കൊച്ചി: ബാർ കോഴ ആരോപണത്തിൽ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന വിജിലന്‍സ് കോടതി ഉത്തരവിനെതിരെ കെ. ബാബു സമര്‍പ്പിച്ച ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. തന്നെ പ്രതി ചേര്‍ത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നും ഇടക്കാല സ്റ്റേ അനുവദിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യങ്ങള്‍.
ഹൈകോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍ തന്നെ കേസ് പരിഗണിച്ച് ഉത്തരവിട്ട വിജിലന്‍സ് കോടതി നടപടി പരിധി വിട്ടതാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നല്‍കിയ ഉപഹരജി കഴിഞ്ഞ ദിവസം ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് കെ. ബാബു നേരിട്ട് ഹൈകോടതിയെ സമീപ്പിക്കുന്നത്.
ഹൈകോടതിയുടെ പരിഗണനയിലുള്ള കേസില്‍ ഇടക്കാലവിധി വരാനിരിക്കെ ഇതിനുവേണ്ടി വിജിലന്‍സ് കോടതിക്ക് കാത്തിരിക്കാമായിരുന്നെന്ന വാദം ശരിയായിരുന്നേക്കാമെങ്കിലും കോടതി വിധി പറഞ്ഞ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഇടപെടേണ്ട അനിവാര്യതയില്ലെന്ന് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കിയത്.
നേരിട്ട് കോടതിയെ സമീപിച്ചിട്ടും സ്‌റ്റേ കിട്ടിയില്ലെങ്കില്‍ അത് സംസ്ഥാന സര്‍ക്കാരിനും ബാബുവിനും കനത്ത തിരിച്ചടിയാകും. മറിച്ച് സ്റ്റേ ലഭിച്ചാല്‍ വിജിലന്‍സ് കോടതിയുടേത് അസാധാരണ വിധിയാണെന്ന വാദം ബാബുവിന് ജനങ്ങൾക്ക് മുമ്പിൽ ഉന്നയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.