കൊച്ചി: ബാര്‍ കോഴക്കേസില്‍ മന്ത്രി ബാബുവിനെതിരെ എഫ്. ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ് നടപ്പാക്കുന്നത് ഹൈകോടതി തടഞ്ഞു. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജി ഹൈകോടതിയുടെ പരിഗണനയിലിരിക്കെ അതിലെ വിധിക്ക് കാക്കാതെയും ദ്രുതാന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കാതെയുമുള്ള വിജിലന്‍സ് കോടതി ഉത്തരവ് അനാവശ്യ തിടുക്കത്തോടെയുള്ളതാണെന്ന് വ്യക്തമാക്കിയാണ് രണ്ടുമാസത്തേക്ക് ഉത്തരവ് സസ്പെന്‍ഡ് ചെയ്ത് ജസ്റ്റിസ് പി. ഉബൈദ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍, ദ്രുതപരിശോധന 10 ദിവസത്തിനകം പൂര്‍ത്തിയാക്കി വിജിലന്‍സ് ഡയറക്ടര്‍ കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കി.
ബാര്‍ കോഴക്കേസ് ഹൈകോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍തന്നെ വിജിലന്‍സ് കോടതി കേസ് പരിഗണിച്ച് ഇത്തരമൊരു ഉത്തരവിട്ടത് ശരിയായ നടപടിയല്ളെന്ന് ചൂണ്ടിക്കാട്ടി കെ. ബാബു നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. അഴിമതി ആരോപണം ഉന്നയിച്ച ബിജു രമേശിനെതിരെയും ദ്രുതാന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നതായി ഹൈകോടതി ചൂണ്ടിക്കാട്ടി.
സമാന കേസ് പരിഗണിക്കുന്ന കീഴ്കോടതിക്ക് ഹൈകോടതി ഉത്തരവിനുവേണ്ടി കാത്തിരിക്കലായിരുന്നു ജുഡീഷ്യല്‍ മര്യാദയെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ടവരെ മുഴുവന്‍ കക്ഷിചേര്‍ത്ത ശേഷം ഈ കേസിലെ അടുത്ത നടപടി തീരുമാനിക്കുമെന്നും തുടര്‍ന്ന് കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.