സ്വകാര്യ മേഖലയിലും ആറുമാസം പ്രസവാവധി ഉടന്‍

ന്യൂഡല്‍ഹി: സ്വകാര്യ മേഖലയിലടക്കം എല്ലാ സ്ഥാപനങ്ങളും 26 ആഴ്ച (ആറുമാസം) പ്രസവാവധി നല്‍കണമെന്ന് നിര്‍ദേശിക്കുന്ന ബില്‍ പാര്‍ലമെന്‍റിന്‍െറ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിലവില്‍ ആറുമാസം അല്ളെങ്കില്‍ 26 ആഴ്ച പ്രസവാവധി ലഭിക്കുന്നുണ്ടെങ്കിലും ഭൂരിപക്ഷം സ്വകാര്യ സ്ഥാപനങ്ങളും പരമാവധി മൂന്നുമാസമാണ്  അവധി നല്‍കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

താരതമ്യേന ചെറിയ സ്ഥാപനങ്ങളില്‍ അതുപോലും നല്‍കുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രസവാനുകൂല്യ  ബില്‍ (മറ്റേണിറ്റി ബെനഫിറ്റ്) കൊണ്ടുവരുന്നത്. ബില്‍ മന്ത്രിസഭ ഉടന്‍ പരിഗണിക്കുമെന്നും തുടര്‍ന്ന് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാനാണ് ഉദ്ദേശ്യമെന്നും മന്ത്രി പറഞ്ഞു. ചില സ്വകാര്യ സ്ഥാപനങ്ങള്‍ അമ്മമാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കുന്നുണ്ട്. ബില്‍ പാസായാല്‍ ആറുമാസം അവധി നിര്‍ബന്ധമായും ലഭിക്കും. ഷോപ്പുകള്‍, മാളുകള്‍, സിനിമ തിയറ്ററുകള്‍ എന്നിവക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാനുള്ള നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സ്ത്രീകളുടെ തൊഴില്‍ പ്രാതിനിധ്യം കൂടുമെന്നും രാത്രി ജോലികളിലും സ്ത്രീകള്‍ കൂടുതലായി കടന്നുവരുമെന്നും മന്ത്രി പറഞ്ഞു. ‘കടകളിലെയും  സ്ഥാപനങ്ങളിലെയും തൊഴില്‍ നിയന്ത്രണവും സേവന നിബന്ധനകളും’ സംബന്ധിച്ച ഈ ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് രാത്രി ജോലിക്കുള്ള അനുമതിയും പുതിയ നിയമം ഉറപ്പാക്കുന്നു. അതോടൊപ്പം കുടിവെള്ളം, ശൗചാലയം, ക്രെഷ്, പ്രാഥമിക ചികിത്സ, സുരക്ഷ എന്നിവയും ഏര്‍പ്പെടുത്തണമെന്ന് നിയമത്തില്‍ നിര്‍ദേശിക്കുന്നു. 50 ജീവനക്കാരില്‍ 30 പേര്‍ സ്ത്രീകളുള്ളിടത്ത് കുട്ടികളെ പരിപാലിക്കാനുള്ള ക്രെഷ് ഒരുക്കണമെന്ന് നിയമം അനുശാസിക്കുന്നതായി മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനങ്ങള്‍ക്ക് നിയമത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി നടപ്പാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.