്നേക്കാമെങ്കിലും കോടതി വിധിപറഞ്ഞ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഇടപെടേണ്ട അനിവാര്യതയുണ്ടെന്ന് തോന്നുന്നില്ളെന്ന് വ്യക്തമാക്കിയാണ് ഡിവിഷന്‍ ബെഞ്ച് സര്‍ക്കാറിന്‍െറ ഹരജി തള്ളിയത്.

ബാര്‍ കോഴക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ഹരജിയില്‍ രാവിലെ ഡിവിഷന്‍ ബെഞ്ച് ഇടക്കാലവിധി പുറപ്പെടുവിച്ചയുടനെയാണ് വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യംചെയ്യുന്ന ആവശ്യം അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി നേരിട്ട് കോടതിയുടെ ശ്രദ്ധയില്‍പെടുത്തിയത്. സി.ബി.ഐ അന്വേഷണഹരജിയുടെ ഭാഗമായിത്തന്നെ ഈ ആവശ്യമുന്നയിക്കുന്ന സത്യവാങ്മൂലം ജഡ്ജിമാര്‍ക്ക് നേരിട്ട് നല്‍കാനും എ.ജി ശ്രമിച്ചു. ഹൈകോടതി ഇത് സ്വീകരിച്ചില്ല. പകരം സാധാരണ നടപടിക്രമത്തിലൂടെ അപേക്ഷ സമര്‍പ്പിക്കാന്‍ എ.ജിയോട് നിര്‍ദേശിച്ചു. ശരിയായരീതിയില്‍ ഹരജി നല്‍കിയശേഷം കേസ് ഉച്ചകഴിഞ്ഞ് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. വിജിലന്‍സ് കോടതിവിധിയില്‍ പ്രഥമദൃഷ്ട്യാ അപാകത കാണുന്നില്ളെന്ന് നിരീക്ഷിച്ചും വിജിലന്‍സ് കോടതി നിരീക്ഷണങ്ങള്‍ അന്വേഷണത്തെ സ്വാധീനിക്കില്ളെന്ന് വ്യക്തമാക്കിയുമായിരുന്നു കേസ് ഉച്ചകഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റിയത്.

തിരുവനന്തപുരം, തൃശൂര്‍ വിജിലന്‍സ് കോടതികളിലും ലോകായുക്തയിലും ഹൈകോടതിയിലുമായി സമാന കേസുകള്‍ നിലനില്‍ക്കുന്നത് കേസിന്‍െറ നടത്തിപ്പിന് ബുദ്ധിമുട്ടുണ്ടാക്കുന്നാതായി ജനുവരി 20ന് സി.ബി.ഐ അന്വേഷണ ഹരജി പരിഗണിക്കവേ സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെയും അല്ലാതെയും ഹൈകോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. എല്ലാ കേസുകളും കൂടി ഏകോപിപ്പിച്ച് കേള്‍ക്കുന്നതിനെക്കുറിച്ചും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് 25ന് ഇടക്കാല വിധിപറയാന്‍ മാറ്റിയത്. ഇക്കാര്യം വിജിലന്‍സ് കോടതിയെ ബോധ്യപ്പെടുത്തുകയും പത്തുദിവസം കൂടി അന്വേഷണത്തിനും റിപ്പോര്‍ട്ട് നല്‍കാനുമായി ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ഇതൊന്നും പരിഗണിക്കാതെ വിജിലന്‍സിനെ കുറ്റപ്പെടുത്തി മന്ത്രി ബാബുവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് ഉത്തരവിട്ടത്. ഈ നടപടി തെറ്റായതും അനാവശ്യവുമായിരുന്നെന്ന് എ.ജി ചൂണ്ടിക്കാട്ടി.

എ.ജിയുടെ വാദം അംഗീകരിക്കാനാകില്ളെന്ന് സുനില്‍ കുമാറിന്‍െറ അഭിഭാഷകന്‍ അഡ്വ. രഞ്ജിത് തമ്പാന്‍ വ്യക്തമാക്കി =വിജിലന്‍സ് ഉത്തരവിനെതിരെ ബാബു തന്നെ ഹരജി നല്‍കിയതായും ആ ഹരജി ഡിവിഷന്‍ ബെഞ്ച് വിളിച്ചുവരുത്തി പരിഗണിക്കണമെന്നും ബാബുവിന്‍െറ അഭിഭാഷകന്‍ എസ്. ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ ആവശ്യം കോടതി  നിരസിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.