കോട്ടക്കൽ: ഒത്തൊരുമയുടെ സന്ദേശം പകർന്ന് മാധ്യമം ‘ഹാർമോണിയസ് കേരള’ ചരിത്രംകുറിച്ചു. സ്നേഹവും സഹവർത്തിത്വവും വിളംബരംചെയ്യുന്ന ഐക്യത്തിന്റെ കൂട്ടായ്മയിൽ ആയിരങ്ങൾ കണ്ണികളായി. യുവഗായകർ ഒരുക്കിയ സംഗീതസാഗരത്തിൽ ആസ്വാദക ഹൃദയങ്ങൾ നിറഞ്ഞാടി. പാട്ടും പറച്ചിലും ചിരിയുമായി നാട് ഒന്നടങ്കം സാഹോദര്യത്തിന്റെ ആനന്ദലഹരിയിൽ ലയിച്ചു. ആയുർവേദനഗരത്തിൽ അരങ്ങേറിയ ‘ഹാർമോണിയസ് കേരള’യുടെ ആദ്യ കേരള എഡിഷൻ സമഭാവനയുടെ ഉദ്ഘോഷമായി.
സ്നേഹസൗഹൃദങ്ങളുടെ വിളനിലമായ മലപ്പുറം ജില്ലക്ക് മാധ്യമത്തിന്റെ ആദരമായി ക്രിസ്മസ് രാവിലെ ഈ മെഗാവിരുന്ന്. മലപ്പുറത്തിന്റെ ചരിത്രവും വർത്തമാനവും പറയുന്ന, പ്രമുഖർ പങ്കെടുത്ത ഒരുമയുടെ സംഗമവും അരങ്ങേറി. ‘ഒരു ദേശത്തിന്റെ കഥ’ എന്ന പേരിൽ നടത്തിയ സംഗമത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കോട്ടക്കൽ ആര്യവൈദ്യശാല ട്രസ്റ്റി ഡോ. പി.എം. വാര്യർ, മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, എഴുത്തുകാരൻ കെ.പി. രാമനുണ്ണി, ഫാ. ജോസഫ് കളത്തിൽ എന്നിവർ അനുഭവങ്ങൾ പങ്കിട്ടു. സ്നേഹത്തിന്റെ ചരടുകളിൽ കൂട്ടിയിണക്കിയതാണ് മലപ്പുറത്തിന്റെ മനസ്സെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. പ്രമുഖ മാധ്യമപ്രവർത്തകൻ നിഷാദ് റാവുത്തർ ടോക്ക് ഷോ നിയന്ത്രിച്ചു. തുടർന്ന് നടന്ന സംഗീതനിശയിൽ മലയാളത്തിന്റെ പ്രശസ്ത കലാകാരന്മാർ അണിനിരന്നു. ഹാർമോണിയസ് കേരള മെഗാഷോ അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹിം, ചീഫ് ഫിനാൻസ് മാനേജർ സിറാജ് അലി, മലപ്പുറം ഡെപ്യൂട്ടി കലക്ടർ അൻവർ സാദത്ത് എന്നിവർ സംസാരിച്ചു. ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ ഹംസ അബ്ബാസ്, മാധ്യമം ജോയന്റ് എഡിറ്റർ പി.ഐ. നൗഷാദ്, ഓപറേഷൻസ് എഡിറ്റർ പി.എ. അബ്ദുൽ ഗഫൂർ എന്നിവർ സന്നിഹിതരായിരുന്നു. മാമാങ്ക സ്മൃതികളോടെയാണ് ആഘോഷരാവിന് തുടക്കം കുറിച്ചത്.
ടെലിവിഷൻ അവതാരകനും നടനുമായ മിഥുൻ രമേശ്, യുവഗായകരായ സൂരജ് സന്തോഷ്, നജീം അർഷാദ്, അക്ബർ ഖാൻ, ജാസിം ജമാൽ, ക്രിസ്റ്റകല, നന്ദ തുടങ്ങിയവരും മെഗാഷോ വേദിയിലെത്തി. പുതുകാല ഹാസ്യ ശബ്ദഭാവങ്ങളിലൂടെ പൊട്ടിച്ചിരിപ്പിച്ച് സിദ്ദീഖ് റോഷനും ആഘോഷരാവിൽ പങ്കുചേർന്നു. മെലഡികൾക്കും തകർപ്പൻ ഗാനങ്ങൾക്കുമൊപ്പം മാപ്പിളപ്പാട്ടിന്റെ ഇശലുകളും സോക്കർ സംഗീതവും കൂട്ടിയിണക്കിയ സംഗീതരാവ് കലാപ്രേമികൾക്ക് മധുരവിരുന്നായി.
പ്രളയത്തിൽ വിറങ്ങലിച്ചുനിന്ന കേരളത്തിന് അതിജീവനത്തിന്റെ നെടുന്തൂണായി മാറിയ പ്രവാസി മലയാളികളെ ചേർത്തുപിടിച്ച് ഗൾഫ് രാജ്യങ്ങളിൽ തുടക്കമിട്ട മാധ്യമം ‘ഹാർമോണിയസ് കേരള’യുടെ ആദ്യ കേരള സീസണിനാണ് ആയുർവേദ നഗരത്തിൽ തുടക്കംകുറിച്ചത്. മലപ്പുറം ജില്ലയുടെ സമ്പന്ന പാരമ്പര്യം വിളിച്ചോതുന്നതായിരുന്നു ‘ഹാർമോണിയസ് കേരള’യുടെ ആദ്യ കേരള എഡിഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.